സംരംഭകര്‍ക്ക് ആത്മവിശ്വാസം നേടാന്‍ 5 മാര്‍ഗങ്ങള്‍

Update: 2018-06-01 11:33 GMT

ഒരു സംരംഭകന്റെ ജീവിതം എല്ലായ്‌പ്പോഴും കയറ്റിറക്കങ്ങളുടേതാണ്. ചില ദിവസങ്ങളില്‍ നിങ്ങള്‍ തൊടുന്നതെല്ലാം പൊന്നായി മാറും. മറ്റു ചില ദിവസങ്ങള്‍ മാനസിക സംഘര്‍ഷവും വേദനയും നിറഞ്ഞതായിരിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ഒറ്റ ആയുധം മാത്രമേയുള്ളു. നിങ്ങളുടെ ആത്മവിശ്വാസം. പുതിയ സംരംഭകര്‍ക്ക് ആത്മവിശ്വാസം നേടിയെടുക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍ ഇതാ...

മെന്റര്‍ഷിപ്പ് തേടുക

നിങ്ങള്‍ നിങ്ങളുടെ തന്നെ ബോസായി മാറുന്നു എന്നതാണ് സംരംഭകത്വത്തിലെ ത്രസിപ്പിക്കുന്ന ഘടകം. ഇതൊരു പോസിറ്റീവായ കാര്യമാണ്. എന്നിരുന്നാലും വലിയ തീരുമാനങ്ങളില്‍ ഒരു മെന്റര്‍ഷിപ്പ് ഉണ്ടാകുന്നത് നല്ലതാണ്. ബിസിനസിലെ അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിന് സഹായിക്കാനാകും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ ഇത് അത്യാവശ്യവുമാണ്.

തിരിച്ചടികളില്‍ നിന്ന് പഠിക്കുക

എത്ര ആത്മാര്‍പ്പണമുള്ളവരാണെങ്കിലും അതിശയകരമായ കഴിവുള്ളവരാണെങ്കിലും ഓരോ സംരംഭകനും മുന്നോട്ടുള്ള പാതകളില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരും. ഈ തിരിച്ചടികളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് നിങ്ങളുടെ വിജയം. മനസിലാക്കുക, ബിസിനസില്‍ നിങ്ങള്‍ ഒന്നെങ്കില്‍ വിജയിക്കുന്നു, അല്ലെങ്കില്‍ പഠിക്കുന്നു- ഒരിക്കലും തോല്‍ക്കുന്നില്ല.

അസൗകര്യങ്ങളെ പുണരുക

നിങ്ങളുടെ വഴിയില്‍ വരാന്‍ പാടില്ലാത്ത എന്തോ വന്നിരിക്കുന്നു. ഇത്തരം വെല്ലുവിളികളോട് വിജയകരമായി പ്രതികരിക്കുന്നത് നിങ്ങളുടെ ജീവിതത്തിനു നേരെ വരുന്ന എന്തിനെയും നേരിടാനുള്ള നിങ്ങളുടെ കഴിവിനെയാണ് കാണിക്കുന്നത്. നിങ്ങള്‍ എത്തിച്ചേരുന്ന ഓരോ നാഴികകല്ലും നിങ്ങള്‍ക്ക് അതു ചെയ്യാന്‍ കഴിയുമെന്നതിന്റെ തെളിവാണ്. അസൗകര്യങ്ങളെ നിങ്ങളുടെ മിത്രമായി മാറാന്‍ അനുവദിക്കുക.

നോ പറയാന്‍ പഠിക്കുക

ബിസിനസ് ബന്ധങ്ങള്‍ വളര്‍ത്താന്‍ വേണ്ടി പലരെയും പ്രീതിപ്പെടുത്താന്‍ നമ്മള്‍ ശ്രമിക്കും. എന്നാല്‍ എല്ലാവരെയും സംതൃപ്തരാക്കാനുള്ള നിങ്ങളുടെ ശ്രമം പരാജയത്തിലേക്കാവും നയിക്കുക. നിങ്ങളുടെ സമയം, മാനസിക ആരോഗ്യം, വിഭവങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് ഉചിതമായ സമയങ്ങളില്‍ നോ പറയാന്‍ ശീലിക്കുക.

വിജയം ആഘോഷിക്കുക

ഒരു സംരംഭകനെന്ന രീതിയില്‍ നിങ്ങളുടെ വിജയങ്ങളെ അംഗീകരിക്കുക. എത്ര ചെറുതെന്നത് വിഷയമല്ല. ഒരു വില്‍പ്പനയായാലും ഒരു കരാറായാലും അല്ലെങ്കില്‍ ഒരു നല്ല വാര്‍ത്തയായാല്‍ പോലും ആഘോഷിക്കുക. ആഘോഷിക്കപ്പെടുന്ന ഓരോ വിജയവും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങളെ പ്രചോദിപ്പിക്കും.

Similar News