വിലക്കയറ്റത്തിന് ആശ്വാസമാവുന്നു ?ചില്ലറ പണപ്പെരുപ്പം ഇനി ഉയര്‍ന്നേക്കില്ലെന്ന് ആര്‍ബിഐ

ഭക്ഷ്യവില താഴുന്ന മുറയ്ക്കാവും പണപ്പെരുപ്പം കുറയുക

Update:2022-10-18 10:55 IST

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (Retail Inflation) ഇനി ഉയര്‍ന്നേക്കില്ലെന്ന് ആര്‍ബിഐ (RBI). സെപ്റ്റംബര്‍ മാസം പണപ്പെരുപ്പം 7.4 ശതമാനത്തില്‍ എത്തിയിരുന്നു. ഒക്ടോബര്‍ മുതല്‍ പണപ്പെരുപ്പം കുറഞ്ഞേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറയുന്നത്. രണ്ട് ഘട്ടങ്ങളിലൂടെയാവും പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

പണപ്പെരുപ്പം 6 ശതമാനത്തിന് താഴെയാക്കുകയാണ് ആദ്യ ഘട്ടത്തില്‍ ആര്‍ബിഐ ലക്ഷ്യമിടുന്നത്. വിലക്കയറ്റത്തിന്റെ തോത് കുറയുന്നതോടെ നിക്ഷേപവും അന്താരാഷ്ട്ര വ്യാപാരവും മെച്ചപ്പെടുമെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. ഭക്ഷ്യ-സാധന വിലക്കയറ്റം അയയുന്ന മുറയ്ക്കാവും പണപ്പെരുപ്പം കുറയുക. ഉപഭോകതൃ വില സൂചികയുടെ (CPI) 40 ശതമാനവും സംഭാവന ചെയ്യുന്നത് ഭക്ഷ്യവിലയാണ്. മഴ വ്യാപകമായതോടെ കാര്‍ഷികോത്പാദനം ഉയരുമെന്നാണ് പ്രതീക്ഷ. 

ഒക്ടോബര്‍ മാസം പണപ്പെരുപ്പം ഒരു ശതമാനത്തോളം കുറഞ്ഞേക്കുമെന്നാണ് ക്രെഡിറ്റ് സ്വീസിന്റെ അനുമാനം. കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍ബിഐ റിപോ നിരക്ക് 0.5 ശതമാനം ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം കുറയുകയാണെങ്കില്‍ റീപോ നിരക്ക് വര്‍ധനവിന്റെ തോതിലും കുറവുണ്ടായേക്കും. നിലവില്‍ 5.9 ശതമാനം ആണ് റീപോ നിരക്ക്. ഈ വര്‍ഷം മെയ് മുതല്‍ 1.90 ശതാമാനത്തിന്റെ വര്‍ധനവാണ് റീപോ നിരക്കില്‍ ഉണ്ടായത്.

Tags:    

Similar News