ചൈനയെ ഒറ്റപ്പെടുത്തും; കരാറുമായി ഇന്ത്യയും അമേരിക്കയും അടക്കം രാജ്യങ്ങള്‍

ആഗോള സെമികണ്ടക്ടര്‍ വ്യവസായത്തില്‍ ഈ കരാര്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കും;

Update:2023-11-16 17:30 IST

Image courtesy: canva

വ്യവസായ, വാണിജ്യ രംഗങ്ങളില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കരാറുമായി ഇന്ത്യയും യു.എസും ഉള്‍പ്പെടെ ഇന്‍ഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്കിലെ (ഐ.പി.ഇ.എഫ്) 12 അംഗങ്ങളും. ഇതിന്റെ ഭാഗമായി പ്രധാന ചരക്കുകളുടെ ഉല്‍പ്പാദനം അംഗരാജ്യങ്ങളിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സപ്ലൈ ചെയിന്‍ റെസിലന്‍സ് കരാറില്‍ (supply chain resilience agreement) ഒപ്പുവച്ചു. .

ഇന്‍ഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്കില്‍ ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാന്‍, ഫിജി, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ 14 അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ 28 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്. ആഗോള വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയാണ് സപ്ലൈ ചെയിന്‍ റെസിലന്‍സ് കരാറിന്റെ ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

വ്യാപാരം, വിതരണ ശൃംഖലകള്‍, മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയെ ചുറ്റിപ്പറ്റിയാണ് ഇന്‍ഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍, തൊഴിലാളി, തൊഴിലുടമ തുടങ്ങിയവരടങ്ങുന്ന നിര്‍ദ്ദിഷ്ട ഉപദേശക ബോര്‍ഡ് വിതരണ ശൃംഖലകളിലെ തൊഴില്‍ അവകാശങ്ങളും സുസ്ഥിര വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നല്‍കും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ കരാര്‍. ആഗോള സെമികണ്ടക്ടര്‍ വ്യവസായത്തില്‍ ഈ കരാര്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കും.

Tags:    

Similar News