മാന്ദ്യത്തെ നോക്കുകുത്തിയാക്കി ' മില്യണ്‍ ഡോളര്‍ സിഇഒ ക്ലബ് '

Update: 2019-12-12 10:11 GMT

സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലാണങ്കിലും ഇന്ത്യയിലെ ' മില്യണ്‍ ഡോളര്‍ സിഇഒ ക്ലബ് 'വികസിച്ചു കൊണ്ടേയിരിക്കുന്നു.പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളര്‍ (7 കോടി രൂപ) ശമ്പളം ലഭിക്കുന്ന സിഇഒമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 124 ല്‍ നിന്ന് 146 ആയി ഉയര്‍ന്നു - 18% വര്‍ധന.

കൂടാതെ സിഇഒമാരുടെ മൊത്തം ശമ്പളം 14 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2158 കോടി രൂപയായിരുന്നത് 2457 കോടിയാണിപ്പോള്‍. ശരാശരി പ്രതിഫല പാക്കേജ് 16.8 കോടി രൂപ. സണ്‍ഗ്രൂപ്പ് അമരത്തുള്ള കലാനിധി മാരനും,കാവേരി കലാനിധി മാരനുമാണ് ഏറ്റവുമധികം ശമ്പളമുള്ള സിഇഒമാര്‍. 88 കോടി രൂപ വീതം.

രണ്ടാംസ്ഥാനം ഹീറോ മോട്ടോകോര്‍പ്പ് സിഎംഡി പവന്‍ മുഞ്ജാളിനാണ് -80 കോടി. വരുമാന ഇടിവ് നേരിടുന്ന സ്റ്റീല്‍ കമ്പനി ജെഎസ്ഡബ്യു സ്റ്റീല്‍ ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ 69 കോടി രൂപ ശമ്പളമായി കൈപ്പറ്റുന്നു.മില്യണ്‍ ഡോളര്‍ സിഇഒ ക്ലബില്‍ പുതിയതായി ഇടം നേടിയവരില്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ആണ് ഏറ്റവും മുമ്പന്‍. മുന്‍ വര്‍ഷം 4 കോടി രൂപ വേതനം വാങ്ങിയ അദ്ദേഹം നിലവില്‍ 17 കോടി വാങ്ങുന്നു.

ബിഎസ്ഇയിലെ 200 കമ്പനികളെ ആധാരമാക്കി ഇഎംഎ പാട്ണേഴ്സ് നടത്തിയ വാര്‍ഷിക പഠനമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ക്ലബില്‍ 85 പേരും പ്രൊഫഷണല്‍ സിഇഒമാരാണ്. 61 പേരാണ് പ്രമോട്ടര്‍ സിഇഓമാര്‍. വനിതാ സിഇഒമാര്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News