ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസും!
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് വമ്പന്‍ പദ്ധതികളിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.;
മലയാളി ബൈജൂ രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്, സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനി അഥവാ SPAC കമ്പനിയായ ചര്‍ച്ചില്‍ ക്യാപിറ്റലുമായി മെര്‍ജ് ചെയ്യുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
ബൈജൂസ് അമേരിക്കന്‍ വിപണിയിലേക്ക് കടക്കാന്‍ നിരവധി SPAC പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും മൈക്കല്‍ ക്ലെയിനിന്റെ ചര്‍ച്ചില്‍ ക്യാപിറ്റലുമായി ഉടന്‍ കരാറിലേര്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചില്‍ ക്യാപിറ്റല്‍ ഫെബ്രുവരിയിലെ ഒരു ഓഫറിലൂടെ 1.3 ബില്യണ്‍ ഡോളറിലധികം സമാഹരിക്കുകയും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യുകയും ചെയ്തിരുന്നു. യു എസിലെ നിലവിലുള്ള നിയമപ്രകാരം ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് അമേരിക്കൻ ഓഹരി വിപണിയിലേക്ക് നേരിട്ട് ഐ പി ഒയുമായി എത്താനാകില്ല. ഇതിനാണു SPAC കമ്പനികളുമായി ലയിക്കുന്നത്. ഈ മോഡലാണ് ബൈജൂസും നടത്തുന്നത്.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജൂസ് മൊത്തം 4 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയും ഏകദേശം 48 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തിലേക്ക് ഉയരുകയും ചെയ്യുമെന്നാണ്.
മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സിബി ഇന്‍സൈറ്റ്‌സിന്റെ കണക്കനുസരിച്ച് സ്റ്റാര്‍ട്ടപ്പിന്റെ നിലവിലെ മൂല്യം 21 ബില്യണ്‍ ഡോളറാണ്. ജനുവരിയില്‍ തന്നെ പ്രഖ്യാപനം വന്നേക്കാമെങ്കിലും ചര്‍ച്ചകള്‍ അന്തിമമായിട്ടില്ല. ബൈജൂസോ ചര്‍ച്ചിലോ ഇപ്പോഴും അത്തരമൊരു ഇടപാടില്‍ നിന്ന് വിട്ടുനിന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ബെജൂസിന് ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് കടക്കാന്‍ താല്‍പര്യമുണ്ടെന്നും അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒരു ഐപിഒ പരിഗണിക്കുന്നുണ്ടെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ ഗിരീഷ് മാതൃഭൂതത്തിന്റെ ഫ്രഷ് വര്‍ക്‌സ് ഇന്ത്യയില്‍ നിന്ന് തന്നെ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത് 1.03 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ആദ്യ കമ്പനിയായിരുന്നു.
ബൈജൂസ് അമേരിക്കന്‍ വിപണിയിലും താരമായേക്കുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം വിദേശ നിക്ഷേപമെത്തിയ കമ്പനി ബൈജൂസ് ആണ്.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ലിസ്റ്റിലും ബൈജൂസിന്റെ ബൈജു രവീന്ദ്രനാണ് ഏറ്റവും മൂല്യമേറിയ എഡ്യുടെക് കമ്പനി ഉടമ.