കേരളത്തിന്റെ സംരംഭക അവസരങ്ങള്‍ക്ക് പുതിയ മാനം പകര്‍ന്ന് 'ടൈകോണ്‍ കേരള' സമ്മേളനത്തിന് തുടക്കമായി
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ ചര്‍ച്ച ചെയ്യും
''ഇന്നൊവേഷന്‍ ആദ്യം വെല്ലുവിളികളില്‍ നിന്നാണ് പുറത്തു വരുന്നത്. പിന്നീടാണ് അവസരങ്ങളിലേക്ക് പരിണമിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇന്നൊവേഷന്‍ നമ്മുടെ രാജ്യത്തെ വരുന്ന കാല്‍ നൂറ്റാണ്ടില്‍ മാറ്റി മറിക്കും, സംരംഭക അവസരങ്ങളും തുറക്കപ്പെടും'' കൊച്ചിയില്‍ നടക്കുന്ന 12ാമത് ടൈകോണ്‍ കേരള സമ്മേളനത്തില്‍ ഭാരത് ബയോടെക് എം.ഡി സുചിത്ര എല്ല പറഞ്ഞു. കോ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള 19ഓളം വാക്‌സിനുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് ഭാരത് ബയോടെക്.
ആഗോള വിപണികളിലെ മത്സരാധിഷ്ഠിത വെല്ലുവിളികളെ നേരിടാന്‍ ബയോടെക്കിനെ സഹായിക്കുന്നത് ഉല്‍പ്പാദനത്തിലും റിസര്‍ച്ചിലും പുലര്‍ത്തുന്ന അതീവ ജാഗ്രതയാണെന്നും ഉല്‍പ്പാദന രംഗത്ത് ഏറെ മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് കൈമുതലായുള്ളത് സൂക്ഷ്മമായ പഠനങ്ങളിലൂടെയുള്ള ഇന്നൊവേഷനാണെന്നും സുചിത്ര എല്ല വിശദമാക്കി.
കൊച്ചി ലെ മെറിഡിയനില്‍ ഇന്നും നാളെയുമായി നടക്കുന്ന സംഗമത്തിന്റെ പ്രമേയം ഡ്രൈവിംഗ് ദി ചേഞ്ച് - അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍' എന്നതാണ്. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ അവലോകനം ചെയ്യുന്ന സമ്മേളനം നാളെ വൈകിട്ടു വരെയാണ് നടക്കുന്നത്.
ചിന്താ ദീപ്തമായി സംഗമം
ഇന്ന് വൈകിട്ട് ആരംഭിച്ച സമ്മേളനത്തില്‍ എ.പി.എം മുഹമ്മദ് ഹനീഷ്, ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, ടൈ കേരളയുടെ വൈസ് പ്രസിഡന്റും ടൈക്കോണ്‍ കേരള 2023 ചെയര്‍മാനുമായ ജേക്കബ് ജോയ്, എം.ആര്‍.എഫ് വൈസ് ചെയര്‍മാനും എം.ഡിയുമായ അരുണ്‍ മാമ്മന്‍, ടൈ ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ ശങ്കര്‍ റാം, ടൈ കേരള ചെയറും വെഞ്ച്വര്‍ വെയ്‌സ് എം.ഡിയുമായ വിനയ് ജെയിംസ് കൈനടി, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
മുതിര്‍ന്ന സംരംഭകരായ നവാസ് മീരാന്‍, ഫിറോസ് മീരാന്‍, ജോര്‍ജ് സ്‌കറിയ എന്നിവരുടെ 'ബിയോണ്ട് ത്രീ ജനറേഷന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച സംരംഭകരെ ആദരിക്കുന്ന ടൈ അവാർഡ് ദാനവും സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്നു.
അവാർഡുകൾ
സ്റ്റാർട്ട്-അപ്പ് ഓഫ് ദി ഇയർ - റമീസ് അലി, സ്ഥാപകൻ, ഇന്റർവെൽ
സ്കെയിൽ അപ്പ് ഓഫ് ദി ഇയർ - ബാവിൽ വർഗീസ്, കോഫൗണ്ടർ സീ ഇലക്ട്രിക് ഓട്ടോമോട്ടീവ് ഡ്രൈവ്‌സ്
എന്റർപ്രണർ ഓഫ് ദി ഇയർ- സുമേഷ് ഗോവിന്ദ്, എം.ഡി, പാരഗൺ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ്
നെക്‌സ്‌റ്റ് ജനറേഷൻ എന്റർപ്രണർ - ഹർഷ മാത്യു, ചീഫ് റസിഡന്റ് എഡിറ്റർ, ഡയറക്‌ടർ, മലയാള മനോരമ
ഇന്നൊവേറ്റർ ഓഫ് ദ ഇയർ - സന്ദിത് തണ്ടാശ്ശേരി, സ്ഥാപക സി.ഇ.ഒ, നവാൾട്ട് സോളാർ ബോട്ട്‌സ്
ഇക്കോസിസ്റ്റം എനേബ്ലർ - ആർ.റോഷൻ, മാതൃഭൂമി, ബിസിനസ് ന്യൂസ് ഡിവിഷൻ ഹെഡ്