പിഴ ഭാരത്താല്‍ വലഞ്ഞ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍

Update: 2020-04-01 11:06 GMT

കോവിഡ് കാലത്ത് അതിജീവനത്തിനായി കഷ്ടപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഇരുട്ടടിയായി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി)നിന്നുള്ള പിഴ. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് 180 ദിവസത്തിനുള്ളില്‍ കമ്മന്‍സ്‌മെന്റ ഓഫ് ബിസിനസ് ഡിക്ലറേഷന്‍(ഐഎന്‍സി 20എ )ഫയല്‍ ചെയ്യേണ്ടതുണ്ട്. ഫയല്‍ ചെയ്യാന്‍ വൈകിയ 47 ഓളം കമ്പനികള്‍ക്കാണ് പിഴ ഈടാക്കുന്നതായി കാണിച്ചുകൊണ്ട് ആര്‍ഒസിയില്‍ നിന്ന് കത്തയച്ചിരിക്കുന്നത്.

51000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
2018 നവംബര്‍ രണ്ടിനു ശേഷം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കാണ് ഐഎന്‍സി 20 എ ഫോം സമര്‍പ്പിക്കേണ്ടത്. ഫോം സമര്‍പ്പിക്കാന്‍ വൈകിയ ദിവസത്തെ പിഴയാണ് ഇപ്പോള്‍ സംരംഭകരില്‍ നിന്നും ഈടാക്കുന്നത്. വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ വര്‍ധിക്കും. 100 ദിവസം കഴിയുമ്പോള്‍ പിഴ ഇരട്ടിയാകും. ഒരു ലക്ഷം രൂപയെന്ന പരിധിയുമുണ്ട്. അങ്ങനെ 99 ദിവസം കഴിയുമ്പോള്‍ പിഴ രണ്ടു ലക്ഷമാകും.

ഇതിന്റെയൊപ്പം 50000 രൂപയും കൂടിചേര്‍ത്താണ് 2.5ലക്ഷം രൂപ പിഴ ഈടാക്കുന്നത്.
കേരളത്തിലെ ആര്‍ഒസി മാത്രമാണ് ഇത്തരമൊരു നടപടിയുമായി ഇപ്പോള്‍ മുന്നോട്ടു പോകുന്നുള്ളുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 90ശതമാനവും വിദ്യാര്‍ത്ഥികളുടേതാണ്. അതുകൊണ്ടു തന്നെ ഇത്രയും വലിയ പിഴ അവരുടെ പ്രവര്‍ത്തനം താറുമാറിലാക്കുമെന്നആമ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നവംബറില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും വെബ്‌സൈറ്റില്‍ ഫോം ലഭ്യമായത് ഫെബ്രുവരിയില്‍ മാത്രമാണെന്ന് യുവ സംരംഭകര്‍ പറയുന്നു.

ആര്‍ഒസിയുടെ ഭാഗത്ത് നിന്നു നോക്കിയാല്‍ അവര്‍ നിയമം നടപ്പിലാക്കുകയാണെന്നും നേരത്തെ തന്ന നിലവിലുള്ള ഈ നിയമത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി രണ്ടു മൂന്ന് വര്‍ക് ഷോപ്പുകളും സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍കൈയെടുത്ത് നടത്തിയിട്ടുണ്ടെന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ്‌യുഎം) സിഇഒ സജി ഗോപിനാഥ് പറഞ്ഞു.

എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം തന്നെ താറുമാറായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വഴി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ആലോനിയിലാണ് കെഎസ്‌യുഎം എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നും എങ്ങനെയാണ് ഈ പ്രത്യേകത സാഹര്യത്തില്‍ അവര്‍ മുന്നോട്ടു പോകുന്നതെന്നും കണ്ടെത്താനായി സര്‍വേ നടത്തി വരികയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍. സര്‍വേയുടെ വെളിച്ചത്തില്‍ വിദശമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അത് സര്‍ക്കാരിന് നല്‍കാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News