പ്രതീക്ഷിച്ചതിലും മേലെ, യുഎസില്‍ പണപ്പെരുപ്പം 8.3 ശതമാനം

ഫെഡറല്‍ റിസര്‍വിന്റെ സെപ്റ്റംബര്‍ 20-21ന് നടക്കുന്ന യോഗത്തില്‍ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും

Update:2022-09-14 10:17 IST

ഓഗസ്റ്റ് മാസം ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള യുഎസിലെ ചില്ലറ പണപ്പെരുപ്പം 8.3 ശതമാനത്തിലെത്തി. മുന്‍മാസം ഇത് 8.5 ശതമാനം ആയിരുന്നു. പണപ്പെരുപ്പത്തില്‍ നേരിയ ഇടിവ് ഉണ്ടായെങ്കിലും സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത് പോലെ 8.1 ശതമാനത്തിലേക്ക് താഴ്ന്നില്ല.

ഇന്ധന വില ഇടിഞ്ഞത് ഗുണം ചെയ്‌തെങ്കിലും ഭക്ഷ്യവില ഉള്‍പ്പെട ഉയര്‍ന്നു നില്‍ക്കുന്നത് തിരിച്ചടിയായി. കഴിഞ്ഞ ജൂണില്‍ ചില്ലറ പണപ്പെരുപ്പം നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.1ല്‍ എത്തിയിരുന്നു. അതിന് ശേഷമാണ് പണപ്പെരുപ്പത്തിന്റെ തോത് കുറയാന്‍ തുടങ്ങിയത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സെപ്റ്റംബര്‍ 20-21ന് നടക്കുന്ന യോഗത്തിന് മുന്നോടിയായി പണപ്പെരുപ്പം സംബന്ധിച്ച അവസാന കണക്കുകളാണ് ഇന്നലെ പുറത്തുവന്നത്.

വിലക്കയറ്റത്തില്‍ പ്രതീക്ഷിച്ച ഇടിവ് പ്രകടമാവാത്തത് കൊണ്ട് വരുന്ന യോഗത്തിലും ഫെഡ്‌റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തും. റോയിറ്റേഴ്‌സ് നടത്തിയ പോളില്‍ 075 ശതമാനം വര്‍ധനവാണ് പലിശ നിരക്കില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. 2.25-2.50 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഇന്നലെ ചില്ലറ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നതിന് പിന്നാലെ യുഎസ്, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് നേരിട്ടിരുന്നു.

Tags:    

Similar News