ബജറ്റ് 2021: ഇൻകം ടാക്‌സ് പരിധി ഉയർത്തിയേക്കും, കോവിഡ് സെസ്സിന് സാധ്യത

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഫെബ്രുവരി 1-ന് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

Update: 2021-01-23 12:01 GMT

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് ജനുവരി 29-നാണ്. അതിന് മുന്നോടിയായി എല്ലാ എംപിമാരും നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബജറ്റില്‍ സമ്മേളനത്തില്‍ ചോദ്യോത്തര വേള തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

കൊറോണ വൈറസ് മഹാമാരി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ സര്‍വ മേഖലകളേയും തകര്‍ത്തു കളഞ്ഞിരുന്നു. അതില്‍ നിന്നും കര കയറാനും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനുമുള്ള രക്ഷാ പദ്ധതികള്‍ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിക്കുമെന്നാണ് എല്ലാ മേഖലകളും പ്രതീക്ഷിക്കുന്നത്.

ആയിക്കണക്കിന് പേര്‍ക്കാണ് ഇതുവരെ ജോലി നഷ്ടപ്പെട്ടിട്ടുള്ളത്. കൂടാതെ, ശമ്പളത്തില്‍ കുറവു വന്നവരും ഏറെയുണ്ട്. അതിനാല്‍, ജനങ്ങളുടെ കൈയില്‍ ചെലവഴിക്കാനുള്ള കൂടുതല്‍ പണം എത്തിക്കാന്‍ നിര്‍മ്മല സീതാരാമാന്‍ വഴി കണ്ടെത്തുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

കോവിഡ് രക്ഷാ പാക്കേജായ ആത്മ നിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി വ്യക്തിഗത വരുമാന നികുതി പരിധി 2.5 ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഈ പരിധി ഇനിയും ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ എല്ലാ നികുതികള്‍ക്കും മോദി സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചിരുന്നുവെങ്കിലും അടിസ്ഥാന നികുതി ഒഴിവാക്കല്‍ പരിധി മാറ്റിയിരുന്നില്ല.

എന്നാല്‍, ഉയര്‍ന്ന വരുമാനക്കാര്‍ക്കുമേല്‍ കോവിഡ് സെസ്സ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഒരുങ്ങിയേക്കും. മറ്റ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു സെസ്സ് ഏര്‍പ്പെടുത്തിയിരുന്നു.

ബജറ്റില്‍ പതിവ് പോലെ ഏറ്റവും കൂടുതല്‍ തുക വകയിരുത്തുന്ന ഒരു മേഖല പ്രതിരോധം തന്നെയാകും. പ്രത്യേകിച്ച് ചൈനയുടെ ഭീഷണി വര്‍ദ്ധിക്കുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തവണ ഇതുവരെയില്ലാത്ത തരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 4.71 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്. 2021-ലെ ബജറ്റില്‍ ഇത് ആറ് ലക്ഷം കോടി രൂപയായി വര്‍ദ്ധിക്കുമെന്നാണ് വാര്‍ത്തകള്‍. പ്രതിരോധ മേഖലയിലെ പെന്‍ഷന്‍ തുക അടക്കമുള്ള തുകയാണിത്.

നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മ്മാണ മേഖലയ്ക്കും സഹായം ലഭിക്കും. ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്കും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വായ്പയില്‍ സബ്‌സിഡി നല്‍കുന്നതില്‍ പണം 2021-ലെ ബജറ്റില്‍ വകയിരുത്തും.

ചെലവ് കുറഞ്ഞ വീടുകളുടെ വായ്പകളുടെ പലിശ തുകയില്‍ 1.5 ലക്ഷം രൂപയുടെ അധിക ആനുകൂല്യം കഴിഞ്ഞ ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

നിര്‍മ്മാണ, അടിസ്ഥാന സൗകര്യ വികസന മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ ഈ ബജറ്റില്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് കൊഡാക് മഹീന്ദ്ര അസെറ്റ് മാനേജ്‌മെന്റ് ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗവുമായ നിലേഷ് ഷാ പറയുന്നു.
ടൂറിസം, റീട്ടെയ്‌ലിങ്, നിര്‍മ്മാണ രംഗം, എം എസ് എം ഇ മേഖലയിലെ ഏറ്റവും താഴെത്തട്ടിലെ ജനങ്ങള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നതെന്നും അവരെ സഹായിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സാമ്പത്തിക ഉള്‍പ്പെടുത്തലിനായി ഇവരെ നമ്മള്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. അത് വളര്‍ച്ചയെ സഹായിക്കും. ധനസഹായവും ഇളവുകളും നല്‍കി അവരെ സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ ഒരു പുതിയ ഡെവലെപ്‌മെന്റ് ഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സ്ഥാപനമാകുമിത്.

സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു കടമ്പ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. കമ്പനികള്‍ ചെലവ് കുറയ്ക്കലിന്റെ ഭാഗമായി നൂറു കണക്കിന് തൊഴിലാളികളെ കഴിഞ്ഞ ഒരു വര്‍ഷമായി ഒഴിവാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസന, നിര്‍മ്മാണ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്നത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ടെക്‌സ്റ്റൈല്‍സ്, ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മ്മാണം, എം എസ് എം ഇ തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കും.

സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവഅടക്കം 50 ഇനങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയും വര്‍ദ്ധിപ്പിക്കും.

റബ്ബര്‍, പ്ലാസ്റ്റിക്, തുകല്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളുടെ ഇറക്കുമതി ചുങ്കമാണ് വര്‍ദ്ധിക്കുക.
ആരോഗ്യമേഖലയ്ക്കുവേണ്ടി പുതുക്കിയൊരു കാഴ്ച്ചപ്പാട് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഉയര്‍ന്ന സാഹചര്യത്തിലാണിത്. ആരോഗ്യ മേഖലയ്ക്ക് ഒരു ഉത്തേജന പാക്കേജിനൊപ്പം 35 എഡി സെക്ഷന്‍ പ്രകാരം നികുതി ഇളവുകളും നല്‍കിയേക്കും.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികള്‍ സര്‍ക്കാര്‍ തേടുന്നതിനാല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലും ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. 2.5 മുതല്‍ മൂന്ന് ലക്ഷം കോടി രൂപയായി ലക്ഷ്യം ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ട്. എയര്‍ ഇന്ത്യ, ബി പി സി എല്‍, കോണ്‍കോര്‍, ഷിപ്പിങ് കോര്‍പറേഷന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഏറെക്കാലമായുള്ള ശ്രമം ഈ വര്‍ഷം സാധ്യമാക്കാന്‍ പദ്ധതിയുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,844.49 കോടി രൂപ മാത്രമാണ് ലഭിച്ചത്.


Tags:    

Similar News