31 കോടി രൂപയുടെ ഡ്യൂപ്ളെക്‌സ് ഫ്‌ളാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍
സ്റ്റാമ്പ് ഡ്യൂട്ടിക്കായി ചെലവിട്ടത് 62 ലക്ഷം രൂപ. അയല്‍വാസികളായിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയും നടി സണ്ണി ലിയോണും.
മുംബൈയിലെ അറ്റ്‌ലാന്റിസ് ഭവന പദ്ധതിയില്‍ സമ്പന്നമായ ഡ്യൂപ്ളെക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. 31 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് രണ്ട് നിലകളിലായാണ് വാങ്ങിയിട്ടുള്ളത്. 27-ാം നിലയിലും 28 ാം നിലയിലുമായുള്ള ഫ്‌ളാറ്റിന് 5,184 ചതുരശ്രയടിയാണുള്ളതെന്നാണ് വിവരം. 2020 ഡിസംബറില്‍ വാങ്ങിയതാണെങ്കിലും 2021 മാര്‍ച്ചിലാണ് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തത്. 31 കോടി രൂപയുടെ 2 ശതമാനമായ 62 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബച്ചന്‍ നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 31 വരെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് മുതലെടുക്കാന്‍ കഴിഞ്ഞതാണ് ഈ ഡീലില്‍ ബച്ചന്റെ പ്രധാന നേട്ടം.
മുംബൈയില്‍ കൊറോണക്കാലത്ത് പ്രതിസന്ധിയിലായ അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പ്പനയ്ക്ക് ഉത്തേജനം നല്‍കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളുടെ ഗുണഭോക്താവുകയായിരുന്നു അമിതാഭ് ബച്ചന്‍.
ഇതിനകം നിരവധി സെലിബ്രിറ്റികള്‍, ബിസിനസുകാര്‍, പ്രൊഫഷണല്‍ സി ഇ ഓകള്‍ തുടങ്ങിയവര്‍ കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ പ്രയോജനപ്പെടുത്തിയവരാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയെ ഉയര്‍ത്താന്‍ ഭവന യൂണിറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി താല്‍ക്കാലികമായി കുറയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ബോളിവുഡ് സംവിധായകന്‍ 25 കോടി മുടക്കിയാണ് ഈ സമുച്ചയത്തില്‍ തന്നെ ഫ്‌ളാറ്റ് വാങ്ങിയത്. സണ്ണി ലിയോണിന്റേത് 16 കോടിയുടേതാണ്. കഴിഞ്ഞ മാര്‍ച്ച് 28 നാണ് സണ്ണി ഫ്‌ലാറ്റ് വാങ്ങിയത്. 12ാം നിലയിലാണ് സണ്ണി ലിയോണി ഫ്‌ലാറ്റ് സ്വന്തമാക്കിയത്. 4,365 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള അപ്പാര്‍ട്‌മെന്റാണ് സണ്ണിയുടേത്.
ബിഗ്ബിക്ക് മുംബൈയില്‍ ഇത് കൂടാതെ വിവിധ ആഡംബര വസതികളും ഫ്‌ളാറ്റുകളുമുണ്ട്. ജല്‍സ, പ്രതീക്ഷ, ജനക്, വത്സ തുടങ്ങി 5 ബംഗ്ലാവുകളുമുണ്ട്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഫാം ഹൗസുകളും ഉണ്ട്. നിലവില്‍ 2800 കോടി രൂപയുടെ ആസ്തി കണക്കാക്കുന്ന ബച്ചന്റെ സ്വത്തുക്കള്‍ മക്കളായ അഭിഷേകിനും ശ്വേതക്കും തുല്യമായി വിഭജിക്കുമെന്നാണ് അമിതാഭ് ബച്ചന്‍ ഈയിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്.
ജുഹുവില്‍ സ്ഥിതി ചെയ്യുന്ന 'ജല്‍സ' ബംഗ്ലാവിലാണ് നിലവില്‍ ബച്ചന്‍ കുടുംബം താമസിക്കുന്നത്. ഈ രണ്ടു നില വീട് 1982 ല്‍ സംവിധായകന്‍ രമേശ് സിപ്പി തന്റെ 'സട്ടെ പെ സത്ത' എന്ന സിനിമയില്‍ അഭിനയിച്ചതിന് താരത്തിന് സമ്മാനമായി നല്‍കിയതാണ്.
ജല്‍സയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന 'ജനക്' നിലവില്‍ ബച്ചന്റെ ഓഫീസാണ്. ബച്ചന്മാര്‍ പതിവായി വ്യായാമത്തിനായി വരുന്നതും ഈ ബംഗ്ലാവിലാണ്.