50 വര്‍ഷ പലിശരഹിത വായ്പ: വീഴ്ച വരുത്തി കേരളവും; കേന്ദ്രത്തിന് ലാഭം ₹30,000 കോടി
നടപ്പുവര്‍ഷം തുക അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നില്ല
കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ മൂലധനച്ചെലവില്‍ വീഴ്ച വരുത്തിയതിനാല്‍ നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാരിനുണ്ടാകുന്ന ലാഭം 30,000 കോടി രൂപ. സംസ്ഥാനങ്ങള്‍ക്ക് മൂലധനച്ചെലവിന് സഹായം നല്‍കുന്ന സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ കാപ്പിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സ്‌കീം വഴിയാണ് കേന്ദ്രം നേട്ടം കീശയിലാക്കുന്നത്.
സ്‌കീം പ്രകാരം 50 വര്‍ഷത്തെ പലിശരഹിത വായ്പയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുക. ഇതിന് നിബന്ധനകളുമുണ്ട്. കഴിഞ്ഞവര്‍ഷം അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിച്ച സംസ്ഥാനങ്ങള്‍ക്കാണ് ഈ വര്‍ഷം തുക അനുവദിച്ചത്.
കേരളത്തിന്റെ വീഴ്ച
നടപ്പുവര്‍ഷം സ്‌കീമിലേക്കായി മൊത്തം 1.3 ലക്ഷം കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തിലെ ഒരുലക്ഷം കോടി രൂപയില്‍ 60,164 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ കഴിഞ്ഞവര്‍ഷം വീഴ്ച വരുത്തിയതിനാല്‍ അവയ്ക്ക് ഈ വര്‍ഷം കേന്ദ്രം പണം അനുവദിച്ചില്ല. ഈയിനത്തിലാണ് 30,000 കോടി രൂപ കേന്ദ്രം ലാഭിക്കുന്നത്.
കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ തുടങ്ങിയവയും നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ആദ്യഘട്ടത്തിലനുവദിച്ച തുക പൂര്‍ണമായും വിനിയോഗിച്ചിട്ടുമില്ല. മൂലധന നിക്ഷേപ ലക്ഷ്യത്തിന്റെ 69.4 ശതമാനം മാത്രം കൈവരിക്കാനേ കഴിഞ്ഞവര്‍ഷം കേരളത്തിന് സാധിച്ചിരുന്നുള്ളൂ.
കേരളത്തിന് 1,903 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്‌കീമിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചത്. ആന്ധ്രയ്ക്ക് 6,106 കോടി രൂപയും പഞ്ചാബിന് 798 കോടി രൂപയും മണിപ്പൂരിന് 467 കോടി രൂപയും നല്‍കിയിരുന്നു.
വായ്പാ സഹായത്തിന്റെ ലക്ഷ്യം
അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കാനാണ് സ്‌കീം പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കുടിവെള്ള വിതരണം, ഊര്‍ജം, റോഡ്, പാലം, റെയില്‍വേ തുടങ്ങിയ മേഖലകള്‍ക്കായി തുക വിനിയോഗിക്കാം.
സര്‍ക്കാരിന്റെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങുക, നഗരാസൂത്രണം, പൊലീസ് സ്റ്റേഷന് അനുബന്ധമായി പൊലീസുകാര്‍ക്ക് താമസ സൗകര്യമൊരുക്കല്‍ എന്നിവയ്ക്കും തുക പ്രയോജനപ്പെടുത്താം.
ടൂറിസം കേന്ദ്രങ്ങളിലോ വാണിജ്യ തലസ്ഥാനങ്ങളിലോ യൂണിറ്റി മാളുകളുടെ നിര്‍മ്മാണത്തിനും തുക ഉപയോഗിക്കാം. ജല്‍ ജീവന്‍ മിഷന്‍, പ്രധാനമന്ത്രി ഗ്രാം സഡക് യോജന എന്നിവയ്ക്ക് സംസ്ഥാനത്തിന്റെ വിഹിതമായും തുക വിനിയോഗിക്കാവുന്നതാണ്.
അരുണാചല്‍, ബിഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി 16ഓളം സംസ്ഥാനങ്ങള്‍ സ്‌കീം പ്രകാരം കഴിഞ്ഞവര്‍ഷം ലഭിച്ച തുക ഫലപ്രദമായി വിനിയോഗിച്ചിരുന്നു. ഇവയ്ക്കാണ് നടപ്പുവര്‍ഷവും തുക അനുവദിച്ചത്.
അലസത കാട്ടിയ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചില്ല. ഇതാണ് കേന്ദ്രത്തിന് നേട്ടമാകുന്നത്. ഈയിനത്തില്‍ ലാഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന് സ്വന്തം ധനക്കമ്മി നിയന്ത്രിക്കാനും സഹായകമാകും.