കുടുംബ ബിസിനസിനെ എങ്ങനെ വിജയകരമായ ബിസിനസ് കുടുംബമാക്കാം?
കുടുംബ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ യു.കെ ആന്‍ഡ് കമ്പനിയുടെ സ്ഥാപകനും സാരഥിയുമായ ഉല്ലാസ് കമ്മത്തും ടീമംഗങ്ങളായ പ്രവീണ്‍ ശിവരാമകൃഷ്ണനും ആര്യ നമ്പൂതിരിപ്പാടും സംസാരിക്കുന്നു
മാറിയില്ലെങ്കില്‍ കുടുംബ ബിസിനസുകള്‍ക്ക് ആയുസുണ്ടാവില്ല. എങ്ങനെ മാറണം? അതിന് എന്തൊക്കെ ചെയ്യണം? എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? കുടുംബ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ യു.കെ ആന്‍ഡ് കമ്പനിയുടെ സ്ഥാപകനും സാരഥിയുമായ ഉല്ലാസ് കമ്മത്തും ടീമംഗങ്ങളായ പ്രവീണ്‍ ശിവരാമകൃഷ്ണനും ആര്യ നമ്പൂതിരിപ്പാടും സംസാരിക്കുന്നു
♦ കേരളത്തിലെ ഭൂരിഭാഗം ചെറുകിട, ഇടത്തരം ബിസിനസുകളും കുടുംബ ബിസിനസുകളാണ്. താങ്കളുടെ നിരീക്ഷണത്തില്‍ ഇവയുടെ ശക്തിയും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണ്?
തലമുറകളായി നിലകൊള്ളുന്നവയാണ് ഇത്തരം ബിസിനസുകള്‍. അതുകൊണ്ട് തന്നെ വിശ്വാസം, കൂറ് പുലര്‍ത്തുന്ന ഇടപാടുകാരും ജീവനക്കാരും, ദീര്‍ഘമായ കാഴ്ചപ്പാട് എന്നിവയെല്ലാം ഇവയ്ക്ക് കരുത്തേകുന്ന ഘടകങ്ങളാണ്. പ്രാദേശിക വിപണിയെ കുറിച്ച് ആഴത്തിലുള്ള അറിവ് ഇവയ്ക്കുണ്ടെന്ന് മാത്രമല്ല, വളരെ ശക്തമായ സാമൂഹിക ബന്ധവും വെച്ചു പുലര്‍ത്തുന്നു.
തലമുറകളായി കൈമാറി വരുന്ന അറിവുകളാണ് മറ്റൊരു അമൂല്യസമ്പത്ത്. എന്നിരുന്നാലും കുടുംബ ബിസിനസുകള്‍ മാറ്റത്തിനോട് മുഖംതിരിച്ചുനില്‍ക്കുന്ന പ്രവണത കാണാറുണ്ട്. പ്രൊഫഷണലായ ഘടനയും നടത്തിപ്പ് രീതിയും ഇല്ലാത്തതുകൊണ്ടാകാം പലപ്പോഴും ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ തീരുമാനമെടുക്കല്‍ പ്രക്രിയ മന്ദഗതിയിലുള്ളതാകും. പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളുടെ രീതിയും ശൈലിയും എല്ലാമുള്ളപ്പോള്‍. അനന്തരാവകാശികളെ തീരുമാനിക്കുന്നതും തര്‍ക്കത്തില്‍പ്പെടും. ഇന്നൊവേഷന്‍, വളര്‍ച്ച എന്നിവയെ എല്ലാം ഇത് പ്രതികൂലമായി ബാധിക്കും.
പരമ്പരാഗതമായി തുടരുന്ന ബിസിനസ് രീതികള്‍ തന്നെ തുടരാനാണ് പലരും ഇഷ്ടപ്പെടുക. അത് ഇപ്പോഴത്തെ മത്സരാധിഷ്ഠിത ബിസിനസ് ലോകത്തിന് അനുയോജ്യമായ രീതികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോള്‍ ഇവിടത്തെ ബിസിനസുകള്‍ റിസ്‌ക് എടുക്കാന്‍ അത്ര താല്‍പ്പര്യം കാണിക്കാറില്ല. ഇത്തരം മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമെല്ലാം ഈ മാറ്റം യുവസമൂഹം പഠിക്കണം. വിജയകഥകള്‍ അറിയുന്നതും മെന്റര്‍ഷിപ്പ് നല്‍കുന്നതുമെല്ലാം യുവ സമൂഹത്തെ പ്രചോദിപ്പിക്കും. ഇവര്‍ ധൈര്യപൂര്‍വമുള്ള ബിസിനസ് ചുവടുവെയ്പ്പുകള്‍ പിന്നീട് നടത്തുകയും ചെയ്യും.
♦ കുടുംബ ബിസിനസ് പശ്ചാത്തലത്തിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
കുടുംബത്തിന്റെയും ബിസിനസിന്റെയും താല്‍പ്പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുക, ബിസിനസിലെ അനന്തരാവകാശികളെ തീരുമാനിക്കുക, പ്രൊഫഷണലിസം കൊണ്ടുവരിക തുടങ്ങിയവയാണ് പ്രധാന വെല്ലുവിളികള്‍. ഇത്തരം ബിസിനസുകളുടെ നടത്തിപ്പ് രീതികള്‍ പലപ്പോഴും അനൗദ്യോഗിക സ്വഭാവത്തിലുള്ളതാകും. അത് കാര്യക്ഷമത ഇല്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും. കുടുംബത്തിനകത്തുള്ള തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കല്‍ പ്രക്രിയകള്‍ വൈകിപ്പിക്കും.
അതുപോലെ കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ ബിസിനസിലേക്ക് കൊണ്ടുവരുന്നതിലുള്ള എതിര്‍പ്പ് ഇന്നൊവേഷനെ പരിമിതപ്പെടുത്തും. എല്ലാത്തിനും ഉപരിയായി സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുക, വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം മാറുക എന്നിവയെല്ലാം കുടുംബ ബിസിനസുകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാകും.
ഓര്‍ഗാനിക്കായ വളര്‍ച്ചാ രീതികളില്‍ മാത്രമാണ് കേരളത്തിലെ ഭൂരിഭാഗം കുടുംബ ബിസിനസുകള്‍ക്കും താല്‍പ്പര്യം. ഏറ്റെടുക്കലുകള്‍, പങ്കാളിത്തം, അല്ലെങ്കില്‍ പുതിയ വിപണിയിലേക്ക് കടക്കല്‍ എന്നിവയിലൂടെയെല്ലാമുള്ള വളര്‍ച്ചാ രീതികളില്‍ നിന്ന് അകലം പാലിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. പുറത്തുനിന്നുള്ള വിദഗ്ധരെ കൊണ്ടുവരാനും മടിയുണ്ട്. കാലങ്ങളായി കൂടെയുള്ളവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് പുതിയ ആശയങ്ങള്‍ ബിസിനസില്‍ വരുന്നതിനെ തടയുന്നു.
ഫണ്ട് സമാഹരിക്കേണ്ട സാഹചര്യം വരുമ്പോള്‍ വായ്പകളോടാകും ആഭിമുഖ്യം. മികച്ച വളര്‍ച്ച സാധ്യമാക്കുന്ന പ്രൈവറ്റ് ഇക്വിറ്റി പോലുള്ള രീതികളോട് പ്രതിപത്തി കുറവാണ്. എന്നിരുന്നാലും പതുക്കെയാണെങ്കിലുംഈ പ്രവണതകള്‍ക്കെല്ലാം മാറ്റം വന്നുതുടങ്ങുന്നുണ്ട്. കുറേയേറെ കുടുംബ ബിസിനസുകള്‍ പ്രൈവറ്റ് ഇക്വിറ്റി പോലുള്ള രീതികള്‍ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്്. സമീപ ഭാവിയില്‍ തന്നെ കേരളത്തിലെ സംരംഭകര്‍ ഇത്തരം പ്രതിബന്ധങ്ങളെ മറികടന്ന് മുന്നേറുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
♦ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ പ്രസക്തിയോടെ നിലനില്‍ക്കാനും വളരാനും അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ബിസിനസുകള്‍ പ്രസക്തിയോടെ നിലനില്‍ക്കാനും വളരാനും തലമുറകള്‍ കടന്ന് മുന്നോട്ട് പോകാനും ഞങ്ങള്‍ എന്നും പറയുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത്തെ പ്രധാനകാര്യം നിങ്ങളുടെ ബിസിനസിന്റെ അകവും പുറവും നിങ്ങള്‍ അറിഞ്ഞിരിക്കണം എന്നതാണ്. ഏതൊരു കുടുംബ ബിസിനസിന്റെയും സാരഥികള്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങള്‍ വ്യക്തമായി അറിയണം.
അതായത് വരുമാന വളര്‍ച്ച, അറ്റ മാര്‍ജിന്‍, ക്യാഷ് ഫ്ളോ, തങ്ങളുടെ ഉല്‍പ്പന്നമുള്ള മേഖലയുടെ വിപണി വലുപ്പം, ആ വിപണിയില്‍ തങ്ങള്‍ക്കുള്ള വിഹിതം ഇതിനെല്ലാം പുറമേ ജീവനക്കാരുടെ സംതൃപ്തി എത്രമാത്രമുണ്ടെന്നു പോലും അറിയണം. െൈകവള്ളയിലായിരിക്കണം ഈ കണക്കുകള്‍. പല സംരംഭകര്‍ക്കും ഈ കണക്കുകള്‍ അറിയണമെന്നില്ല. ഒരു ചെറുകിട ഇടത്തരം ബിസിനസിന് ഇപ്പോഴത്തെ കാലത്ത് വിപണിയില്‍ മത്സരിക്കണമെങ്കില്‍ സംരംഭത്തെ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമായി അറിയണമെന്നതാണ് ആദ്യ പടി.
ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യുന്നതാണ് മറ്റൊരു പ്രധാന കാര്യം. ബിസിനസിന്റെ നടത്തിപ്പ് സംഘടിത രൂപത്തിലുള്ളതാക്കുക, കൃത്യമായ റോളും ഉത്തരവാദിത്തങ്ങളും നിശ്ചയിക്കുക, സിസ്റ്റവും പ്രോസസും ഏര്‍പ്പെടുത്തുക എന്നിവയെല്ലാമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വെറും 'സ്‌കെയ്ലിംഗ് അപ്പ്' അല്ല 'സ്‌കെയ്ലിംഗ് സ്മാര്‍ട്ടാ'ണ്.
ഇതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ബിസിനസിനെ ടെക്നോളജി രൂപാന്തരീകരണത്തിന് വിധേയമാക്കുന്നതും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിക്കുന്നതും. നമ്മള്‍ അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ലോകത്താണ് ജീവിക്കുന്നത്. ബിസിനസുകളും ആ മാറ്റത്തിനൊത്ത് മാറുന്നില്ലെങ്കില്‍ പ്രസക്തി നഷ്ടമാകും.
അതുകൊണ്ടാണ് പുതിയ വിപണികളിലേക്ക് കടക്കുന്നതും ബിസിനസിന്റെ നിരന്തര നവീകരണവും അനിവാര്യമാണെന്ന് പറയുന്നത്. ഇതുമാത്രമല്ല, എല്ലായ്പ്പോഴും നിയമാനുസൃതമായും നീതിനിഷ്ഠവുമായി വേണം ബിസിനസ് നടത്താന്‍. ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് നിയമാനുസൃതമായി ബിസിനസുകള്‍ നടത്തുന്നത് ഭാവിയില്‍ വരാനിടയുള്ള റിസ്‌കുകളില്‍ നിന്ന് അവയെ സംരക്ഷിക്കുക മാത്രമല്ല, ശക്തമായ അടിത്തറ കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെടും.
ദീര്‍ഘമായ കാഴ്ചപ്പാടോടെ വേണം ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍. പിന്തുടര്‍ച്ചാക്രമം തീരുമാനിക്കുന്നത് കുടുംബ ബിസിനസുകളില്‍ അനിവാര്യമായ ഒന്നാണ്. അതുപോലെ തന്നെ പുറത്തുനിന്നുള്ള വിദഗ്ധരെ ടീമിലേക്ക് കൊണ്ടുവരണം. കുടുംബ ബിസിനസിനകത്തുള്ള വിദഗ്ധരും പുറമേ നിന്നുള്ള പ്രൊഫഷണലുകളും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ശക്തമായൊരു ശൈലി സൃഷ്ടിക്കപ്പെടും.
♦ കുടുംബ പശ്ചാത്തലത്തിലുള്ള ചെറുകിട, ഇടത്തരം ബിസിനസുകളെ പ്രൊഫഷണലൈസ് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
പ്രൊഫഷണലുകളെ ബിസിനസിന്റെ തന്ത്രപ്രധാനമായ റോളുകളിലേക്ക് കൊണ്ടുവരിക എന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യമാണ്. ഇത് പുതിയ കാഴ്ചപ്പാടുകള്‍ ബിസിനസിലേക്ക് കൊണ്ടുവരും. മൂല്യമേറിയ അനുഭവസമ്പത്തും ഇതിലൂടെ ലഭിക്കും. കുടുംബ ബിസിനസിന്റെ മൂല്യങ്ങളും പ്രൊഫഷണല്‍ സമീപനങ്ങളും തമ്മില്‍ സമന്വയമില്ലെങ്കില്‍ അസ്വാരസ്യങ്ങള്‍ തലപ്പൊക്കും. മാറ്റത്തിനോടുള്ള വിമുഖതയുണ്ടാവുകയും ചെയ്യും. ഇതൊഴിവാക്കാന്‍ കുടുംബ ബിസിനസുകള്‍ പ്രൊഫഷണലുകളെ തേടുമ്പോള്‍ ശരിയായ വൈദഗ്ധ്യം മാത്രമല്ല, കുടുംബ ബിസിനസിന്റെ സംസ്‌കാരവുമായി ഒത്തുപോകുന്ന പ്രൊഫഷണല്‍ ശൈലി കൂടി പരിഗണിക്കണം.
കുടുംബ ബിസിനസിന്റെ വിഷന്‍, മൂല്യങ്ങള്‍, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടെങ്കിലാണ് അനുയോജ്യമായ പ്രൊഫഷണലുകളെ തിരഞ്ഞെടുക്കാനും നിയമിക്കാനും സാധിക്കൂ. ഇതോടൊപ്പം റോളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വചിച്ചിരിക്കണം. ഇതിനെല്ലാമുപരിയായി കുടുംബം മാറ്റത്തിനോട് അനുകൂലമായ സമീപനം പുലര്‍ത്തുകയും ബിസിനസിലേക്ക് കൊണ്ടുവന്നിരിക്കുന്ന പ്രൊഫഷണലിന്റെ വൈദഗ്ധ്യത്തിലും ശൈലിയിലുംവിശ്വാസം അര്‍പ്പിക്കുകയും വേണം.
''ഓരോ ബിസിനസിനും അനുയോജ്യമായ കസ്റ്റമൈസ്ഡ് സേവനങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്'' ചെറുകിട, ഇടത്തരം ബിസിനസ് മേഖലയോടുള്ള പാഷനേറ്റായ സമീപനം കൊണ്ടുതന്നെയാണ് UK&Co എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ടീമിലെ ഓരോരുത്തരും അതേ പാഷന്‍ തന്നെ നെഞ്ചേറ്റുന്നവരാണ്. എസ്എംഇകള്‍ സമ്പദ്വ്യവസ്ഥയിലെ നിര്‍ണായക ശക്തികളാണെന്ന വസ്തുത അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവ കൊണ്ടുവരുന്ന ഇന്നൊവേഷന്‍ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്ഘടനയിലുമെല്ലാം ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, പോസിറ്റീവായ മാറ്റങ്ങളുമുണ്ടാക്കും.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കാനുള്ള ഏറ്റവും പ്രാധാന്യമുള്ള മേഖലയായി എസ്എംഇയെ കാണണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ ഈ രംഗത്തെ വളര്‍ച്ച എല്ലായ്പ്പോഴും നേടാവുന്നതിനേക്കാള്‍ കുറവാണ്. ഇത് നികത്താന്‍ സംരംഭങ്ങളെ കൈപിടിച്ചു നടത്തേണ്ടത് ആവശ്യമാണ്. അതിനുവേണ്ടിയാണ് UK&Co രൂപീകരിക്കപ്പെട്ടിരിക്കുന്നത്.
കുടുംബ ബിസിനസ് മാനേജ്മെന്റില്‍ സവിശേഷ വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍ ടീമാണ് ഈ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനൊപ്പമുള്ളത്. ഫാമിലി, ബിസിനസ്, മാനേജ്മെന്റ് എന്നിങ്ങനെ മൂന്ന് മേഖലയിലുമാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. തിരഞ്ഞെടുത്ത എസ്എംഇകള്‍ക്ക് ഏറ്റവും അനുയോജ്യമായ തന്ത്രങ്ങളും പ്രൊഫഷണല്‍ സേവനങ്ങളും നല്‍കുക മാത്രമല്ല, അത് ബിസിനസില്‍ വിജയകരമായി നടപ്പാക്കുന്നതിന്റെ മേല്‍നോട്ടവും വഹിക്കുന്നു. ഓരോ സംരംഭത്തിന്റെയും ഭാഗമായി നിന്നുകൊണ്ട് പ്രൊഫഷണലൈസേഷന്‍ നടപ്പാക്കാനും അടുത്തഘട്ട വളര്‍ച്ച സാധ്യമാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു.
ഓരോ ബിസിനസും വിഭിന്നമാണ്. അതുകൊണ്ട് തന്നെ ഓരോന്നിനും തികച്ചും അനുയോജ്യമായ കസ്റ്റമൈസ്ഡ് സേവനങ്ങളാണ് നല്‍കുന്നത്. ടെക്നോളജി, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, മാര്‍ക്കറ്റ് റിസര്‍ച്ച്, സെയ്ല്‍സ്, ഡിസ്ട്രിബ്യൂഷന്‍, എച്ച്ആര്‍ തുടങ്ങി തന്ത്രപ്രധാനമായ എല്ലാ മേഖലകളും ഞങ്ങള്‍ കൈകാര്യം ചെയ്യും. കാരണം ഇവയെല്ലാം സമന്വയിപ്പിച്ചുള്ള ശൈലിയാണ് വളര്‍ച്ചയില്‍ അനിവാര്യമെന്ന് ഞങ്ങള്‍ കരുതുന്നു. അതുപോലെ തന്നെ ഞങ്ങള്‍ ഇടപെടുന്ന കുടുംബ ബിസിനസുകളുടെ മൂല്യങ്ങളും സംസ്‌കാരവും അടുത്തറിയാനും സമയമെടുത്ത് ഞങ്ങള്‍ പഠിക്കുന്നു. അതെല്ലാം കാത്തുസൂക്ഷിച്ചും വില കൊടുത്തും മാത്രമേ വളര്‍ച്ചാ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കൂ. ഞങ്ങളുടെ സേവനങ്ങള്‍ തേടുന്നവരുമായി ദീര്‍ഘകാല ബന്ധങ്ങളാണ് ലക്ഷ്യം. ഫാമിലി ബിസിനസുകളെ വിജയകരമായ ബിസിനസ് കുടുംബങ്ങളാക്കി മാറ്റുന്നതിനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്.