റോബോട്ടിക്‌സും 'ജാക്ഫ്രൂട്ട് 365' ഉം; ദേശീയ പുരസ്‌കാരം നേടി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍

Update: 2020-10-07 10:20 GMT

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായൊരുക്കിയ ആദ്യ പുരസ്‌കാരത്തില്‍ കേരളത്തില്‍ നിന്നുള്ള 3 കമ്പനികള്‍ക്കു പുരസ്‌കാരം. 35 വിഭാഗങ്ങളില്‍ 1600 ലേറെ കമ്പനികള്‍ മത്സരിച്ചതിലാണ് കേരള കമ്പനികള്‍ക്ക് അംഗീകാരം നേടാനായത്. കേരളത്തില്‍ നിന്നുള്ള  62 സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായൊരുക്കിയ മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് റോബോട്ടിക് കമ്പനികള്‍ക്കും ഭക്ഷ്യസംസ്‌കരണ രംഗത്ത് 'ജാക്ഫ്രൂട്ട'് തരംഗമുണ്ടാക്കിയ കമ്പനിക്കുമാണ് പുരസ്‌കാരങ്ങള്‍ നേടാനായത്.

ക്യാംപസ് സംരംഭം എന്ന കാറ്റഗറിയില്‍ തിരുവനന്തപുരം കേന്ദ്രമായ 'ജെന്റോബട്ടിക്‌സ്' ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് വിജയികളായി. ആള്‍നൂഴി(മാന്‍ഹോള്‍) വൃത്തിയാക്കാന്‍ വികസിപ്പിച്ച ബാന്‍ഡിക്കൂട്ട് എന്ന റോബട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കെ.റാഷിദ്, എം.കെ. വിമല്‍ ഗോവിന്ദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ്  എന്നിവരാണു സ്ഥാപകര്‍. ഇവരാണ് വിജയികളില്‍ ഒരുകൂട്ടര്‍.

കൃഷി പ്രൊഡക്റ്റിവിറ്റി വിഭാഗത്തില്‍ കൊച്ചി കേന്ദ്രമായ 'നവ' ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ടീമാണ് രണ്ടാമത്തെ വിജയികള്‍. കള്ള്, നീര എന്നിവ രൂപപ്പെടുത്തിയെടുക്കാനുള്ള 'സാപ്പര്‍' എന്ന റോബോട്ടിക് സംരംഭമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 2017ല്‍ സ്ഥാപിച്ച കമ്പനിയുടെ സ്ഥാപകന്‍ ചാള്‍സ് വിജയ് വര്‍ഗീസ് ആണ്.

ഭക്ഷ്യ സംസ്‌കരണ വിഭാഗത്തില്‍ നേരത്തെ തന്നെ ഏറെ വിജയങ്ങള്‍ കരസ്ഥമാക്കിയ സ്റ്റാര്‍ട്ടപ്പ് ആണ് 'ജാക്ക്ഫ്രൂട്ട് 365'. ജാക്ക്ഫ്രൂട്ട് 365 ന്റെ 'ഗോഡ്‌സ് ഓണ്‍ ഫുഡ് സൊലൂഷന്‍സ്' പ്രൈവറ്റ് ലിമിറ്റഡും വിജയികളായി. വിദേശജോലി ഉപേക്ഷിച്ച് ചക്കയുടെ വാല്യു ആഡഡ് പ്രോഡക്റ്റ്‌സ് വികസിപ്പിക്കുകയും ഉല്‍പ്പന്നമാക്കുകയും ചെയ്ത ജയിംസ് ജോസഫ് ആണ് കമ്പനിയുടെ സ്ഥാപകന്‍.

ഓരോ വിഭാഗത്തിലും ആദ്യ സ്ഥാനത്തെത്തിയ കമ്പനിക്ക് 5 ലക്ഷം രൂപയും കേന്ദ്രമന്ത്രാലയത്തിന്റെയും വിവിധ കോര്‍പറേഷനുകളുടെയും പിന്തുണയ്ക്കുള്ള അവസരവും ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News