മോദിയുടെ സ്വപ്‌നം 'മണ്ടത്തരം'; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍
2047ല്‍ ഇന്ത്യ വികസിത രാജ്യമാകില്ല
ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഇതോടെ 2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള അമിതപ്രചാരണം വിശ്വസിച്ചുകൊണ്ട് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പ്രചാരണം ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഈ വിശ്വാസത്തിന് കീഴടങ്ങുന്നത് ഗുരുതര തെറ്റാണ്.
രാജ്യം ഘടനാപരമായ പല വലിയ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സാമ്പത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു വളര്‍ച്ച യഥാര്‍ഥ്യമാകണമെങ്കില്‍ നമ്മള്‍ ഇനിയും നിരവധി വര്‍ഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിനോട് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സ്വപനത്തെ കുറിച്ച് ചോദിച്ചപ്പോൾ 2047ഓടെ രാജ്യം ഒരു വികസിത സമ്പദ്‌വ്യവസ്ഥയാകില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു.
വിദ്യാഭ്യാസവും തൊഴിലും പ്രധാനം
കുട്ടികളില്‍ പലര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ലാതാകുന്നതും അവരുടെ കൊഴിഞ്ഞുപോക്ക് ഉയര്‍ന്ന നിരക്കില്‍ തുടരുകയാണെങ്കില്‍ വികസിത സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷം സ്‌കൂള്‍ കുട്ടികളുടെ പഠനശേഷി 2012ന് മുന്‍പുള്ള നിലവാരത്തിലേക്ക് ഇടിഞ്ഞതായി കാണിക്കുന്ന കണക്കുകളും ആശങ്കയുണ്ടാക്കുന്നു.
മാത്രമല്ല വളരുന്ന തൊഴില്‍ ശക്തിയുണ്ടായിട്ടും തൊഴിലാളികള്‍ നല്ല ജോലികളില്‍ ഏര്‍പ്പെട്ടില്ലെങ്കിലും രാജ്യം തിരിച്ചടി അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ വെല്ലുവിളി വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുക എന്നതാണെന്ന് രഘുറാം രാജന്‍ പറഞ്ഞു.