വായ്പ ഇടപാടുകാർക്ക് ആശ്വാസം; ഫീസില്‍ 'ഒളിച്ചുകളി' വേണ്ടെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക്
കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (KFS) നല്‍കണമെന്നാണ് നിര്‍ദേശം
വായ്പ എടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് ഒളിഞ്ഞുകിടക്കുന്ന പലവിധ ഫീസുകള്‍. വായ്പ അനുവദിക്കുമ്പോള്‍ പ്രോസസിംഗ് ചാര്‍ജ് ബാങ്കുകള്‍ ഈടാക്കാറുണ്ടെങ്കിലും അത് ഒറ്റത്തവണ മാത്രമാണ്. എന്നാല്‍, ചില ബാങ്കുകള്‍ ഇതിന് പുറമേ പിന്നീട് പലതവണയായി അധിക ഫീസുകള്‍ ഈടാക്കും. ഫലത്തില്‍ വായ്പയ്ക്കും പ്രോസസിംഗ് ഫീസിനുമൊക്കെ പുറമേ വേറെയും ബാധ്യതകള്‍ ചുമക്കേണ്ട സ്ഥിതിയാണ് വായ്പാ ഇടപാടുകാര്‍ക്കുണ്ടാകുന്നത്.
എന്നാല്‍, ഈ പ്രതിസന്ധികള്‍ ഒഴിവാക്കി ഇടപാടുകള്‍ പൂര്‍ണമായും സുതാര്യമാക്കാന്‍ നടപടി എടുത്തിരിക്കുകയാണ് റിസര്‍വ് ബാങ്ക്. കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (KFS) നല്‍കി വായ്പ സംബന്ധിച്ച സമ്പൂര്‍ണ ഫീസ് വിവരങ്ങള്‍ തുടക്കത്തിലേ ഇടപാടുകാരനോട് വെളിപ്പെടുത്തണമെന്നാണ് ഇന്ന് പ്രഖ്യാപിച്ച ധനനയത്തിലൂടെ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. റീട്ടെയ്ല്‍ വായ്പകള്‍ക്ക് പുറമേ എം.എസ്.എം.ഇ വായ്പകള്‍ക്കും ഇത് ബാധകമാണ്. വായ്പ തിരിച്ചടവ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ ഇത് ഇടപാടുകാരെ സഹായിക്കും.
ഫീസുകള്‍ ഇനി സുതാര്യം
ബാങ്കുകള്‍ ചില ഫീസുകള്‍ ഒറ്റത്തവണയായും മറ്റു ചില ചര്‍ജുകള്‍ റെക്കറിംഗ് ആയുമാണ് (ഓരോ വര്‍ഷവും മറ്റും) ഈടാക്കാറുള്ളത്. ഇതേക്കുറിച്ച് പക്ഷേ, ഉപയോക്താവ് ബോധവാനായിരിക്കില്ല. ഇത്തരം ഫീസുകള്‍ ഈടാക്കുമ്പോള്‍ വായ്പയിന്മേലുണ്ടാകുന്ന മൊത്തം ബാധ്യതയെക്കുറിച്ചും ഉപയോക്താവിന് അറിവുണ്ടാകില്ല. ഇതൊഴിവാക്കുക ലക്ഷ്യമിട്ടാണ് കെ.എഫ്.എസ് അവതരിപ്പിക്കാനുള്ള നടപടിയുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്.
കെ.എഫ്.എസ് വഴി ഓരോ വര്‍ഷത്തെയും മൊത്തം പലിശയടക്കമുള്ള മുഴുവന്‍ വായ്പാ ബാധ്യതയും മനസിലാക്കാന്‍ ഉപയോക്താവിന് കഴിയും. ഇത് തര്‍ക്കങ്ങള്‍ ഒഴിവാക്കാനും വായ്പാ ഇടപാട് ക്രമീകരിക്കാനും ഉപയോക്താവിനെ സഹായിക്കുകയും ചെയ്യും. ഉപയോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം.