കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഓപ്പണിന്റെ ആക്‌സിലറേറ്റര്‍ പദ്ധതി

5 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 500 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പദ്ധതിയുടെ ഭാഗമാവും

Update:2022-05-06 15:57 IST

കേരളത്തിലെ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പദ്ധതി പ്രഖ്യാപിച്ച് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് (Open Financial Technologies). ഫിന്‍ടെക്ക് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഓപ്പണ്‍ 100 കോടി രൂപ നിക്ഷേപിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 500 സ്റ്റാര്‍ട്ടപ്പുകള്‍ ഭാഗമാവും.

കേരളത്തില്‍ നിന്ന് യുണീകോണ്‍ പദവിയിലെത്തുന്ന ആദ്യ കമ്പനിയാണ് ഓപ്പണ്‍. ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്. ഒരു ബില്യണ്‍ മൂല്യത്തിലെത്തുന്ന കമ്പനികളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഫിന്‍ലൈന്‍, ടാക്‌സ് സ്‌കാന്‍, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, പില്‍സ് ബീ എന്നീ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ ആണ് പദ്ധതിയുടെ ഭാഗമാവുന്നത്. 20 ലക്ഷം രൂപവരെ ഓരോ സ്റ്റാര്‍ട്ടപ്പിനും സഹായം ലഭിക്കും. കൂടാതെ ഓപ്പണിന്റെ ഓഫീസ് സൗകര്യങ്ങളും പ്രത്യേക പരിശീലനങ്ങളും സ്റ്റാര്‍ട്ടപ്പിലെ അംഗങ്ങള്‍ക്ക് നല്‍കും. നിക്ഷേപകരെ കണ്ടെത്താനും ഈ സ്റ്റാര്‍ട്ടപ്പുകളെ ഓപ്പണ്‍ സഹായിക്കും.
മാജിക്കിള്‍സ് (Magickles) എന്ന അച്ചാര്‍ സംരംഭവും ആക്‌സിലറേറ്റര്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്തുവണ്ടിയില്‍ അച്ചാര്‍ വില്‍ക്കുന്ന 10 വയസുകാരി ഡൈനീഷ്യ, വീല്‍ച്ചെയറില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന സെറിബ്രല്‍ പാഴ്‌സി ബാധിച്ച കൊല്ലം സ്വദേശി അശ്വതി, സെറിബ്രല്‍ പാഴ്‌സി ബാധിതനും വ്‌ലോഗറുമായ തിരുവനന്തപുരം സ്വദേശി ശ്രീകുട്ടന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മാജിക്കിള്‍സ് എന്ന സംരംഭം. മാജിക്കിള്‍സില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 75 ശതമാനം ഇവര്‍ക്ക് ലഭിക്കും. ബാക്കി ഒരു അനാഥാലയത്തിനാണ് നല്‍കുക.
കൂടാതെ ഡൈനീഷ്യയുടെ വിദ്യാഭ്യാസച്ചെലവ് ഓപ്പണ്‍ ഏറ്റെടുക്കും. കാഴ്ച വൈകല്യമുള്ള അമ്മയെയും നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച അച്ഛനെയും സഹായിക്കാന്‍ അച്ചാര്‍ വില്‍പ്പനയ്ക്ക് ഇറങ്ങിയ ഡൈലീഷ്യയുടെ കഥ പത്രങ്ങളിലൂടെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. ഡൈലീഷ്യയുടെ അച്ഛന് 30,000 രൂപ ശമ്പളത്തില്‍ ജോലിയും ഓപ്പണ്‍ നല്‍കും.


Tags:    

Similar News