രാജ്യത്തെ പലിശ നിരക്ക് എങ്ങോട്ട്, ഇനിയെത്ര വര്‍ധിക്കും?
റിസര്‍വ് ബാങ്കും മറ്റ് കേന്ദ്രബാങ്കുകളുടെ വഴിയേ
ജൂണ്‍ എട്ടിന് അവസാനിക്കുന്ന പണനയയോഗത്തില്‍ വെച്ച് രാജ്യത്തെ പലിശ നിരക്ക് ഉയര്‍ത്തുന്ന തീരുമാനം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കുമെന്ന നിഗമനങ്ങളെ കാറ്റില്‍ പറത്തി അസാധാരണ യോഗത്തിലെ തീരുമാനത്തിലൂടെ പ്രതീക്ഷിച്ചതിലും നേരത്തെ റിപ്പോ നിരക്ക് വര്‍ധന നടപ്പിലായി. ഇനി രാജ്യം ഉറ്റുനോക്കുന്നത് ജൂണിലും ആഗസ്തിലും നടക്കുന്ന റിസര്‍വ് ബാങ്ക് പണനയ യോഗത്തിലേക്കാണ്.
ജൂണ്‍ എട്ടിന് അവസാനിക്കുന്ന പണനയ സമിതി യോഗം റിപ്പോ റേറ്റ് ഇനിയും കൂട്ടുമെന്ന നിഗമനമാണ് വിദഗ്ധര്‍ നടത്തുന്നത്. അത് 75 ബേസിസ് പോയ്ന്റ് ആയിരിക്കുമോയെന്നതില്‍ മാത്രമാണ് സംശയം. ജൂണിലും ആഗസ്തിലും നടക്കുന്ന പണനയ സമിതി യോഗങ്ങളിലൂടെ റിസര്‍വ് ബാങ്ക് രാജ്യത്തെ റിപ്പോ റേറ്റ് കോവിഡ് കാലത്തിന് മുമ്പുള്ള 5.15 ശതമാനത്തിലേക്ക് തിരിച്ചെത്തിച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നിരക്ക് വെട്ടിക്കുറച്ച് 5.15 ശതമാനത്തില്‍ നിന്ന് നാല് ശതമാനത്തിലെത്തിച്ചത്. കാഷ് റിസര്‍വ് റേഷ്യോ കൂടി കുറച്ചതോടെ വിപണിയിലെ ധനലഭ്യത ഇപ്പോള്‍ തന്നെ റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനാണ് 2019 ഫെബ്രുവരി - ഒക്ടോബര്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് 6.25 ശതമാനത്തില്‍ നിന്ന് കുറച്ച് 5.15 ശതമാനമാക്കിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ വാക്കുകള്‍ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ ജൂണിലെ പണനയ യോഗത്തിന് ശേഷം നിരക്കുകള്‍ 2020 മാര്‍ച്ച് 27ലേതിന് തുല്യമായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വ്യക്തമാക്കുന്നത്.
യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നത് ഏകദേശം 12 മണിക്കൂര്‍ മുമ്പാണ് അസാധാരണ യോഗത്തിലൂടെ റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് 40 ബേസിസ് പോയ്ന്റ് ഉയര്‍ത്തിയത്. അമേരിക്കയിലേതുപോലെ തന്നെ പിടിവിട്ട് മുന്നേറുന്ന നാണ്യപ്പെരുപ്പത്തെ പിടിച്ചുകെട്ടാനായിരുന്നു ഇത്. ഫെഡ് റേറ്റ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.
അനുമാനങ്ങളെ കാറ്റില്‍ പറത്തിയാണ് രാജ്യത്തെ നാണ്യപ്പെരുപ്പം കുതിക്കുന്നത്. മാര്‍ച്ചിലെ നാണ്യപ്പെരുപ്പം 17 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്നതാണ്. വരും മാസങ്ങളില്‍ ആ പ്രവണത തുടര്‍ന്നേക്കാം. അതുകൊണ്ട് നാണ്യപ്പെരുപ്പം കുറയ്ക്കാനും വരും മാസങ്ങളിലെ വര്‍ധന ചെറുക്കാനും വേണ്ടിയാണ് അടിയന്തിരമായി നിരക്ക് വര്‍ധന റിസര്‍വ് ബാങ്ക് നടപ്പാക്കിയിരിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ വരുത്തുന്ന കാലതാമസം ഉണ്ടാക്കുന്ന പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന തിരിച്ചറിവാകാം റിസര്‍വ് ബാങ്ക് പണനയ സമിതിയെ അടിയന്തിര യോഗത്തിലേക്കും അപ്രതീക്ഷിത നിരക്ക് വര്‍ധന എന്ന തീരുമാനത്തിലേക്കും നയിച്ചത്. നാണ്യപ്പെരുപ്പം കുറയ്ക്കുന്നതിനൊപ്പം വളര്‍ച്ച ഉറപ്പാക്കുക എന്നത് റിസര്‍വ് ബാങ്കിന് മുന്നിലെ കടുത്ത വെല്ലുവിളിയാണ്. പലിശ നിരക്ക് ഉയര്‍ന്നാല്‍ അത് മാന്ദ്യത്തിന് വഴിവെയ്ക്കും. പക്ഷേ പലിശ നിരക്ക് ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അപ്രതീക്ഷിത നീക്കത്തിലൂടെ അടിവരയിട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. വരും മാസങ്ങള്‍ വായ്പ എടുക്കുന്നവര്‍ക്കും എടുത്തവര്‍ക്കും അധികഭാരം സമ്മാനിക്കുക തന്നെ ചെയ്‌തേക്കും.