വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രത്യാഘാതങ്ങളും ഉണ്ടാവും; ഗീത ഗോപിനാഥ്

രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടാതെ നിരക്കുകള്‍ ഉയര്‍ത്തുകയാണ് കേന്ദ്ര ബാങ്കുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി

Update:2022-05-26 16:12 IST

വികസിത രാജ്യങ്ങള്‍ 2024ഓടെ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് (Gita Gopinath). അതേ സമയം വികസിത രാജ്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നേടേണ്ട വളര്‍ച്ചയുടെ അഞ്ച് ശതമാനം കുറവ് മാത്രമേ കൈവരിക്കാന്‍ കഴിയു എന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി. കോവിഡ് ഏല്‍പ്പിച്ച ആഘാത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ബാധിച്ചെന്നും അവര്‍ പറഞ്ഞു.

ലോകത്താകമാനം ഭഷ്യസാധനങ്ങളുടെ ഉള്‍പ്പടെ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ ഐഎംഎഫ് ആഗോള വളര്‍ച്ചാ നിരക്കുകള്‍ കുറച്ചിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. പലിശ നിരക്ക് ഉയര്‍ത്തിയും നികുതി ഇളവുകള്‍ നല്‍കിയും പണപ്പെരുപ്പം നിയന്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടത് ആവശ്യമാണെങ്കിലും അത് ആഗോള സമ്പത്ത് വ്യവസ്ഥയെയും വ്യാപാരത്തെയും ബാധിക്കുമെന്ന് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങള്‍ ലോകത്തെ മാന്ദ്യത്തിലേക്ക് നയിച്ചേക്കും എന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. മാന്ദ്യത്തിനുള്ള സാധ്യത നിലവില്‍ ഇല്ലെന്നും എന്നാല്‍ അത്തരം ഒരു സാഹചര്യം തള്ളിക്കളയാന്‍ ആവില്ലെന്നും ആണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പറഞ്ഞത്. രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടാതെ നിരക്കുകള്‍ ഉയര്‍ത്തുകയാണ് കേന്ദ്ര ബാങ്കുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി എന്നും ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.


Tags:    

Similar News