2000 ന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്

വ്യാപാര യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീ ഈടാക്കും;

Update:2023-03-29 13:02 IST

യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍ ഇനി മുതല്‍ പൂര്‍ണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) അറിയിച്ചതായി ദി ഹിന്ദു ബിസിനസിലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 1 മുതല്‍

പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങളായ (പിപിഐകള്‍) വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് നടത്തുന്ന വ്യാപാര യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീ ഈടാക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഈ ചാര്‍ജ് ബാധകമാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഒരു ബാങ്ക് അക്കൗണ്ടും ഒരു പിപിഐ വാലറ്റും തമ്മിലുള്ള പിയര്‍-ടു-പിയര്‍ (P2P), പിയര്‍-ടു-പിയര്‍-മര്‍ച്ചന്റ് (P2PM) ഇടപാടുകള്‍ക്ക് കൈമാറ്റ ഫീസ് ബാധകമല്ല.

വ്യാപാരികള്‍ക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉടമയുടെ ബാങ്കിന് വാലറ്റ് ലോഡിംഗ് സേവന ചാര്‍ജായി 15 ബിപിഎസ് (അടിസ്ഥാന പോയിന്റുകള്‍) നല്‍കേണ്ടിവരും. എന്നാല്‍ 2000 രൂപയ്ക്ക് താഴെയുള്ള മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ സൗജന്യമായിരിക്കും. സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മറ്റേതെങ്കിലും വ്യക്തിക്കോ വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിനോ പേയ്റ്റീഎം, ഫോണ്‍പേ, ഗൂഗിള്‍പേ പോലെ യുപിഐ വഴി നടത്തുന്ന പേയ്മെന്റുകളെ ഈ ഇന്റര്‍ചേഞ്ച് ഫീ ബാധിക്കില്ല.

മറ്റ് സേവനങ്ങള്‍ക്ക്

ഇന്ധനം വാങ്ങുന്നതിനായി നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് 0.5 ശതമാനവും ടെലികോം, യൂട്ടിലിറ്റി, പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് 0.7 ശതമാനവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ 0.9 ശതമാനവും മ്യൂച്വല്‍ ഫണ്ടുകള്‍, ഗവണ്‍മെന്റ്, ഇന്‍ഷുറന്‍സ്, റെയില്‍വേ എന്നിവ 1 ശതമാനവും മെര്‍ച്ചന്റ് ഫീസ് ഈടാക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട് പറയുന്നത്. എന്‍പിസിഐ സര്‍ക്കുലര്‍ പ്രകാരം 2023 സെപ്റ്റംബര്‍ 30 ന് അകം ഈ ഇന്റര്‍ചേഞ്ച് ഫീ അവലോകനം ചെയ്യും.

Tags:    

Similar News