പെട്രോളും ഡീസലും കത്തിക്കയറുന്നു; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് പത്തു രൂപയോളം
മാര്‍ച്ച് 21 മുതലാണ് തുടര്‍ച്ചയായി വിലക്കയറ്റം ഉണ്ടാകുന്നത്. കേരളത്തില്‍ 115 കടന്ന് പെട്രോള്‍.
ഇന്ധന വിലക്കയറ്റം വീണ്ടും. പെട്രോളും ഡീസലും കത്തിക്കയറുകയാണ്. ഇന്ന് അര്‍ധരാത്രി പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 21 മുതലാണ് തുടര്‍ച്ചയായ വില വര്‍ധനവ് ഉണ്ടായത്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ രണ്ടാഴ്ച കൊണ്ട് (15 ദിവസത്തോളം) 10 രൂപയാണ് ഇന്ധനവിലക്കയറ്റം ഉണ്ടായത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്.
പത്ത് രൂപയോളം വര്‍ധന
ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി. തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോള്‍ ലിറ്ററിന്റെ വില കുതിക്കുകയാണ്.
ഡീസല്‍ വില 102 ആയി. ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ പെട്രോളിന് 114 രൂപയ്ക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും കോഴിക്കോടും സമാനമാണ് അവസ്ഥ.
അതേസമയം സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന കടുംപിടുത്തത്തിലാണ്. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടതെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്.
വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തില്‍ അധികവരുമാനം വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.