ഭക്ഷ്യ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം
ഏഴ് ദശലക്ഷമെന്ന റെക്കോര്‍ഡ് കയറ്റുമതി മറികടന്ന സാഹചര്യത്തിലാണ് തീരുമാനം
ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് പുറത്തിറക്കിയത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. ഉള്ളിവിത്തുകളുടെ കയറ്റുമതി നിരോധനം നിയന്ത്രിതമാക്കി. 2021-22 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് 7 ദശലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റുമതി ചെയ്തത്.
റഷ്യ-യുക്രയ്ന്‍ യുദ്ധം (Russia Ukraine War) ആരംഭിച്ചതോടെ ലോക വിപണിയില്‍ ഗോതമ്പ് ദൗര്‍ലഭ്യം അനുഭവപ്പെട്ടത് കൊണ്ട് ഇന്ത്യന്‍ ഗോതമ്പിന് ഡിമാന്റ് വര്‍ധിച്ചു. ഇത് ആഭ്യന്തര വില വര്ധനവിനും കാരണമായി. ലോകവിപണിയില്‍ എത്തുന്ന ഗോതമ്പിന്റെ 25 % വരെ യുക്രയ്ന്‍ -റഷ്യ എന്നി രാജ്യങ്ങളുടെ സംഭാവനയാണ്.
ബ്രെഡ്, ബിസ്‌കറ്റ്, കേക്ക് തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില കുതിക്കാന്‍ കാരണം ഗോതമ്പ് മാവിന്റെ വിലയില്‍ ഉണ്ടായ വന്‍ വര്‍ധനവാണ്. ബ്രിട്ടാനിയ ബിസ്‌കറ്റ് വില 10 ശതമാനമാണ് വര്‍ധിച്ചത് , ബേക്കറി ഉത്പന്നങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്.
2022 ല്‍ 963000 ടണ്‍ ഗോതമ്പ് (Wheat) ഇതുവരെ കയറ്റുമതി ചെയ്തു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,30,000 ടണ്ണാണ് കയറ്റുമതി ചെയ്തത്. ഈ റാബി മാര്‍ക്കറ്റിംഗ് സീസണില്‍ മെയ് വരെ സര്‍ക്കാര്‍ 16.2 ദശലക്ഷം ടണ്ണാണ് സംഭരിച്ചത് -കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28.8 ദശലക്ഷം ടണ്ണും. സ്വകാര്യ വ്യാപാരികള്‍ കുറഞ്ഞ താങ്ങു വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഗോതമ്പ് വാങ്ങുന്നതാണ് സര്‍ക്കാര്‍ സംഭരണം കുറയാന്‍ കാരണം.
കേന്ദ്ര സര്‍ക്കാര്‍ 2022- 23 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. റാബി സീസണില്‍ ഉല്‍പാദനവും സംഭരണവും കുറയുന്നതിനാല്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. 2021-22 ല്‍ മൊത്തം ഗോതമ്പ് ഉല്‍പ്പാദനം റിക്കോര്‍ഡ് 111.32 ദശലക്ഷം ടണ്ണാകുമെന്ന് കരുതുന്നു