ചൈനീസ് കമ്പനികളെ മറികടന്ന് തൃശൂരില്‍ നിന്ന് 20 ലോക രാജ്യങ്ങളിലേക്ക് ഒരു മെയ്ഡ് ഇന്‍ കേരള വിജയകഥ!
കേരളത്തില്‍ നിര്‍മിക്കുന്നതിന് ലോക വിപണിയില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് മനസിലാക്കി പ്രൈം ഗ്രൂപ്പ് വിജയകഥ രചിച്ചത് ഇങ്ങനെ
തൃശൂരിലിരുന്നു കൊണ്ട് ലോകത്തിലെ പ്രധാനവിപണികളില്‍ സ്റ്റീല്‍ ബില്‍ഡിംഗ് സ്‌പെഷ്യലിസ്റ്റുകളായി മാറാന്‍ പറ്റുമോ; അതും ചൈനീസ് കമ്പനികളുടെ കടുത്ത മത്സരങ്ങളെ അതിജീവിച്ചുകൊണ്ട്? പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശൂര്‍ പുഴയ്ക്കലിലുള്ള പ്രൈം ഗ്രൂപ്പ്. മാഞ്ചസ്റ്ററിലും മെല്‍ബണിലും രണ്ട് രാജ്യാന്തര ഓഫീസുകള്‍. ആഫ്രിക്ക, യുകെ, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ഫിജി, മാലദ്വീപ് എന്നിങ്ങനെ ലോകത്തെ 20 രാജ്യങ്ങളില്‍ സാന്നിധ്യം. ഇന്ത്യയില്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, അസം, മേഘാലയ, ത്രിപുര എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലും പദ്ധതികള്‍. ''20 രാജ്യങ്ങളിലെ ഞങ്ങളുടെ ഉപഭോക്താക്കളില്‍ 80 ശതമാനവും ഇന്ത്യക്കാരാണ്. അതില്‍ 80 ശതമാനവും മലയാളികളും. ഒരിക്കല്‍ പ്രൈം ഗ്രൂപ്പിന്റെ സ്റ്റീല്‍ ബില്‍ഡിംഗ് സൊല്യൂഷന്‍ തേടിയവര്‍ വീണ്ടും അതേ ആവശ്യത്തിന് ഞങ്ങളെ തന്നെയാണ് സമീപിക്കുക,'' പ്രൈം ഗ്രൂപ്പ് സാരഥി ജോസഫ് മാത്യു ശങ്കൂരിക്കല്‍ പറയുന്നു.
ഇതുപോലെ ഉപഭോക്താവിന്റെ അടിയുറച്ച വിശ്വാസം നേടാന്‍ കഴിഞ്ഞതിന്റെ കാരണവും ജോസഫ് മാത്യു പറയും; മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡിനോട് ലോകത്തെ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായൊരു താല്‍പ്പര്യമുണ്ട്. ഉപഭോക്താക്കള്‍ കേരളത്തിലെ ബ്രാന്‍ഡ് സാരഥികളുമായി ഇടപാടുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു. അതിന് കാരണങ്ങള്‍ പലതാണ്; സേവനം തേടുന്ന എല്ലാ ഉപഭോക്താക്കളോടും അങ്ങേയറ്റത്തെ ആത്മാര്‍പ്പണമാണ് കേരള ബിസിനസ് സാരഥികള്‍ക്കുള്ളത്. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യില്ല. ആജീവനാന്തം നല്ല ബന്ധമാണ് ഓരോ ബ്രാന്‍ഡുടമയും ആഗ്രഹിക്കുന്നത്. അതിനായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കേരള ബ്രാന്‍ഡുകള്‍ക്ക് ആഗോളതലത്തില്‍ മികച്ച സ്വീകാര്യത നല്‍കുന്നുണ്ട്.
പ്രൈമിന്റെ വിജയ ഫോര്‍മുല
ഏറ്റവും സങ്കീര്‍ണമായ എന്‍ജിനീയറിംഗ് പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനുള്ള വൈദഗ്ധ്യവും വര്‍ഷങ്ങളുടെ പാരമ്പര്യവും ഒരൊറ്റ മനസോടെ പ്രവര്‍ത്തിക്കുന്ന ടീമുമാണ് പ്രൈമിനെ ആഗോള വിപണിയിലടക്കം കരുത്തരാക്കിയത്. റൂഫിംഗ് ഷീറ്റുകള്‍ നിര്‍മിച്ചുകൊണ്ട് 2006ല്‍ മാനുഫാക്ചറിംഗ് രംഗത്തേക്ക് കടന്ന പ്രൈം ഗ്രൂപ്പ് ഇന്ന് വന്‍കിട പദ്ധതികള്‍ക്ക് സമ്പൂര്‍ണ റൂഫിംഗ് സൊല്യൂഷനുകള്‍ നല്‍കുന്നതിനൊപ്പം സാന്‍ഡ്‌വിച്ച് പാനല്‍, പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗ്, പോളികാര്‍ബണേറ്റ് ക്ലാഡിംഗ്, വിന്‍ഡ് എനര്‍ജി ടര്‍ബോ വെന്റിലേറ്റര്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്. ഇവരെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങള്‍ പലതാണ്.
പൈതൃകമായുള്ള ചങ്കൂറ്റം
പ്രൈം ഗ്രൂപ്പ് സാരഥി ജോസഫ് മാത്യു ശങ്കൂരിക്കലിന്റെ പിതാവ് എസ്.ജെ. മാത്യു അറിയപ്പെടുന്ന സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റായിരുന്നു. ''നിര്‍ഭയത്വം ഞാന്‍ പഠിച്ചെടുത്തത് പിതാവില്‍ നിന്നാണ്. എത്ര സങ്കീര്‍ണമായ എന്‍ജിനീയറിംഗ് പ്രശ്‌നത്തിനും പരിഹാരം അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്നു. നാലുവര്‍ഷത്തോളം അദ്ദേഹത്തിനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. ആര്‍എച്ച് പ്രൊഫൈലിലും കിര്‍ബിയിലും ജോലി ചെയ്തപ്പോള്‍ ബോസായിരുന്നവരില്‍ നിന്നാണ് ഭയരഹിതമായി ജോലി ചെയ്യാനുള്ള ശിക്ഷണം പിന്നീട് ലഭിച്ചത്. ഇന്ന് പ്രൈമിന് സ്റ്റീല്‍ ബില്‍ഡിംഗ് രംഗത്തെ കംപ്ലീറ്റ് സൊല്യൂഷന്‍ പ്രൊവൈഡറാകാന്‍ സാധിക്കുന്നത് എന്തിനും കയ്യില്‍ പരിഹാരമുള്ളതുകൊണ്ടാണ്,'' ജോസഫ്മാത്യു പറയുന്നു.
ടീമെന്ന കുടുംബം
''പ്രൈമിന്റെ ടീമംഗങ്ങളെല്ലാം കമ്പനിയുടെ ഉടമയെന്ന തലത്തിലാണ് എന്തിലും ഇടപെടുന്നതും സംസാരിക്കുന്നതും. അവരാണ് കമ്പനിയെ വളര്‍ത്തുന്നത്. വ്യക്തിജീവിതത്തിലും കരിയറിലും വളരാന്‍ മുന്നില്‍ വഴികളുണ്ടെന്ന വിശ്വാസമുണ്ടെങ്കില്‍ സ്വന്തം കമ്പനിയെന്ന പോലെ ടീം കൂടെ നില്‍ക്കും.
ആ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമവും ഉയര്‍ന്ന കാഴ്ചപ്പാടുകളും വേണം,'' ജോസഫ് മാത്യു ചൂണ്ടിക്കാട്ടുന്നു.
No Issue എല്ലായ്‌പ്പോഴും!
കേരളത്തിനകത്തും പുറത്തും വന്‍കിട സ്റ്റീല്‍ ബില്‍ഡിംഗ് പദ്ധതികള്‍ സമയ ബന്ധിതമായി പ്രൈം ചെയ്തു നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവയായി നിരവധി പദ്ധതികളുമുണ്ട്. ''പ്രൈമിന്റെ ഒരു സൈറ്റില്‍ പോലും നോക്കുകൂലി പ്രശ്‌നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. യൂണിയന്‍ ചാര്‍ജ് എന്ന നിലയില്‍ ഒരു നിശ്ചിത തുക മാറ്റിവെച്ച് തന്നെയാണ് ഞങ്ങള്‍ ഓരോ പദ്ധതിയുടെയും പ്രോജക്റ്റ് തീരുമാനിക്കുന്നത്. ഒരു പദ്ധതി നാട്ടില്‍ നടക്കുമ്പോള്‍ അതിന്റെ ഗുണഫലം ആ നാട്ടുകാര്‍ക്ക് ലഭിക്കണം. അതിന് കുറച്ച് തുക മാറ്റിവെയ്‌ക്കേണ്ടി വന്നാല്‍ അതിനെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഒരു കാര്യമായി മാത്രം കണ്ടാല്‍ മതി. എന്തിന് ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കണം,'' ജോസഫ് മാത്യുവിന്റെ ഈ മനോഭാവം എല്ലാ കാര്യത്തിലും പ്രകടമാണ്. എന്ത് സങ്കീര്‍ണ പ്രശ്‌നം മുന്നില്‍ വന്നാലും 'No Issue' എന്ന ആദ്യ മറുപടി ജോസഫ് മാത്യുവിന്റെ ഇരട്ടപ്പേരായി മാറിയിട്ടുണ്ട്.
യാത്രകള്‍ നല്‍കുന്ന പാഠങ്ങള്‍
ജോസഫ് മാത്യുവും ഭാര്യ ബിന്ദു ജോസഫും ബിസിനസിനൊപ്പം ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് യാത്രകളെയാണ്. കമ്പനിയുടെ സിഎഫ്ഒയാണ് ബിന്ദു ജോസഫ്. 92 ലോകരാജ്യങ്ങള്‍ ജോസഫ് മാത്യു സന്ദര്‍ശിച്ചിട്ടുണ്ട്. ''ഞാനും ബിന്ദുവും യാത്രകളില്‍ ഓരോ രാജ്യത്തെയും ആഴത്തില്‍ പഠിക്കാനാണ് ശ്രമിക്കുക. ഞങ്ങളുടെ നിരീക്ഷണങ്ങള്‍ ബിസിനസിലും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്,''ജോസഫ് മാത്യു പറയുന്നു.
കേരളം ബിസിനസിന് അനുകൂലം !
ഇന്ത്യയിലെമ്പാടും ബിസിനസ് വ്യാപിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് ഫാക്ടറികള്‍ വ്യാപിപ്പിക്കാന്‍ ഒരിക്കല്‍ ചിന്തിച്ചിരുന്നതായി ജോസഫ് മാത്യു പറയുന്നു. പക്ഷേ കേരളത്തില്‍ നിര്‍മിക്കുന്നതിന് ലോക വിപണിയില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് കണ്ടതോടെ ആ പ്ലാന്‍ മാറ്റി. തൃശൂര്‍, ഇരിങ്ങാലക്കുട, മുണ്ടൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രൈമിന്റെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. മംഗലാപുരത്ത് ഒരു പ്രമുഖ ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത പങ്കാളിത്തത്തില്‍ പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗ്, സാന്‍ഡ്‌വിച്ച് പാനല്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമായി വരുന്നുണ്ട്. '' തൊഴിലാളി പ്രശ്‌നങ്ങള്‍ പ്രൈമിന് ഉണ്ടായിട്ടില്ല. നികുതി സംബന്ധമായ നൂലാമാലകള്‍ വല്ലതും വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം നമ്മുടെ തന്നെ തെറ്റാവും. ബിസിനസ് നടത്തിപ്പിന് കേരളത്തില്‍ മാത്രമായി വലിയ പ്രശ്‌നങ്ങളില്ല. നമ്മുടെ നാട്ടിലെ പരിസ്ഥിതിക്ക് ഇണങ്ങാത്തവ ഇവിടെ പറ്റില്ല. അത്രമാത്രം,'' ജോസഫ് മാത്യു ചൂണ്ടിക്കാട്ടുന്നു.