3.5 മണിക്കൂറിൽ ഒരു കോഫീ ഷോപ്: സ്റ്റാർബക്സിനെ മറികടക്കാൻ ചൈനീസ് സ്റ്റാർട്ടപ്പ്  

Update: 2019-05-08 11:13 GMT

നാലായിരത്തോളം ഔട്ട്ലെറ്റുകളുമായി ചൈനയിലെ ഏറ്റവും വലിയ കോഫീ ചെയ്നാകാൻ തായ്യാറെടുക്കുന്ന അമേരിക്കൻ ഭീമൻ സ്റ്റാർബക്സിന് തലവേദന സൃഷിച്ചിരിക്കുകയാണ് രണ്ടു വർഷം മാത്രം പ്രായമുള്ള ഒരു ചൈനീസ് സ്റ്റാർട്ടപ്പ്.

'ലിറ്റിൽ ബ്ലൂ കപ്' എന്ന് ചൈനക്കാർ സ്നേഹത്തോടെ വിളിക്കുന്ന 'ലക്ക് ഇൻ കോഫി'യാണ് സ്റ്റാർബക്സിന്റെ പുതിയ എതിരാളി. ചില്ലക്കാരനല്ല ലക്ക് ഇൻ! ഒന്നര വർഷം മുൻപാണ് ലക്ക് ഇൻ സ്ഥാപിതമായത്.

2017 ന്റെ അവസാനത്തിൽ വെറും 9 സ്റ്റോറുകളേ ഉണ്ടായിരുന്നുള്ളൂ. 2018 അവസാനമായപ്പോഴേക്കും അത് 2,073 സ്റ്റോറുകളായി. ഓരോ 3.5 മണിക്കൂറും ഒരു സ്റ്റോർ വീതം തുറക്കുകയാണ് ലക്ക് ഇൻ. 2019 ന്റെ അവസാനമാകുമ്പോഴേക്കും 4500 സ്റ്റോറുകളാണ് ലക്ഷ്യം.

2017-ൽ ചൈനീസ് കോഫി വിപണിയുടെ 80 ശതമാനവും സ്റ്റാർബക്സിന്റെ കൈയ്യിലായിരുന്നു. അത് പതിയെ തിരിച്ചുപിടിക്കുകയാണ് ലക്ക് ഇൻ. തങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ സ്റ്റാർബക്‌സും ശ്രമിക്കുന്നുണ്ട്. 15 മണിക്കൂറിൽ ഒരു സ്റ്റോർ വീതം തുറക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

ബിസിനസ് 'ലക്ക് ഇൻ' സ്റ്റൈൽ

ടെക്‌നോളജി ഉപയോഗിച്ചാണ് ഈ സ്റ്റാർട്ടപ്പ് തങ്ങളുടെ ഭീമനായ ഈ എതിരാളിയെ നേരിടുന്നത്. ആപ്പ് ഉപയോഗിച്ചാണ് കോഫി ഓർഡർ ചെയ്യുന്നതും പേയ്മെന്റ് നടത്തുന്നതും. 30 മിനിറ്റിനുള്ളിൽ ഓർഡർ വീട്ടിലെത്തും. ഇല്ലെങ്കിൽ കോഫി ഫ്രീ. സ്റ്റാർബക്‌സിനെക്കാളും 20-30 ശതമാനം വിലക്കുറവാണ് ലക്ക് ഇൻ ഡ്രിങ്കുകൾക്ക്.

കോഫി ഉണ്ടാക്കുന്നതെങ്ങനെയെന്നതിന്റെ ലൈവ് സ്ട്രീമിംഗ് ഉപഭോക്താവിന് കാണാം. Speed, Scale ഈ രണ്ടു കാര്യങ്ങളിലാണ് സ്റ്റാർട്ടപ്പ് ശ്രദ്ധപതിപ്പിക്കുന്നത്. ലാഭത്തിലല്ല. 2018 ൽ 116 മില്യൺ ഡോളറാണ് ഭീമമായ എക്സ്പാൻഷൻ മൂലം കമ്പനിക്ക് നഷ്ടപ്പെട്ടത്. എന്നാൽ രണ്ടുവർഷം കൊണ്ട് 2.2 ബില്യൺ ഡോളർ വാല്യൂവേഷൻ നേടി.

Similar News