95ാം വയസിലും സൂപ്പര്‍സ്റ്റാര്‍! ഏറ്റവും കൂടുതല്‍ വരുമാനമുള്ള എഫ്എംസിജി സി.ഇ.ഒ

Update: 2019-01-28 08:57 GMT

ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ആഡ് സ്റ്റാര്‍. ഏറ്റവും കൂടുതല്‍ വരുമാനമുള്ള എഫ്.എം.സി.ജി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍. അതിനപ്പുറം പത്മഭൂഷണണ്‍ അവാര്‍ഡ് ജേതാവ് …. 95 വയസുകാരനും 2,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമായ എംഡിഎച്ച് ഗ്രൂപ്പിന്റെ ഉടമയുമായ ധരംപാല്‍ ഗുലാത്തിക്ക് വിശേഷണങ്ങള്‍ ഏറെയാണ്.

ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള എംഡിഎച്ച് മസാലയുടെ പരസ്യങ്ങളില്‍ ചുവപ്പ് തലപ്പാവും വെളുവെളുത്ത മീശയുമായി ഇദ്ദേഹം തന്നെയാണ് അഭിനയിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ കുട്ടികളും യുവാക്കളുമൊക്കെ സെല്‍ഫിയെടുക്കാനായി ഈ സൂപ്പര്‍ സ്റ്റാറിന് ചുറ്റും കൂടും.

ആദ്യകാലത്ത് പണം ലാഭിക്കാനായാണ് പരസ്യചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞപ്പോള്‍ പരസ്യത്തില്‍ പിതാവിന്റെ റോളില്‍ അഭിനയിച്ചതെങ്കിലും പരസ്യം ഹിറ്റ് ആയപ്പോള്‍ പിന്നീട് എംഡിഎച്ച് മസാലയുടെ പരസ്യങ്ങളില്‍ സ്ഥിരമായി ഗുലാത്തി പ്രത്യക്ഷപ്പെടുകയായിരുന്നു.

ആവേശകരമായ ഒരു വിജയകഥയും ഈ സംരംഭകന് പിന്നിലുണ്ട്. അഞ്ചാം ക്ലാസിലേ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തിന് ശേഷം ഗുലാത്തിയുടെ കുടുംബം കഷ്ടിച്ച് 1500 രൂപയുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കുതിരവണ്ടിക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഒരു സുഗന്ധവ്യഞ്ജന ഷോപ്പ് ആരംഭിക്കുകയായിരുന്നു. പതിയെ ബിസിനസ് വളര്‍ന്നു.

ഇന്ന് രാജ്യത്ത് 18 ഫാക്റ്ററികളാണ് എം.ഡി.എച്ച് സ്‌പൈസസിന് ഉള്ളത്. 62 ഉല്‍പ്പന്നങ്ങളും വടക്കേ ഇന്ത്യയില്‍ 80 ശതമാനം വിപണിവിഹിതവുമാണ് ഇവര്‍ക്ക് ഇപ്പോഴുള്ളത്. 2018-ലെ അദ്ദേഹത്തിന്റെ വേതനം 25 കോടി രൂപയാണ്. 96 വയസാകാന്‍ രണ്ട് മാസം മാത്രം അവശേഷിക്കേ ഇപ്പോഴും എല്ലാ ദിവസവും ഏതെങ്കിലും ഒരു ഫാക്ടറിയിലെങ്കിലും ഗുലാത്തി പോകും.

എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യം? ദിവസവും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് നടക്കാന്‍ പോകും, യോഗ ചെയ്യും. അതിനുശേഷം ആരോഗ്യകരമായ പ്രാതല്‍. വൈകിട്ടും രാത്രിഭക്ഷണത്തിന് ശേഷവും നടക്കാന്‍ പോകും. വാട്ട്‌സാപ്പ് അടക്കമുള്ള പുതുസാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലും മിടുക്കനാണ് ഈ മുതിര്‍ന്ന സംരംഭകന്‍. ആറ് പെണ്‍കുട്ടികളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്.

Similar News