കേരളത്തില്‍ ബിസിനസ് വളരാന്‍, തൊഴിലുകള്‍ കൂടാന്‍ 5 നിര്‍ദേശങ്ങളുമായി ടൈ കേരള
കേരളത്തെ ജീവിക്കാനും തൊഴിലെടുക്കാനും ഏറ്റവും അനുയോജ്യമായ ഇടമാക്കി മാറ്റുകയാണ് ലക്ഷ്യം
കേരളത്തിലെ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതിന് അപ്പുറം സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ഉതകുന്ന അഞ്ച് നിര്‍ദേശങ്ങളുമായി ആഗോള സംരംഭക സംഘടനയായ ടൈയുടെ കേരള ചാപ്റ്റര്‍.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമരൂപം നല്‍കിയ നിര്‍ദേശങ്ങള്‍ ടൈ കേരള ചാപ്റ്റര്‍ പ്രസിഡന്റ് അജിത് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സംരംഭക സൗഹൃദ കേരളം- സമൃദ്ധ കേരളം എന്ന ആശയത്തിലൂന്നി ടൈ കേരള മുന്നോട്ട് വെയ്ക്കുന്ന 5 നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്.
1. ഇന്‍ഡസ്ട്രി/ ബിസിനസ് ഫെസിലേറ്റഷന്‍ പൊതു സ്വകാര്യ പങ്കാളിത്ത മോഡലിലാക്കുക:
സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതികള്‍ നേടലുകളും പുതുക്കലുമെല്ലാമാണ് സംരംഭകര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യം. ടിസിഎസ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കുന്നതുപോലെ, ഇത്തരത്തില്‍ അനുമതികള്‍ നല്‍കലും പുതുക്കലുമെല്ലാം ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് രംഗത്തെ പ്രമുഖ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുക. അതേ സമയം നയങ്ങളും ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ തന്നെ രൂപീകരിക്കുക. ഏതെങ്കിലും ഒരു രംഗത്ത്, ഉദാഹരണത്തിന് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ അനുമതികള്‍ ഈ വിധം കൊടുക്കുക. വിജയകരമെന്ന് കണ്ടാല്‍ മറ്റ് മേഖലകളിലേക്ക് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുക.
2. ഭൂവിനിയോഗരംഗത്തെ പരിഷ്‌കരണം:
നഗര ഗ്രാമീണ മേഖലയിലെ ഭൂവിനിയോഗം, ഭൂമിയുടെ വാണിജ്യ, കാര്‍ഷിക ഉപയോഗം കൃത്യമായി നടക്കാന്‍ പാകത്തിലുള്ളതാകണം. ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയില്‍ ഇഷ്ടാനുസരണം വിളകള്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കണം. നിലവിലുള്ള ചട്ടങ്ങള്‍ അതിന് അനുവദിക്കാത്തതിനാല്‍ കര്‍ഷകര്‍ ലാഭകരമല്ലാത്ത വിളകള്‍ കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
നഗരമേഖലകളില്‍ ഭൂമിയുടെ തരം നോക്കാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കണം. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ മൂല്യം പൂര്‍ണമായും ഉപയോഗപ്പെടുത്താനും ഭൂമിയുടെ തരംമാറ്റത്തിനായെടുക്കുന്ന ദീര്‍ഘകാലയളവ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തല്‍:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനം വാര്‍ഷികാടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുക. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ അംഗീകരിക്കുക, പുരസ്‌കാരങ്ങള്‍ നല്‍കുക. തൊഴിലുകള്‍ സൃഷ്ടിക്കുന്നത് പ്രധാന ഘടകമായി നിശ്ചയിക്കപ്പെടുമ്പോള്‍ പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നുന്നതിന് പകരം പരിഹാരമാര്‍ഗങ്ങള്‍ നോക്കാന്‍ ശ്രമിക്കും. അതുപോലെ സമയബന്ധിതമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കുക. അതിലൂടെ എന്തിലും 'നോ' എന്നു പറയുന്നതിന് പകരം 'യെസ്' എന്നു പറയുന്ന ഒരു പുതിയ വര്‍ക്ക് കള്‍ച്ചര്‍ തന്നെ സൃഷ്ടിക്കപ്പെടും.
4. എല്ലാവരിലും എത്തട്ടേ സംരംഭക സൗഹൃദ കേരളമെന്ന ആശയം:
കേരളം സംരംഭക സൗഹൃദമല്ലെന്ന പ്രതിച്ഛായയാണ് പലരിലും പതിഞ്ഞിരിക്കുന്നത്. അത് മാറ്റാനുതകുന്ന മികച്ച പ്രചാരണ പരിപാടികള്‍ നടത്തുക. കേരളത്തിലെ നൂതനമായ ചുവടുവെപ്പുകളും ഇവിടെയുള്ള വിജയികളായ സംരംഭകരെയും ഉയര്‍ത്തിക്കാട്ടി കാംപെയ്‌നുകള്‍ നടത്തണം.
5. സംരംഭകത്വത്തിനായി പുതിയ മന്ത്രാലയം
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഒരു മന്ത്രാലയം വേണം. വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് പദ്ധതികളുടെ നിര്‍വഹണവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുമാകണം ഈ മന്ത്രാലയത്തിന്റെ പ്രധാനലക്ഷ്യം.
ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോടൊത്ത് പ്രവര്‍ത്തിക്കാനും ടൈ കേരള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.