കുറഞ്ഞ മാര്‍ജിനുള്ള ഉല്‍പ്പന്നം വിറ്റും വന്‍ ലാഭമുണ്ടാക്കാം!

ഒരു സംരംഭകന് തന്റെ സംരംഭത്തിന്റെ ലാഭക്ഷമതയെ കുറിച്ചുള്ള ശരിയായ ധാരണയും ബിസിനസ് ശേഷിയെ കുറിച്ച് വ്യക്തതയും ഉണ്ടെങ്കില്‍ റെക്കോര്‍ഡ് ലാഭം ഉണ്ടാക്കാനാവും

Update:2021-03-21 12:00 IST

കോവിഡ് 19 ന് ശേഷം വലിയൊരു വിഭാഗം സംരംഭകരും, തങ്ങളുടെ സംരംഭം ബ്രേക്ക് ഈവന്‍ നിലയില്‍ തുടരുകയാണെന്നും ബിസിനസില്‍ അധിക ശേഷി ഉണ്ടായിട്ടും ലാഭം വര്‍ധിപ്പിക്കാനാവാത്ത സവിശേഷമായ സ്ഥിതിയിലാണെന്നും സ്വയം മനസ്സിലാക്കിയിട്ടുണ്ട്. കോസ്റ്റിംഗ് മെത്തേഡ് നല്‍കുന്ന ലാഭക്ഷമതയെ കുറിച്ചുള്ള തെറ്റായ ധാരണയും അവരുടെ ബിസിനസിന്റെ യഥാര്‍ത്ഥ ശേഷി മനസ്സിലാക്കാത്തതുമാണ് ഈ വിചിത്രമായ അവസ്ഥയ്ക്ക് കാരണം. ഈ പ്രശ്നം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിന്, മാനുഫാക്ചറിംഗ് ബിസിനസില്‍ സമാനമായ പ്രശ്നം നേരിടുന്ന ഒരു സംരംഭകന്റെ ലളിതമായ ഉദാഹരണമെടുക്കാം.

കോവിഡ് 19 ന് മുമ്പ് ഈ സംരംഭം ചെറിയ നഷ്ടത്തിലായിരുന്നു. കൂടുതല്‍ മൂലധന നിക്ഷേപം സ്ഥിരമായി നടത്തിയാണ് സംരംഭകന്‍ നഷ്ടം നികത്തിയിരുന്നത്. ഇതിനായി വായ്പകളെ ആശ്രയിച്ചില്ല. കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂലം വില്‍പ്പനയില്‍ വന്‍ കുറവ് നേരിടുകയും സംരംഭം വലിയ നഷ്ടത്തിലാവുകയും ചെയ്തു. അധികമായി വരുന്ന ജീവനക്കാരെയും തൊഴിലാളികളെയും ഒഴിവാക്കുന്നതു പോലുള്ള പ്രധാന ചെലവു ചുരുക്കല്‍ നടപടികള്‍ സംരംഭകന്‍ നടപ്പാക്കി. ലാഭം കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വില്‍ക്കാന്‍ ശ്രമം തുടങ്ങി. ഈ നടപടികളെ തുടര്‍ന്ന് ഫിഗര്‍ 1 ല്‍ കാണിച്ചിരിക്കുന്നതു പോലെ ഒറ്റ ഷിഫ്റ്റില്‍ പ്രവര്‍ത്തിച്ച് സംരംഭം ബ്രേക്ക് ഈവന്‍ നിലയിലെത്തി.

Figure 1: P&L of Manufacturer after Cost Cutting Initiatives



ഫാക്ടറിയുടെ 20 ശതമാനത്തോളം ശേഷി വിനിയോഗിക്കപ്പെടാതെ കിടക്കുകയാണെന്നും അത് പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാനാകുമെന്നും സംരംഭകന്‍ കണ്ടെത്തി.
ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ശേഷം സംരംഭകന്റെ കണക്കു കൂട്ടല്‍ പ്രകാരം ഒരു ഉല്‍പ്പന്നത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ 60 ശതമാനം തൊഴിലാളികള്‍ക്കുള്ള ശമ്പളവും 40 ശതമാനം മറ്റു ചെലവുകളുമാണ്.
അദ്ദേഹം തന്റെ ഉല്‍പ്പന്നങ്ങളെ മൂന്നു തരത്തില്‍ വിഭജിച്ചു. ഫിഗര്‍ രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ കുറഞ്ഞ മാര്‍ജിനുള്ള ഉല്‍പ്പന്നങ്ങള്‍, ഇടത്തരം മാര്‍ജിനുള്ള ഉല്‍പ്പന്നങ്ങള്‍, കൂടുതല്‍ മാര്‍ജിനുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ.
Figure 2: Product Costing Per Piece



ഫിഗര്‍ രണ്ടില്‍ കാണുന്നതു പോലെ (നമ്പര്‍ 8), വിനിയോഗിക്കപ്പെടാത്ത ശേഷി പ്രയോജനപ്പെടുത്തി ഒരു മാസം ഉയര്‍ന്ന മാര്‍ജിനുള്ള ഉല്‍പ്പന്നം 20 എണ്ണവും ഇടത്തരം മാര്‍ജിനുള്ള ഉല്‍പ്പന്നം 30 എണ്ണവും കുറഞ്ഞ മാര്‍ജിനുള്ളവ 50 എണ്ണവും ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് സംരംഭകന്‍ കണക്കു കൂട്ടി.
20 ശതമാനം വരുന്ന അധിക ശേഷി വിനിയോഗിച്ച് ലാഭം വര്‍ധിപ്പിക്കുന്നതിനായി ഉയര്‍ന്ന മാര്‍ജിനും ഇടത്തരം മാര്‍ജിനുമുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂട്ടാന്‍ സംരംഭകന്‍ ശ്രമം തുടങ്ങി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഉയര്‍ന്നതും ഇടത്തരവുമായ മാര്‍ജിന്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആ വിലയില്‍ വിപണിയില്‍ കൂടുതല്‍ ഡിമാന്‍ഡ് ഇല്ലെന്ന് സെയ്ല്‍സ് മാനേജര്‍ അറിയിച്ചു.
അവയുടെ വില കുറയ്ക്കുക എന്നതും ഏറെ അപകടമാണ്. നിലവിലെ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ കൂടി കുറഞ്ഞ വില ആവശ്യപ്പെടുകയും നിലവിലുള്ള വില്‍പ്പന തന്നെ കുറയുകയും ചെയ്യും. ഈ വിഷമസന്ധി മറികടക്കുന്നതിനായി പ്രധാന മാനേജര്‍മാരുമായി സംരംഭകന്‍ ഒരു മീറ്റിംഗ് നടത്തി.
കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടെന്നും പ്രതിമാസം 300ഓളം എണ്ണം അധികമായി നിലവിലെ വിലയ്ക്ക് തന്നെ ആവശ്യപ്പെടാറുണ്ടെന്നും യോഗത്തില്‍ സെയ്ല്‍സ് മാനേജര്‍ വെളിപ്പെടുത്തി. എന്നാല്‍ ശേഷി വലിയൊരു പ്രശ്നമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വലിയ നിയന്ത്രങ്ങളോടെയാണ് അവ നല്‍കുന്നത്. 9 ശതമാനം മാത്രമാണ് ലാഭം എന്നതു കൊണ്ടു തന്നെ കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വില്‍ക്കുന്നതിനോട് ഫിനാന്‍സ് മാനേജര്‍ക്ക് വലിയ താല്‍പ്പര്യമില്ല.
ചെലവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുനഃപരിശോധിച്ചതിലൂടെ സംരംഭകന്‍ ഒരു കാര്യം മനസ്സിലാക്കി. ഫിഗര്‍ മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ, വിനിയോഗിക്കപ്പെടാതെ കിടക്കുന്ന ശേഷി മാത്രം പ്രയോജനപ്പെടുത്തി കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ തൊഴിലാളി ചെലവോ മറ്റു ചെലവുകളോ വര്‍ധിക്കുന്നില്ല.
Figure 3: Revised Product Costing Per Piece within Existing Capactiy



 


ഇത് വ്യക്തമക്കുന്നത്, കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പ്രതിമാസം 50 എണ്ണം വര്‍ധിപ്പിച്ചാല്‍ തന്നെ ബിസിനസിന്റെ ലാഭക്ഷമത ഗണ്യമായി വര്‍ധിക്കും. പ്രതിമാസം ഏകദേശം 6000 രൂപ. എന്നിരുന്നാലും, കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നം നിര്‍മിക്കുന്നതിന് ആവശ്യമായ പ്രത്യേക മെഷീന്‍ അതിന്റെ പൂര്‍ണശേഷി ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും നിലവിലുള്ള ശേഷിയില്‍ അധികം എണ്ണം ഉല്‍പ്പാദിപ്പിക്കാനാവില്ലെന്നും പ്രൊഡക്ഷന്‍ മാനേജരിലൂടെ സംരംഭകന്‍ മനസ്സിലാക്കി.
കൂടുതല്‍ ചര്‍ച്ച നടത്തിയതിലൂടെ, കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ഒരു ഷിഫ്റ്റ് കൂടി അധികമായി ഏര്‍പ്പെടുത്തിയാല്‍ ഫാക്ടറിയുടെ വിനിയോഗിക്കപ്പെടാത്ത ശേഷി പ്രയോജനപ്പെടുത്തി പ്രതിമാസം 300 എണ്ണം അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും മനസ്സിലായി.
ഈ മെഷീന്‍ പ്രയോജനപ്പെടുത്തി ഒരു ഷിഫ്റ്റ് കൂടി പ്രവര്‍ത്തിക്കുന്നതിന് തൊഴിലാളി ശമ്പളമായി 7000 രൂപയും മറ്റു ചെലവുകളായി 3000 രൂപയും ഒരു മാസത്തേക്ക് വേണ്ടി വരും. ആവശ്യത്തിനനുസരിച്ച് കുറഞ്ഞ മാര്‍ജിനിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഈ നടപടി കൈക്കൊണ്ട ശേഷം സംരംഭത്തിന്റെ ലാഭം, ഫിഗര്‍ നാലില്‍ കാണിച്ചിരിക്കുന്നതു പോലെ പ്രതിമാസം 26000 രൂപയിലേക്ക് കുതിച്ചുയര്‍ന്നു.
Figure 4: P&L of Manufacturer after meeting Entire Low Margin Products Demand



മുകളില്‍ കാണിച്ചിരിക്കുന്നതു പോലെ, ഒരു സംരംഭകന് തന്റെ സംരംഭത്തിന്റെ ലാഭക്ഷമതയെ കുറിച്ചുള്ള ശരിയായ ധാരണയും ബിസിനസ് ശേഷിയെ കുറിച്ച് വ്യക്തതയും ഉണ്ടെങ്കില്‍ റെക്കോര്‍ഡ് ലാഭം ഉണ്ടാക്കാനാവും.




 


Tags:    

Similar News