ചുവന്ന ലെഡ്ജറും ബ്രീഫ് കേസുമില്ല; ഹല്‍വ ചടങ്ങുണ്ട്; കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ വിശേഷം

കൊറോണ മൂലം അച്ചടിയില്ല. ഇത്തവണത്തെ ബജറ്റ് പേപ്പറുകള്‍ ഇല്ലാതെ നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം

Update: 2021-01-12 05:58 GMT

ഫെബ്രുവരി ഒന്നാം തീയതി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന 2022 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പല പുതുമകളും നിറഞ്ഞതാകും.

അതില്‍ പ്രധാനമായ ഒന്നാണ് ഇത്തവണ പൂര്‍ണമായും പേപ്പറുകള്‍ ഒഴിവാക്കി ഉള്ള ഒരു ബഡ്ജറ്റ് അവതരണമാകും മന്ത്രി നടത്തുക എന്നാണ് വാര്‍ത്തകള്‍.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാകും അച്ചടിച്ച പേപ്പറില്‍ അല്ലാതെയുള്ള ബജറ്റ് അവതരിപ്പിക്കുക.

കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഇങ്ങനെ അച്ചടി ഒഴിവാക്കിയുള്ള ബഡ്ജറ്റിന് മന്ത്രിസഭ തയ്യാറെടുക്കുന്നത്.

എന്നാല്‍ ബജറ്റ് പകര്‍പ്പുകള്‍ അച്ചടിക്കുന്നതിന് മുമ്പായി എല്ലാ വര്‍ഷവും നടന്നു വരുന്ന പരമ്പരാഗത 'ഹല്‍വ ചടങ്ങ്' ഇത്തവണയും ഉണ്ടാകുമെന്നു വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ധനമന്ത്രി, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടാതെ ഈ ചടങ്ങില്‍ ബജറ്റ് നിര്‍മ്മാണത്തിലും അച്ചടി പ്രക്രിയയിലും പങ്കെടുക്കുന്ന എല്ലാ ആളുകളും പങ്കെടുക്കാറുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബജറ്റിന്റെ ഹാര്‍ഡ് കോപ്പികളുടെ അച്ചടി വെട്ടിക്കുറയ്ക്കാന്‍ 2016 - 17ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും, അച്ചടി പൂര്‍ണ്ണമായും നിര്‍ത്താനുള്ള നടപടി ആദ്യമായാണ്.

ബജറ്റ് അവതരിപ്പിക്കുന്നതുവരെ നൂറിലധികം ആളുകള്‍ സാധാരണയായി നോര്‍ത്ത് ബ്ലോക്കിന്റെ (ധനകാര്യ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സ്ഥലം) ബേസ്‌മെന്റിലെ പ്രിന്റിംഗ് പ്രസ്സില്‍ രണ്ടാഴ്ചയോളം താമസിക്കേണ്ടതുണ്ട്.

പരിമിതമായ സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഈ സമ്പ്രദായം നിര്‍ത്തലാക്കാനും ബദല്‍ മാര്‍ഗങ്ങള്‍ തേടാനും കോവിഡ് മഹാമാരിയുടെ സങ്കീര്‍ണതകള്‍ കൊണ്ട് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ബഡ്ജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപെടുമെന്നത് കൊണ്ട് പുറത്തുള്ള പ്രെസ്സില്‍ അച്ചടിക്കുകയെന്നതും പ്രായോഗികമല്ല. എന്നാലും ബജറ്റിന്റെ സോഫ്റ്റ് കോപ്പികള്‍ അവതരണത്തിന് ശേഷം സര്‍ക്കാര്‍ ലഭ്യമാക്കും.

അത് പോലെ തന്നെ ബജറ്റ് ദിവസമായ ഫെബ്രുവരി 1നു പാര്‍ലമെന്റ് സമുച്ചയത്തില്‍ ബജറ്റ് പേപ്പറുകള്‍ കയറ്റിയ ട്രക്കുകളും ഇത്തവണ ഉണ്ടാകില്ല.

അതുപോലെ ബജറ്റ് രേഖകള്‍ കൊണ്ട് വരാന്‍ വേണ്ടി ധനമന്ത്രിക്ക് ഒരു 'ബഹി ഖാറ്റ' അല്ലെങ്കില്‍ ഒരു ബ്രീഫ്‌കേസ് കൊണ്ടുവരേണ്ട ആവശ്യവും ഇത്തവണ ഉണ്ടാകില്ല.

2019 ല്‍ ധനമന്ത്രി നിര്‍മ്മല സീതര്‍മാന്‍ ലെതര്‍ ബ്രീഫ്‌കേസ് വഹിക്കുന്ന രീതി ഉപേക്ഷിക്കുകയും പകരം കൂടുതല്‍ പരമ്പരാഗതമായ 'ബഹി ഖാറ്റ', തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.


Tags:    

Similar News