ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റ് - 2022 നാളെ കൊച്ചിയില്‍

കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ഡി-ഡെ കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും

Update:2022-07-19 12:44 IST

പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്; ഡി-ഡെ 2022, നാളെ കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിലെ ബിസിനസ് സമൂഹം ഏറെ വിലമതിക്കുന്ന ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ സമ്മാനിക്കും.

ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ടി. കോശി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ഡി-ഡെ, ചര്‍ച്ച ചെയ്യുന്നത് മാറിയ കാലത്തെ ബിസിനസ് സാഹചര്യങ്ങളും പുതിയ കാലത്ത് ബിസിനസ് രംഗത്ത് മുന്നേറാന്‍ വേണ്ട സാങ്കേതിക വിദ്യകളുമാണ്.

പുരസ്‌കാര നിറവില്‍ ഇവര്‍

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദാണ്. ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എംആര്‍ ജ്യോതിയെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ആയി തെരഞ്ഞെടുത്തു.

മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ജീമോന്‍ കോരയാണ് ഔട്ട്സ്റ്റാന്‍ഡിംഗ് ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2021. ബ്രാഹ്‌മിന്‍സ് ഫുഡ്സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ന് അര്‍ഹനായി. യുഎഇയിലെ എസ്എഫ്സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരനാണ് ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021. സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് ഓപ്പണിനെ തെരഞ്ഞെടുത്തു.

ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ദേശീയ, രാജ്യാന്തര തലത്തില്‍ അതത് രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിധ്യവും പ്രൗഢഗംഭീരമായ പ്രഭാഷണങ്ങളുമാണ്. ഇത്തവണ, ഡി-ഡെ 2022ന്റെ വേദിയെ സമ്പന്നമാക്കാനെത്തുന്നത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയരായ രണ്ട് വ്യക്തിത്വങ്ങളാണ്. മുന്‍ കാബിനറ്റ് സെക്രട്ടറിയും നിലവില്‍ മുംബൈ, ഗുജറാത്ത്, ഡല്‍ഹി, ഒറീസ, കേരളം തുടങ്ങിയ ഇടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പത്തോളം കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെഎം ചന്ദ്രശേഖറാണ് ഡി-ഡെ 2022ലെ മുഖ്യാതിഥി.

1970 ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെഎം ചന്ദ്രശേഖര്‍ സംസ്ഥാനത്തെ വ്യവസായ, ധനകാര്യ രംഗങ്ങളില്‍ പുതുമയാര്‍ന്ന പല ആശയങ്ങളും അവതരിപ്പിച്ച ബ്യൂറോക്രാറ്റ് കൂടിയാണ്. സിവില്‍ സര്‍വീസ് കരിയറിനിടെ 50-60 ഓളം കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍/ ഡയറക്ടര്‍ ബോര്‍ഡ് പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബിസിനസുകളെ ഇത്രയേറെ അടുത്തറിഞ്ഞിട്ടുള്ള ചന്ദ്രശേഖറാണ് കേരളത്തില്‍ മത്സ്യഫെഡ് സ്ഥാപനത്തിന് മുന്നില്‍ നിന്നത്. സ്‌പൈസസ് ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിക്കും മുമ്പ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസിലെ സമുന്നത പദവിയായ യൂണിയന്‍ കാബിനറ്റ് സെക്രട്ടറിയായി നാല് വര്‍ഷത്തോളമാണ് സേവനമനുഷ്ഠിച്ചത്. ധനകാര്യമന്ത്രാലയത്തില്‍ റവന്യു സെക്രട്ടറി, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ഇന്ത്യന്‍ പ്രതിനിധി എന്നിവയെല്ലാം ഇദ്ദേഹം വഹിച്ച സുപ്രധാനപദവികളില്‍ ചിലതാണ്. കാബിനറ്റ് സെക്രട്ടറി പദം വഹിക്കുന്ന വേളയില്‍

മിലിറ്ററി, ടെററിസം, സാമ്പത്തിക പ്രതിസന്ധി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി നിരവധി വെല്ലുവിളികളുള്ള സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍, സിഡിഎസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും ചന്ദ്രശേഖര്‍ വഹിച്ചിരുന്നു.

രാജ്യം ഉറ്റുനോക്കുന്ന വലിയൊരു പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ടി. കോശിയാണ് ഡി-ഡെയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദമെടുത്ത ശേഷം ഐഐഎം ബെംഗളൂരുവില്‍ നിന്ന് പി ജിഡിഎമ്മും കരസ്ഥമാക്കിയ കോശി, നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡില്‍ (എന്‍എസ്ഡിഎല്‍) ഒന്നര പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. പിന്നീട് ഏണസ്റ്റ് ആന്‍ഡ് യംഗില്‍ പത്തുവര്‍ഷക്കാലത്തോളം പാര്‍ട്ണറായും ഫുള്‍ ടൈം അഡൈ്വസറായും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഒഎന്‍ഡിസിയുടെ എംഡി & ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പദവിയിലെത്തുന്നത്.

ഇ-കൊമേഴ്‌സ് രംഗത്തൊരു ഇന്ത്യന്‍ വിപ്ലവമാണ് ഒഎന്‍ഡിസി. ഒരു ഇ-കൊമേഴ്‌സ് കമ്പനിയുടെയും സഹായമില്ലാതെ തന്നെ വില്‍പ്പനക്കാര്‍ക്ക് ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്വര്‍ക്കിന്റെ ഭാഗമാകാം. ഇന്ത്യന്‍ റീറ്റെയ്ല്‍, ഇ-കൊമേഴ്‌സ് രംഗത്തെ വലിയൊരു ഗെയിം ചേഞ്ചര്‍ ആയേക്കാവുന്ന ടെക്‌നോളജി സംവിധാനത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ പുതിയ കാലത്ത് ബിസിനസുകള്‍ ഉള്‍ക്കൊള്ളിക്കേണ്ട ഡിജിറ്റല്‍ സാങ്കേതിക വിദ്യ കളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും സമിറ്റ് വേദിയില്‍ കോശി പകര്‍ന്നേകും.

പങ്കാളിത്തവുമായി ബ്രാന്‍ഡുകള്‍

ഇത്തവണത്തെ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ ഡയമണ്ട്് സ്‌പോണ്‍സര്‍ എല്‍ഐസിയാണ്. ഐബിഎസ് സോഫ്‌റ്റ്വെയര്‍ ഗോള്‍ഡ് സ്‌പോണ്‍സറും. ഗ്രൂപ്പ് മീരാന്‍, വി-ഗാര്‍ഡ്, പ്രൊവിഡന്റ്, റോക്ക, എഡ്യുവേള്‍ഡ്, ഇസാഫ്, ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ലൂണാര്‍, എവിഎ ചോളയില്‍, കെ ബിപ്, കൊച്ചിന്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ എന്നിവരാണ് സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍. ഐശ്വര്യ ഒഒഎച്ച്  പബ്ലിസിറ്റി പാര്‍ട്ണറും ജനം ടിവി മീഡിയ പാര്‍ട്ണറുമാണ്.

Tags:    

Similar News