ഇന്ത്യയില്‍ 2.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇയും യുഎസും, എന്താണ് I2U2 സഹകരണം ?

പരസ്പര സഹകരണത്തിലൂടെ വ്യാപാര നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്തുകയാണ് ഐ2യു2 ലക്ഷ്യമിടുന്നത്

Update: 2022-07-15 06:27 GMT

ഐ2യു2  സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ 2.3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താൻ ഒരുങ്ങി യുഎഇയും യുഎസും. ഫൂഡ് പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ യുഎഇ 2 ബില്യണ്‍ ഡോളര്‍ (ഏകദേശം 15,500 കോടി) നിക്ഷേപിക്കും.

ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഫൂഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. യുഎസ്, ഇസ്രായേല്‍ എന്നിവയുടെ സാങ്കേതിക സഹായങ്ങളും ഫൂഡ് പാര്‍ക്കിന് ലഭിക്കും. യുഎസിന്റെ 330 മില്യണ്‍ ഡോളര്‍ (2,500 കോടി) നിക്ഷേപം ഹൈബ്രിഡ് റിനീവബിള്‍ എനര്‍ജി പ്രോജക്ടുകളിലായിരിക്കും. ഇന്നലെ നടന്ന പ്രഥമ ഐ2യു2 ഉച്ചകോടിയിലാണ് (I2U2 Summit) ഇരുരാജ്യങ്ങളും ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങളെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എന്താണ്  I2U2 ?

ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളുടെ കൂട്ടായിമ ആണ് ഐ2യു2. 2021 ഒക്ടോബറില്‍ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ യോഗത്തില്‍ നിന്നാണ് ഈ കൂട്ടായ്മയുടെ തുടക്കം. തുടക്കത്തില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍' എന്നറിയപ്പെട്ട കൂട്ടായ്മ പിന്നീട് ഐ2യു2 എന്ന പേര് സ്വീകരിക്കുകയായിരുന്നു.

പരസ്പര സഹകരണത്തിലൂടെ വ്യാപാര നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്തുകയാണ് ഐ2യു2 ലക്ഷ്യമിടുന്നത്. ആറ് മേഖലകളിലാണ് ഐ2യു2 പ്രധാനമായും ഒരുമിക്കുക. ജലം, ഊര്‍ജ്ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയാണ് ഈ ആറ് മേഖലകള്‍. ആഗോള സമ്പദ് വ്യവസ്ഥയക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ തങ്ങള്‍ക്കാകും എന്നാണ് വിര്‍ച്വലായി നടന്ന ആദ്യ ഐ2യു2 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.



Tags:    

Similar News