അനില്‍ ഉണ്ണികൃഷ്ണന്‍; സാംസംഗ് നിയോണ്‍ ടീമിലെ മലയാളി സാന്നിധ്യം

Update: 2020-01-08 11:40 GMT

ലാസ് വെഗാസില്‍ നടക്കുന്ന ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (സിഇഎസ്-2020) സാംസംഗ്് അവതരിപ്പിച്ച നിയോണ്‍ ശാസ്ത്രലോകത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം. നിയോണ്‍ രൂപകകല്പന ചെയ്ത സാംസംഗ് സ്റ്റാര്‍ലാബ് റിസര്‍ച് ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ട്. കടവന്ത്ര നാഗാര്‍ജുന അപ്പാര്‍ട്മെന്‍സില്‍ ഡോ.ഉണ്ണിക്കൃഷ്ണന്റെയും സുജാത ഉണ്ണികൃഷ്ണന്റെയും മകന്‍ അനില്‍ ഉണ്ണികൃഷ്ണന്‍.

അങ്കമാലി ഫിസാറ്റില്‍ നിന്നും ബിടെക് നേടിയതിനു ശേഷം രണ്ടു വര്‍ഷത്തോളം ബാംഗളൂരില്‍ ഒരു കമ്പിനിയില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷം പെന്‍സില്‍വാനിയയിലെ കാര്‍നെഗി മെലന്‍ യൂണിവേഴ്സിറ്റില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംഎസ്
കരസ്ഥമാക്കിയശേഷമാണ് സാസംഗില്‍ ചേരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി അനില്‍ ഉള്‍പ്പെടെയുള്ള 10 അംഗ ടീം ഇതുമായി ബന്ധപ്പെട്ട റിസര്‍ച്ചിലായിരുന്നു.  ഇന്ത്യന്‍ വംശജനായ ടെക് മാന്ത്രികന്‍ പ്രണവ് മിസ്ട്രിയാണ് ടീമിന്റെ തലവന്‍.  

നിയോണ്‍ എന്താണെന്നു  വെളിപ്പെടുത്താതെ, എന്നാല്‍ ജിജ്ഞാസ നിലനിര്‍ത്തി ആഴ്ചകളോളം  പരസ്യം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു സാംസംഗ്. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് സാംസംഗ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച വിര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. യഥാര്‍ഥ മനുഷ്യനെ പോലെ യുക്തിയോടെ സംസാരിക്കാനും ഇടപഴകാനും നിയോണിന് കഴിവുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍  ഹിന്ദി മാത്രമാണ് നിയോണിന് ഇപ്പോള്‍ വഴങ്ങുക ടി.വി ആങ്കറിംഗ്, അഭിനയം എന്നീ മേഖലകള്‍ തുടങ്ങി ബോഡി  ഗാര്‍ഡ്, രോഗീപരിചരണം തുടങ്ങി നിരവധി മേഖലകളില്‍ നിയോണ്‍ വിപ്ലവകരമായി സാന്നിധ്യം ഉറപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാങ്കേതിക മുന്നേറ്റങ്ങളുടെ തുടക്കമായാണ് നിയോണ്‍ വിശേഷിക്കപ്പെടുന്നത്.

ചെറുപ്പം മുതല്‍ ഗെയിമിംഗിനോടും ഐടി ആക്ടിവിറ്റികളോടുമായിരുന്നു അനിലിനു താല്‍പ്പര്യം. അങ്ങനെയാണ് കംപ്യൂട്ടര്‍ സയന്‍സ് തെരഞ്ഞെടുക്കുന്നത്. ഫിസാറ്റിലെ റിസര്‍ച്ച് ടീമിലും അംഗമായിരുന്നു.  അനില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ലക്ഷ്മി രവീന്ദ്രബാബു  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധയായി കാലിഫോര്‍ണിയയില്‍ ജോലിചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News