വിലക്കയറ്റത്തിന് ആശ്വാസമാവും, പണപ്പെരുപ്പം 5.1 ശതമാനത്തിലേക്ക് താഴുമെന്ന് ലോകബാങ്ക്
ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും പുതുക്കി ലോകബാങ്ക്. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളുടെ ആഘാതം ഇന്ത്യയില്‍ കുറവായിരിക്കും എന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വീണ്ടും പുതുക്കി ലോകബാങ്ക്. 6.5ല്‍ നിന്ന് 6.9 ശതമാനം ആയാണ് ഇത്തവണ ജിഡിപി വളര്‍ച്ചാ നിരക്ക് പുതുക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 7.5ല്‍ നിന്ന് 6.5 ആയി ലോകബാങ്ക് കുറച്ചിരുന്നു.
മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള സാമ്പത്തിക പ്രശ്‌നങ്ങളുടെ ആഘാതം ഇന്ത്യയില്‍ കുറവായിരിക്കും എന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. 2022-23ല്‍ രാജ്യം 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. മൂഡീസ്, ക്രിസില്‍, എസ്ബിഐ ഇക്കോവ്രാപ്പ്, എസ്&പി തുടങ്ങിയവയുടെ അനുമാനവും ഇന്ത്യ 7 ശതമാനം വളര്‍ കൈവരിക്കുമെന്നാണ്.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 6.3 ശതമാനം ആയിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. 2021-22ല്‍ ഇന്ത്യന്‍ ജിഡിപി വളര്‍ന്നത് 8.7 ശതമാനം ആണ്. ഈ സാമ്പത്തിക വര്‍ഷം 7.1 ശതമാനം ആയിരിക്കും രാജ്യത്തെ പണപ്പെരുപ്പം. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ചില്ലറ പണപ്പെരുപ്പം 5.1 ശതമാനം ആയി കുറയുമെന്നും ലോകബാങ്ക് പറയുന്നു. 2023-24 കാലയളവിലെ വളര്‍ച്ചാ നിരക്ക് ഏഴില്‍ നിന്ന് 6.6 ശതമാനമായും ലോകബാങ്ക് ചുരുക്കിയിട്ടുണ്ട്.