രാജ്യത്ത് മൊത്തവില സൂചികയിലും ഇടിവ്

അവശ്യവസ്തുക്കളുടെ മൊത്തവില പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും നെഗറ്റീവില്‍

Update:2023-06-14 17:09 IST

രാജ്യത്ത് അവശ്യവസ്തുക്കളുടെ മൊത്തവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (ഹോള്‍സെയില്‍ ഇന്‍ഫ്ളേഷന്‍) തുടര്‍ച്ചയായ രണ്ടാംമാസവും കുറഞ്ഞു. ഏപ്രിലില്‍ നെഗറ്റീവ് 0.92 ശതമാനമായിരുന്നത് മേയില്‍ നെഗറ്റീവ് 3.48 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞവര്‍ഷം മേയില്‍ ഇത് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16.63 ശതമാനമായിരുന്നു.

അവശ്യവസ്തുക്കളുടെ മൊത്തവില കുറയുന്നു

മിനറല്‍ ഓയില്‍, ബേസിക് മെറ്റല്‍, ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ക്രൂഡോയില്‍, പ്രകൃതിവാതകം, കെമിക്കല്‍, കെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയിടിവാണ് മേയിലും മൊത്തവില പണപ്പെരുപ്പം കുറയാന്‍ വഴിയൊരുക്കിയത്. രാജ്യത്ത് അവശ്യവസ്തുക്കളുടെ മൊത്തവില കുറയുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് വരുംമാസങ്ങളില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം കുറയാനും സഹായിച്ചേക്കും.

ഭക്ഷ്യം, ഇന്ധനം, ഊര്‍ജം

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഏപ്രിലിലെ 3.54 ശതമാനത്തില്‍ നിന്ന് മേയില്‍ 1.51 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊര്‍ജ പണപ്പെരുപ്പം ഏപ്രിലിലെ 0.93 ശതമാനത്തില്‍ നിന്ന് മേയില്‍ (-) 9.17 ശതമാനമായി കുറഞ്ഞു. മൊത്തവിലപ്പെരുപ്പം 3.37% ആയിരുന്ന 2020 മേയ് മാസത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്  3.48% എന്ന ഇത്തവണത്തെ നിരക്ക്. രാജ്യത്തിന്റെ റീറ്റെയ്ല്‍ (സി.പി.ഐ) പണപ്പെരുപ്പവും മെയ് മാസത്തില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനത്തിലെത്തിയിരുന്നു.


Tags:    

Similar News