റഷ്യക്കാര്‍ക്ക് പ്രൈം വീഡിയോ സ്ട്രീമിംഗ് ഇല്ല; ആമസോണ്‍ നിലപാട് ഇങ്ങനെ

റഷ്യയിലെ ഷിപ്പ്മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Update: 2022-03-10 13:28 GMT

റഷ്യയിലെയും ബെലാറസിലെയും ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനം നിര്‍ത്തി. റീറ്റെയ്ല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആമസോണ്‍. മാത്രമല്ല, പ്രൈം അക്കൗണ്ടുകളിലേക്കും റഷ്യയിലെ ഉപഭോക്താക്കള്‍ക്ക് ആക്സസ് നല്‍കില്ല.

റഷ്യയില്‍ നേരിട്ട് വിതരണം നടത്തുന്ന ആമസോണിന്റെ ന്യൂ വേള്‍ഡ് എന്ന വീഡിയോ ഗെയിമും പിന്‍വലിക്കുകയാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഓപ്പണ്‍-വേള്‍ഡ് എംഎംഓ വില്‍ക്കുന്നത് നിര്‍ത്തിവച്ചതായാണ് കമ്പനി അറിയിപ്പ്.
ഇഎ ഗെയിംസ്, സിഡി പ്രോജക്റ്റ് റെഡ്, ടേക്-ടു, യുബിസോഫ്റ്റ്, ആക്റ്റീവിഷന്‍ ബ്ലിസാര്‍ഡ്, എപിക് ഗെയിംസ് എന്നിര്‍ നേരത്തെ തന്നെ തങ്ങളുടെ ഗെയിമിംഗ് സേവനങ്ങള്‍ റഷ്യയില്‍ നിന്നും പിന്‍വലിച്ചിരുന്നു.
യുക്രെയ്‌നോട് റഷ്യയുടെ അക്രമാസക്തമായ നിലപാട് തുടരുന്നതിനാല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലൗഡ് കംപ്യൂട്ടിംഗ് സ്ഥാപനമായ എഡബ്ല്യുഎസ് റഷ്യ, ബെലാറസ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സ്വീകരിക്കില്ലെന്നും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
യുദ്ധവുമായി ബന്ധപ്പെട്ട് അപകടബാധിതര്‍ക്ക് സേവനങ്ങളെത്തിക്കുന്ന എന്‍ജിഓകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട് ആമസോണ്‍. ഇതിനോടകം അഞ്ച് മില്യണ്‍ ഡോളറോളം ചെലവഴിക്കുകയും ചെയ്തു ആമസോണ്‍.

ആമസോണ്‍ ഹോം പേജുകള്‍ വഴി ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപയോക്താക്കള്‍ അഭയാര്‍ത്ഥികള്‍ക്കായി ഡൊണേഷന്‍ നടത്തുന്നതായും ആമസോണ്‍ പറയുന്നു.

ആമസോണിന് പുറമേ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, സാംസംഗ്, നെറ്റ്ഫ്‌ലിക്‌സ്, പേപാല്‍ തുടങ്ങിയ നിരവധി കമ്പനികളും റഷ്യയുമായുള്ള ബിസിനസ്സ് നിര്‍ത്തി. വിസയും മാസ്റ്റര്‍കാര്‍ഡും രാജ്യത്ത് നേരത്തെ താല്‍ക്കാലിക റദ്ദ് പ്രഖ്യാപിച്ചിരുന്നു.


Tags:    

Similar News