അപ്രതീക്ഷിതമായ കാര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ബിസിനസുകാര്‍ സ്വയം ചോദിക്കേണ്ട 5 കാര്യങ്ങള്‍

Update: 2020-10-14 08:13 GMT

കൊറോണ വൈറസ് ബാധ മൂലമുണ്ടായിരിക്കുന്ന ആഗോള പ്രതിസന്ധികള്‍ സര്‍വ മേഖലകളിലും ഇതുവരെ കാണാത്ത തരത്തിലുള്ളതാണ്. രാജ്യത്തും കേരളത്തിലും കോവിഡ് 19 മൂലമുള്ള തിരിച്ചടികള്‍ ബിസിനസ് രംഗത്ത് പ്രകടമായി കഴിഞ്ഞു. കോവിഡ് 19 മൂലവും സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടും ബിസിനസ് രംഗത്തുണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉടനടി മാറില്ലെന്നതാണ് വാസ്തവം. ഇതാ നിങ്ങളുടെ സംരംഭത്തിലും ഇത്തരം അപ്രതീക്ഷിതമായ കാര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ബിസിനസുകാര്‍ സ്വയം ചോദിക്കേണ്ട 5 കാര്യങ്ങള്‍

1. പണം വരാന്‍ വഴിയുണ്ടോ?:

ബിസിനസുകാരെ നിങ്ങള്‍ ഇപ്പോള്‍ ബിസിനസിലേക്ക് പണം വരാന്‍ ഇടയുള്ള വഴികള്‍ മനസില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ആ വഴികളെ കുറിച്ച് ഒന്നുകൂടി ഗൗരവമായി ചിന്തിച്ചു നോക്കൂ. പുതിയ സാഹചര്യത്തിലും അവ നിലനില്‍ക്കുന്നുണ്ടോ? നിലവിലെ പ്രതികൂല സാഹചര്യം കുറച്ചധികകാലം നീണ്ടുപോയാല്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ? അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഫണ്ട് വല്ലതും കരുതി വെച്ചിട്ടുണ്ടോ? നിങ്ങളുടെ ബിസിനസിന്റെ അടിസ്ഥാനം തകര്‍ക്കാതെ തന്നെ ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ ഇനിയും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാകാം. എന്നാലും സ്വയം ചോദിക്കൂ. അതിനുള്ള വഴി കണ്ടെത്തൂ. ബിസിനസുകാര്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്.

2. ഫണ്ട് സമാഹരണം എങ്ങനെ, എവിടെ നിന്ന്?:

ബിസിനസിന്റെ എല്ലാ ഘട്ടത്തിലും ഫണ്ട് വേണം. വാഹനം ഓടാന്‍ ഇന്ധനമെന്ന പോലെ. കേന്ദ്ര, കേരള സര്‍ക്കാരുകളില്‍ നിന്ന് ബിസിനസുകള്‍ക്ക് കാര്യമായ സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കാനാവില്ല. ബാങ്കുകളും അവരുടെ ചട്ടങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പക്ഷേ നിക്ഷേപ മാര്‍ഗങ്ങള്‍ പൂര്‍ണമായും വറ്റിവരളില്ല. ആകര്‍ഷമായ, വളര്‍ച്ചാ സാധ്യതയുള്ള ആശയമുണ്ടോ? നിക്ഷേപകരെ കിട്ടുക തന്നെ ചെയ്യും. ലോകത്തെ പിടിച്ചുകുലുക്കിയ പല പ്രതിസന്ധിഘട്ടങ്ങളും വിജയകരമായ ബിസിനസുകളുടെ പിറവിക്ക് കാരണമായിട്ടുണ്ട്. 1987ലെ കറുത്ത തിങ്കളിന് ശേഷം പിറന്ന കമ്പനിയാണ് സിസ്‌കോ. ഡോട്ട് കോം തകര്‍ച്ചയ്ക്കു ശേഷമാണ് ഗൂഗ്‌ളും പേപാലും ഉണ്ടായത്. സമീപകാലത്തുണ്ടായ മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ബിഎന്‍പി, സ്‌ക്വയര്‍, സ്‌ട്രൈപ് പോലുള്ള കമ്പനികളുടെ പിറവിക്ക് കാരണമായത്. പ്രതിസന്ധികള്‍ ക്രിയാത്മകതയ്ക്ക് വളമാക്കണം. അപ്പോള്‍ പുതിയ ബിസിനസ് മോഡല്‍ വരും. നൂതന മേഖലകളിലേക്ക് കടക്കാനും സാധിക്കും.

3. കണക്ക് കൂട്ടുന്ന വില്‍പ്പന കിട്ടുമോ?:

കോവിഡ് 19 മൂലം പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത മേഖലയിലാകാം ഇപ്പോള്‍ നിങ്ങളുടെ ബിസിനസ്. അത് എല്ലാം ശരിയാണെന്ന തോന്നലിന് അടിസ്ഥാനമാകരുത്. ഏതാണ്ടെല്ലാ രംഗത്തെ ഉപഭോക്താക്കളും ഇപ്പോഴും ഇനി വരുന്ന നാളുകളിലും ചെലവ് ചുരുക്കും. നിങ്ങള്‍ പ്രതീക്ഷിക്കുന്ന ബിസിനസ് ഡീലുകള്‍, പ്രതീക്ഷിക്കുന്ന പോലെ ക്ലോസ് ചെയ്യാന്‍ സാധിച്ചെന്നിരിക്കില്ല. ഇത് മുന്‍കൂട്ടി കാണുക തന്നെ വേണം.

4. മാര്‍ക്കറ്റിംഗ് ഇതുപോലെ മതിയോ?:

നിങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ ഇപ്പോള്‍ ചുവടുമാറ്റിയെന്ന് വരാം. അപ്പോള്‍ കൂടുതല്‍ പേരിലെത്താന്‍ നിലവിലുള്ള മാര്‍ക്കറ്റിംഗ് രീതികള്‍ മതിയാകില്ല. ഈയിനത്തിലെ ചെലവ് കൂടും. അതേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

5. നിങ്ങളുടെ ചെലവുകള്‍ ഇപ്പോഴത്തെ സാഹചര്യത്തിന് പറ്റുന്നതാണോ?:

അടുത്തതായി നിര്‍ണായക ജോലികള്‍ ചെയ്തിരുന്നവരെ ലഭിക്കാതെ വന്നേക്കാം. അപ്പോള്‍ മിനിമം ജീവനക്കാരെ ഉപയോഗിച്ച് മാക്‌സിമം ഉല്‍പ്പാദനക്ഷമത ആര്‍ജ്ജിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടോ?എന്ന് ചിന്തിക്കുക. ബിസിനസ് തകരാതെ മുന്നോട്ടുപോകാനുള്ള വഴികള്‍ കണ്ടുകഴിഞ്ഞാല്‍ നിങ്ങളുടെ ചെലവുകളിലൂടെ ഒന്നുകൂടി സഞ്ചരിക്കുക. ഇപ്പോഴത്തെ അവസ്ഥയ്ക്ക് അനുയോജ്യമായതാണോ അത്. പ്രത്യക്ഷത്തില്‍ അത് മാറ്റേണ്ടതായി വരില്ല. പക്ഷേ ഇതൊരു പ്രതിസന്ധി ഘട്ടമാണ്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത അവസരവും മുന്നില്‍ വന്നേക്കാം. കുറഞ്ഞ ചെലവില്‍ ചില ബിസിനസുകള്‍ വാങ്ങാന്‍ അവസരം കിട്ടിയേക്കാം. പുതിയ മേഖലകളിലേക്ക് പോകാന്‍ പറ്റിയേക്കാം. അതിനും നിങ്ങള്‍ സജ്ജരായി ഇരിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News