'ബിന്‍-19' കിടുവാണ്! ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കും, അണുവിമുക്തമാക്കും
കെ എസ് യു എം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19 യന്ത്രത്തെക്കുറിച്ച് അറിയാം. ഒപ്പം ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപയോഗിച്ചുള്ള അവരുടെ പ്രവര്‍ത്തനങ്ങളെയും.
ഇക്കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ മാലിന്യപ്രശന്ങ്ങളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് നമ്മള്‍ക്ക് ഇന്ന് ഏറ്റവും അവശ്യ വസ്തുവായി വാങ്ങി ഉപയോഗിക്കേണ്ടിവരുന്ന മാസ്‌കുകളാണ്. അതില്‍ പ്രധാനമായും ഒറ്റ ഉപയോഗത്തിലൂടെ തന്നെ ഉപയോഗ ശൂന്യമായി പോകുന്ന സര്‍ജിക്കല്‍ മാസുകള്‍. കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ മാസ്‌ക് നിര്‍മാര്‍ജ്ജനത്തില്‍ എങ്ങും എത്തിപ്പെടാത്തത്ര കുരുക്കിലാണ്. ജീവന്‍രക്ഷാ മാര്‍ഗം പോലെ ഉപയോഗിക്കേണ്ടി വരുന്ന സര്‍ജിക്കല്‍ മാസ്‌കുകളെ ഒഴിവാക്കാനാകുന്നതെങ്ങനെ. എന്നാല്‍ അവയെ അണുവിമുക്തമാക്കാന്‍ കഴിഞ്ഞാലോ? ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കാനും അണുവിമുക്തമാക്കാനും ഉപകരണം വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി അത്തരത്തിലാണ് വ്യത്യസ്തമാകുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ഉപകരണമാണ്
ഉപയോഗിച്ച മാസ്‌കുകളെ അണുവിമുക്തമാക്കുന്നത്, അതും ഹൈടെക് സാങ്കേതിക വിദ്യയില്‍. ഇവര്‍ വികസിപ്പിച്ച ബിന്‍-19 യന്ത്രങ്ങളാണ് സന്നദ്ധ പ്രവര്‍ത്തന ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ല ഭരണകൂടങ്ങളുടേയും ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് പകരുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്നതോടൊപ്പം കോവിഡ് മാലിന്യം കൈകൊര്യം ചെയ്യുന്നതില്‍ ഇത് നിര്‍ണായക പങ്കാണ് വഹിക്കുന്നത്. മാലിന്യ ശേഖരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനും ബിന്‍-19 ഏറെ പ്രയോജനപ്പെടുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിലെ മാസ്‌ക് അണുവിമുക്തമാക്കുന്നതിനുവേണ്ടി യൂറോപ്പിലെ മാസ്‌ക് ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയില്‍ നിന്നും ഇതിനായി വിഎസ്ടിക്ക് അടുത്തിടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപയുക്തമാക്കി ബിന്‍-19 വികസിപ്പിച്ചത്.
പ്രവര്‍ത്തനരീതി
ഉപയോഗിച്ച മാസ്‌കുകളെ ബിന്‍-19 ല്‍ ഉള്ള ചേമ്പറില്‍ നിക്ഷേപിക്കുന്നു. അപ്പോള്‍ തന്നെ അവ അണുവിമുക്തമാക്കുകയും ബിന്നിനകത്തുള്ള മറ്റൊരു അറയില്‍ അണുവിമുക്തമാക്കിയ മാസ്‌കുകള്‍ എത്തുകയും ചെയ്യുന്നു. മാസ്‌ക് നിക്ഷേപിക്കുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറിന്റെ സഹായത്തോടെ കൈകള്‍ അണുവിമുക്തമാക്കാനാകും. ഇത്തരം പ്രക്രിയകളെല്ലാം ഓട്ടോമാറ്റിക്കായാണ് നടക്കുന്നതെന്ന് വിഎസ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു.
ഐഒടിയുടെ സഹായത്താല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സ്റ്റാറ്റസുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് വെബ് പോര്‍ട്ടലുമുണ്ട്. ബിന്‍-19 പ്രവര്‍ത്തന ക്ഷമമാകുമ്പോഴും ബോക്‌സ് തുറക്കുമ്പോഴും ഓഫ് ആകുമ്പോഴുമെല്ലാം മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനവും സജ്ജം.