സംരംഭകത്വം ആഘോഷമാക്കി 'വിജയീ ഭവ' ബിസിനസ് സമ്മിറ്റ് നാളെ കൊച്ചിയില്‍
'Transform' എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും
വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ജനുവരി 31ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടക്കും. സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ (വി.ബി.എ) ഏഴാമത് സമ്മേളനമാണ് ജനുവരി31ന് നടക്കുന്നത്. വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആഭിമുഖ്യത്തിലുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് സ്ഥാപനമായ വര്‍മ&വര്‍മയിലെ സീനിയര്‍ പാര്‍ട്ണറായ വി. സത്യനാരായണന്റെയും സാരഥ്യത്തിലുള്ള സംരംഭകത്വ പരിശീലന പരിപാടിയാണ് വിജയീഭവ.
വിജയീഭവയുടെ നേതൃത്വത്തിൽ എല്ലാ വര്‍ഷവും അരങ്ങേറുന്ന സംരംഭക സമ്മേളനമാണ് വി.ബി.എ സമ്മിറ്റ്. വിബിഎ അംഗങ്ങള്‍ അല്ലാത്ത സംരംഭകര്‍ക്കും ഈ സമ്മിറ്റില്‍ സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അറിയാനും വിവിധ മേഖലകളിലെ പ്രമുഖരുമായി ഇടപഴകാനുമുള്ള അവസരമുണ്ട്. ഓരോ സമ്മിറ്റിലും ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കും.
പ്രമുഖരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും
ജനുവരി 31ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 9 വരെയാണ് ഈ വര്‍ഷത്തെ വി.ബി.എ സമ്മിറ്റ് അരങ്ങേറുക. Transform എന്ന വിഷയത്തിൽ ഊന്നിയുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും. മൂന്ന് പാനല്‍ ചര്‍ച്ചകളും നടക്കും. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി സ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷീല കൊച്ചൗസേപ്പ്, സാമ്പത്തിക കാര്യ വിദഗ്ധന്‍ വി. സത്യനാരായണന്‍ വിബിഎ സമ്മിറ്റില്‍ സംബന്ധിക്കും.
യുവ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍ അടങ്ങുന്ന പാനല്‍ ചര്‍ച്ച, വനിതാ സി.ഇ.ഒമാരുടെ പാനല്‍ ചര്‍ച്ച എന്നിവയെല്ലാം ബിസിനസിലുള്ള പുതുതലമുറയും വനിതകളും എങ്ങനെയാണ് ബിസിനസുകളെ മാറ്റിമറിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാകും. ഷെഫ് സുരേഷ് പിള്ളയാണ് സെലിബ്രിറ്റി സ്പീക്കര്‍. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
ഡബിള്‍ ഹോഴ്സ് ഡയറക്റ്റര്‍ സജീവ് മഞ്ഞില, ജോതിഷ് കുമാര്‍ (ലൂക്കര്‍), ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, സിന്തൈറ്റ് വൈസ് പ്രസിഡന്റ് അശോക് മാണി, വര്‍മ്മ ആന്‍ഡ് വര്‍മ്മ അസോസിയേറ്റ്സ് ചീഫ് പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഫ്രഞ്ച് ടോസ്റ്റ് ഉടമ അയാസ് സലിം, ജി.ജി ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ഷീജ ജി. മനോജ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് ഡയറക്റ്ററും സി.ഒ.ഒയുമായ മീന തോമസ്, ധന്യ വര്‍മ്മ (ഇന്‍ ഫോക്കസ് ടോക് ഷോ), ബി.എന്‍.ഐ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കും.
യു.പി.എം പാര്‍ട്ണര്‍ മേരി ജോര്‍ജ്, കെ.പി.രവീന്ദ്രന്‍ (പോസിറ്റീവ് കമ്മ്യൂണ്‍), മാധ്യമപ്രവര്‍ത്തകന്‍ ആര്‍. റോഷന്‍ എന്നിവര്‍ മോഡറേറ്റര്‍മാരാകും.
വിവരങ്ങൾക്ക് : summit.vijayeebhava.org