നരേന്ദ്ര മോദിക്ക് രണ്ട് വാക്കില്‍ ഉപദേശവുമായി നിതീഷ് കുമാര്‍

രാഷ്ട്രീയ ചാണക്യന്‍മാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രങ്ങള്‍

Update:2024-06-06 16:39 IST

 Narendra Modi,  N Chandrababu Naidu, Nitish Kumar

നരേന്ദ്രമോദി മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡിയു നേതാവ് നിതീഷ് കുമാറും അടക്കമുള്ള എന്‍.ഡി.എ നേതാക്കള്‍ പ്രധാനമന്ത്രിക്കു പിന്തുണ അറിയിച്ചു.

സംഖ്യകക്ഷികള്‍ക്കൊപ്പം മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രിക്ക് രണ്ട് വാക്കില്‍ ഉപദേശം നല്‍കിയാണ് നിതീഷ് കുമാര്‍ ചടങ്ങിൽ ശ്രദ്ധ നേടിയത്. 'ജല്‍ദി കീജിയേ- പെട്ടെന്ന് ചെയ്യൂ'.. എന്നാണ് പിന്തുണ അറിയിക്കാനെത്തിയ നിതീഷ് പറഞ്ഞത്. വേഗം സര്‍ക്കാര്‍ രൂപീകരിച്ചു മുന്നോട്ടു പോകൂ എന്നാണ് ബീഹാര്‍മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രദ്ധാ കേന്ദ്രമായി രാഷ്ട്രീയ ചാണക്യന്മാർ 
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ നല്‍കി അമ്പരപ്പിക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. തിരഞ്ഞെടുപ്പിന് മുമ്പു വരെ 'ഇന്ത്യ' മുന്നണിക്കൊപ്പം നിന്ന് വിജയതന്ത്രങ്ങള്‍ മെനഞ്ഞ നിതീഷ് കുമാര്‍ മറുകണ്ടം ചാടിയതാണ് അവസാനത്തേത്. ഇനിയും ഇതേ പോലത്തെ അടവുകള്‍ നിതീഷ് കുമാര്‍ പുറത്തെടുക്കുമോ എന്നതാണ് നിരീക്ഷകര്‍ കാത്തിരിക്കുന്നത്.
എന്തായാലും മുന്‍പ് ഒറ്റയ്ക്ക് ഭരിച്ചപ്പോഴുള്ള അതേ തലയെടുപ്പില്‍ ഇനി കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്നതാണ് നിരീക്ഷകര്‍ ഉറപ്പിച്ചു പറയുന്നത്. ഇപ്പോള്‍ തന്നെ കിട്ടിയ അവസരം മുതലെടുത്ത് തൂക്ക് മന്ത്രിസഭയിലെ നിര്‍ണായക സ്ഥാനങ്ങള്‍ക്കായുള്ള വില പേശല്‍ നിതീഷും നായിഡുവും നടത്തി കഴിഞ്ഞു.
2014ല്‍ 282 സീറ്റുകളും 2019ല്‍ 303 സീറ്റുകളുമായി മൃഗീയ ഭൂരിപക്ഷത്തില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ മോദിയുടെ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷമായ 272 എന്ന മാജിക് നമ്പര്‍ കടക്കാന്‍ 32 സീറ്റുകള്‍ കുറവ്. എന്‍.ഡി.എയുടെ 53 സീറ്റുകളെ ആശ്രയിച്ചാണ് അധികാരത്തിലേറുന്നത്. ഇതോടെ ശ്രദ്ധ നേടുന്നത് രാഷ്ട്രീയ ചാണക്യന്‍മാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമാണ്.
Tags:    

Similar News