സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ രാജ്യങ്ങളില്‍ ഇന്ത്യ പിന്നോട്ട്

Update: 2020-05-29 09:39 GMT

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ പരിതസ്ഥിതിയുള്ള രാജ്യങ്ങളുടെ റാങ്കില്‍ ഇന്ത്യ പിന്നോട്ട്. ലോകത്ത് ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നിലവിലുള്ള ഇന്ത്യയുടെ സ്ഥാനം ആറു റാങ്കുകള്‍ നഷ്ടപ്പെട്ട് 23 ലെത്തി. ഈ രംഗത്ത് ഗവേഷണം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ബ്ലിങ്ക് എന്ന സ്ഥാപനമാണ് പട്ടിക തയാറാക്കിയത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബാംഗളൂരിനും തിരിച്ചടി നേരിട്ടു.

മൂന്നു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 14 ാം റാങ്കാണ് ഈ നഗരത്തിന്. അതേസമയം ഡല്‍ഹി മൂന്നൂ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15 ാം റാങ്കിലെത്തി. മുംബൈ 22 ാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ഹൈദരാബാദിന് 21 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 96ാം റാങ്കായി.

കഴിഞ്ഞ വര്‍ഷം മികച്ച 100 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴ് നഗരങ്ങള്‍ ഇടം പിടിച്ചെങ്കില്‍ ഇത്തവണ നാല് നഗരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടത്. മികച്ച ആയിരം നഗരങ്ങളില്‍ 38 ഉം.

അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നങ്ങളും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയും വൈദ്യുതി പ്രശ്‌നങ്ങളുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് മുന്നേറാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 31 യൂണികോണ്‍ കമ്പനികളടക്കം അരലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തു ഇന്നുള്ളത്.

9300 ടെക് സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ട്. നാസ്‌കോമും സിന്നോവും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2025 ഓടെ 100 യൂണികോണ്‍ കമ്പനികള്‍ ഉയര്‍ന്നു വരും. ഏകദേശം 11 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News