ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുവര്‍ണകാലം; ഫണ്ടിംഗിലൂടെ നേടിയത് വന്‍തുക, യൂണികോണ്‍ കമ്പനികള്‍ വര്‍ധിക്കുന്നു
മൂന്നുമാസത്തിനിടെ രാജ്യത്ത് ഉണ്ടായത് 10 യൂണികോണ്‍ കമ്പനികള്‍, അതിസമ്പന്നരുടെ പട്ടികയിലും സ്റ്റാര്‍ട്ടപ്പ് ഉടമകളുടെ എണ്ണം കൂടി
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് സുവര്‍ണകാലഘട്ടമാണിതെന്നു പറയാം. വന്‍വളര്‍ച്ചയാണ് സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്നത്. അതിലൂടെ ഉടമകള്‍ ശതകോടീശ്വരന്മാരാകുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ മാത്രം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗ് നേടിയത് 10.9 ശതകോടി ഡോളറാണ്.
പിഡബ്ല്യുസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇതാദ്യമായാണ് ഒരു ക്വാര്‍ട്ടറില്‍ പത്തു ശതകോടി ഡോളര്‍ നിക്ഷേപം ഉണ്ടാകുന്നത്. 347 ഇടപാടുകളില്‍ നിന്നാണ് ഇത്രയും തുക നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ ഇരട്ടിയും കഴിഞ്ഞ ക്വാര്‍ട്ടറിലേതിനേക്കാള്‍ 41 ശതമാനം അധികവുമാണിത്.
ഫിന്‍ടെക്, എഡ്‌ടെക്, എസ്എഎഎസ് തുടങ്ങിയ മേഖലകളിലാണ് കൂടുതലും നിക്ഷേപം ഉണ്ടായിരിക്കുന്നത്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം 4.6 ശതകോടി ഡോളര്‍ ഫണ്ട് എത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനേക്കാള്‍ 296 ശതമാനം അധികമാണിത്!
ബില്യണ്‍ ഡോളര്‍ കമ്പനികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് കഴിഞ്ഞ പാദത്തില്‍ രാജ്യത്ത് ഉണ്ടായത്. 10 പുതിയ യൂണികോണ്‍ കമ്പനികള്‍ പിറവിടെയുത്തു. ലോകത്ത് യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇക്കാര്യത്തില്‍ ഇന്ത്യ. യുഎസില്‍ മൂന്നാം പാദത്തില്‍ 68 യൂണികോണ്‍ കമ്പനികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു, ചൈനയില്‍ ഏഴും യുകെയിലും കാനഡയിലും നാല് വീതവും ബില്യണ്‍ ഡോളര്‍ കമ്പനികള്‍ പുതുതായി ഉണ്ടായി.
രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ഇതു വരെ കേട്ടിട്ടില്ലാത്ത പല പുതിയ പേരുകളും ഇടംപിടിച്ചപ്പോഴും അവര്‍ക്ക് തുണയായത് സ്റ്റാര്‍ട്ടപ്പുകള്‍ തന്നെയാണ്. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റില്‍ ആദ്യ 200 ല്‍ ഇടംപിടിച്ചത് 15 ഓളം സ്റ്റാര്‍ട്ടപ്പ് പ്രമോട്ടര്‍മാരാണ്.
49 ാം സ്ഥാനത്തുള്ള ഇന്‍ഫോ എഡ്ജിന്റെ സഞ്ജീവ് ഭിക്ദന്താനി, 64 ാം സ്ഥാനത്തുള്ള സെരോധയുടെ നിതിന്‍ കമ്മത്ത്, 68 ാം സ്ഥാനത്തുള്ള തിങ്ക് & ലേണിന്റെ (ബൈജൂസ്) ബൈജു രവീന്ദ്രന്‍, 71 ാം സ്ഥാനത്തുള്ള സോഹോയുടെ രാധ വെമ്പു, 88 ാം സ്ഥാനത്തുള്ള ഒണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ (പേടിഎം) വിജയ്‌ശേഖര്‍ ശര്‍മ, 100ാം സ്ഥാനത്തുള്ള സോഹോയുടെ ശേഖര്‍ വെമ്പു തുടങ്ങിയവരെല്ലാം അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ സ്റ്റാര്‍ട്ടപ്പ് പ്രമോട്ടര്‍മാരാണ്.