ഇന്നും വിലവര്‍ധന: സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്
ഈ മാസം ഒന്‍പതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.70 രൂപയാണ് ഇന്നത്തെ വില. ഡീസല്‍വില 93.93 രൂപയായും ഉയര്‍ന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് ഒന്‍പതാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയാണ് ഇന്നത്തെ പുതുക്കിയ നിരക്ക്. കൊച്ചിയില്‍ യഥാക്രമം 97.13, 92.47 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില.
അതേസമയം രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചതോടെ പലയിടങ്ങളിലും പെട്രോള്‍ വില നൂറ് കടന്നും കുതിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നഗരങ്ങളില്‍ 100 ന് മുകളിലാണ് പെട്രോള്‍ വില.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വര്‍ധിച്ചതോടെ ഇവയുടെ വില യഥാക്രമം 96.66, 87.41 രൂപയായി ഉയര്‍ന്നു. മെയ് 29 ന് ആദ്യമായി 100 രൂപ കടന്ന മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 102.82 രൂപയിലെത്തി. ഡീസല്‍ വില ലിറ്ററിന് 14 പൈസ വര്‍ധിച്ച് 94.84 രൂപയിലെത്തി. മെട്രോ നഗരങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് ഒന്നിന് ശേഷം 25 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിച്ചത്.