ഡിസ്‌കൗണ്ട് കുറഞ്ഞു; പക്ഷേ എണ്ണ ഇറക്കുമതി പാതിയോളം റഷ്യയില്‍ നിന്ന് തന്നെ

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിലും ഉണര്‍വ്

Update: 2023-07-20 09:58 GMT

Image : Canva

ഡിസ്‌കൗണ്ട് കുത്തനെ കുറഞ്ഞിട്ടും റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ കഴിഞ്ഞമാസവും റെക്കോഡിട്ട് ഇന്ത്യ. പ്രതിദിനം 20 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണയാണ് ജൂണില്‍ ഇന്ത്യ വാങ്ങിയത്. മേയില്‍ 19.5 ലക്ഷം ബാരലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ബാരലിന് 25-30 ഡോളര്‍ വീതം ഡിസ്‌കൗണ്ട് ഇന്ത്യക്ക് റഷ്യ നല്‍കിയിരുന്നത് ഇപ്പോള്‍ വെറും 4 ഡോളറായി ഇടിഞ്ഞിട്ടുണ്ട്. ഫലത്തില്‍, റഷ്യന്‍ എണ്ണ വിലയും രാജ്യാന്തര ക്രൂഡോയില്‍ വിലയും തമ്മിലെ അന്തരം ഇപ്പോള്‍ ഇന്ത്യക്ക് വെറും 4 ഡോളറാണ്. എന്നിട്ടും, റഷ്യന്‍ എണ്ണയോടുള്ള താത്പര്യം ഇന്ത്യ കൈവിട്ടിട്ടില്ലെന്നതിന് തെളിവാണ് ഇറക്കുമതി വര്‍ദ്ധനയെന്നും റിപ്പോര്‍ട്ട് പറയുന്നു.
42 ശതമാനവും റഷ്യയില്‍ നിന്ന്
ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയുടെ 42 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്.
ഇന്ത്യക്ക് എണ്ണ നല്‍കുന്നവരില്‍ ഇറാക്ക്, സൗദി അറേബ്യ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, കഴിഞ്ഞമാസം ഈ രാജ്യങ്ങളില്‍ നിന്നെത്തിയ മൊത്തം ക്രൂഡോയിലിനേക്കാള്‍ അധികമാണ് റഷ്യയില്‍ നിന്നെത്തിയത്.
യു.എ.ഇയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി അമേരിക്ക ജൂണില്‍ നാലാംസ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, മുന്‍പാദങ്ങളില്‍ 34 ശതമാനത്തിലേക്ക് താഴ്ന്ന ഗള്‍ഫ് രാജ്യങ്ങളുടെ ഇറക്കുമതി വിഹിതം ജൂണില്‍ 41 ശതമാനത്തിലേക്ക് മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Tags:    

Similar News