സംരംഭം അടച്ചു പൂട്ടാതിരിക്കാന്‍ സംരംഭകര്‍ ചെയ്യേണ്ടത് ഇതാണ്

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫണ്ട് കണ്ടെത്തി ബിസിനസ് വിപുലീകരിക്കുക എന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കുമോ?

Update: 2022-07-31 08:30 GMT

പല സംരംഭകരും അവരുടെ ബിസിനസുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പത്തിലാണിന്ന്. എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണവര്‍.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടിയുടെ തെറ്റായ നടപ്പാക്കല്‍, രണ്ട് മഹാപ്രളയങ്ങള്‍, സര്‍ക്കാര്‍ ചെലവിടലില്‍ ഉണ്ടായ ഇടിവ്, നിപ്പ, കോവിഡ് 19 തുടങ്ങിയവ മൂലമുണ്ടായ സാമ്പത്തിക ദുരിതത്തിന് ശേഷം അവരുടെ ബിസിനസ് ബ്രേക്ക് ഈവനിലാണ് പ്രവര്‍ത്തിക്കുന്നത്.
ഭാഗ്യവശാല്‍ അവരുടെ സംരംഭത്തിന് കടം ഇല്ലായിരുന്നു. അതുകൊണ്ട് കുറച്ചു വര്‍ഷങ്ങളായി മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെയും വിപണിയിലെ കടുത്ത മത്സരത്തെയും അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍, പ്രധാന ജീവനക്കാര്‍ തുടങ്ങി അവരുടെ ഉപദേശകരില്‍ ഭൂരിഭാഗം പേരും ബിസിനസ് വിപുലീകരിക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അതുവഴി അവര്‍ക്ക് മാന്യമായ ലാഭം നേടാനാകുമെന്നും ഉപദേശിക്കുന്നു.
ഈ നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് എവിടെ നിന്ന് ലഭിക്കും?
ബാങ്ക് വായ്പ എടുക്കാനോ അതല്ലെങ്കില്‍ യഥാര്‍ത്ഥമല്ലാത്ത നിക്ഷേപകരില്‍(non genuine) നിന്ന് പണം സ്വരൂപിക്കാനോ ആണ് പലരും നിര്‍ദ്ദേശിക്കുന്നത്.
യഥാര്‍ത്ഥ നിക്ഷേപകരല്ലാത്തവര്‍ എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
യഥാര്‍ത്ഥ നിക്ഷേപകര്‍ യഥാര്‍ത്ഥ ലാഭത്തെ അടിസ്ഥാനമാക്കിയുള്ള നേട്ടം ആഗ്രഹിക്കുന്നവരും നഷ്ടം നേരിടാന്‍ തയാറുള്ളവരുമാണ്. ബിസിനസ് നന്നായി നടക്കുന്നില്ലെങ്കില്‍ ഇവര്‍ തങ്ങളുടെ നിക്ഷേപം തിരികെ ചോദിക്കില്ല.
നേരെ മറിച്ച് യഥാര്‍ത്ഥ നിക്ഷേപകരല്ലാത്തവര്‍ ബിസിനസിലെ യഥാര്‍ത്ഥ ലാഭം കണക്കിലെടുക്കാതെ സ്ഥിര വരുമാനം (പ്രതിമാസം) എന്തായാലും കിട്ടണമെന്ന് ആഗ്രഹിക്കുന്നവരും ബിസിനസ് നല്ല രീതിയില്‍ നടക്കുന്നില്ലെങ്കില്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെടുന്നവരുമാണ്.
ഫണ്ട് സ്വരൂപിക്കാനും ബിസിനസില്‍ നിക്ഷേപിക്കാനും ഉപദേശകര്‍ ആവശ്യപ്പെടുമ്പോള്‍ പല സംരംഭകരും വലിയ സമ്മര്‍ദ്ദത്തിലാണ്. അവരുടെ ഉള്ളില്‍ നിന്ന് അങ്ങനെ ചെയ്യരുതെന്ന് അവരെ വിലക്കുന്നുണ്ട്.
എന്നിരുന്നാലും തങ്ങള്‍ ബ്രേക്ക് ഈവന്‍ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കാര്യമായി എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ തങ്ങളുടെ ബിസിനസ് നഷ്ടത്തിലേക്ക് പോകുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ട്.
ഈ സംരംഭകരെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നതിനായി രണ്ട് പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
1. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസിനസ് സമൂഹത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്?
2. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ സമ്പദ് വ്യവസ്ഥയും വിപണിയും എങ്ങനെയായിരിക്കും?
നമുക്കെല്ലാം അറിയാവുന്നതു പോലെ മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യം കാരണം നിരവധി ബിസിനസുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ അടച്ചു പൂട്ടി. ശക്തമായ ചില ബിസിനസുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ബാക്കിയുള്ള മിക്ക ബിസിനസുകളും ബ്രേക്ക് ഈവന്‍ തലത്തില്‍ കഷ്ടപ്പെടുകയാണ്.
ഈ ബിസിനസുകള്‍ പെട്ടെന്ന് അടച്ചു പൂട്ടാനുള്ള കാരണം അവര്‍ക്ക് വലിയ കടബാധ്യത ഉണ്ടായിരുന്നു എന്നതാണ്. എന്നിരുന്നാലും ഇവയ്ക്ക് ന്യായമായ തോതില്‍ മാത്രമായിരുന്നു കടമുണ്ടായിരുന്നത്. എന്നാല്‍ അടച്ചുപൂട്ടുന്നതിന് മുമ്പ്് അത് സുസ്ഥിരമല്ലാത്ത തലത്തിലേക്ക് വര്‍ധിച്ചു.
എന്തുകൊണ്ടാണ് അവരുടെ കടം താങ്ങാനാകാത്ത നിലയിലേക്ക് വര്‍ധിച്ചത്?
വിപണി സാഹചര്യങ്ങള്‍ മോശമായപ്പോഴാണ് കടം തിരിച്ചടവ് ഉള്ളതിനാല്‍ മിക്ക സംരംഭങ്ങളും നഷ്ടത്തിലേക്ക് നീങ്ങിത്തുടങ്ങിയത്. വിപണി സാഹചര്യം മെച്ചപ്പെടും എന്ന വിശ്വാസത്താല്‍ നഷ്ടം നികത്താന്‍ അവര്‍ കൂടുതല്‍ കടമെടുത്തു. ഇതോടെ വിപണി മോശമായപ്പോള്‍ അവരെ കടക്കെണിയിലായി.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ സമ്പദ് വ്യവസ്ഥയും വിപണിയും എങ്ങനെയായിരിക്കുമെന്നാണ് ഇനി പരിശോധിക്കേണ്ടത്.
ധനത്തിലെ നിരവധി ലേഖനങ്ങളിലൂടെ ഞാന്‍ എന്റെ അഭിപ്രായം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോവിഡ് 19 സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് തിരിച്ചുവരവ് ഉണ്ടാകുമെങ്കിലും അടുത്ത ഏതാനും വര്‍ശഷങ്ങള്‍ സമ്പദ് വ്യവസ്ഥയും വിപണിയും മോശമായ സ്ഥിതിയിലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടിയുടെ തെറ്റായ നടപ്പാക്കല്‍ തുടങ്ങി യുഎസും ചൈനയും തമ്മിലുള്ള പുതിയ ശീതയുദ്ധം, ഉയര്‍ന്ന പലിശ നിരക്ക്, പണ ലഭ്യതയുടെ കുറവ്, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങിയ മാറുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളും മൂലം സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി ദുര്‍ബലമാണ്.
അതുകൊണ്ട്, തങ്ങളുടെ ഉപദേശകരുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് സംരംഭകര്‍ കടമെടുക്കുകയും വിപണി സാഹചര്യങ്ങളില്‍ ഗണ്യമായ പുരോഗതി ഇല്ലാതിരിക്കുകയും ചെയ്താല്‍ സംരംഭം അടച്ചു പൂട്ടേണ്ടി വരുമെന്ന് വ്യക്തമാണ്.
പുതിയ ശാഖകള്‍ തുറക്കുക, പുതിയ യന്ത്രസാമഗ്രികള്‍ വാങ്ങുക തുടങ്ങിയ നിക്ഷേപങ്ങള്‍ക്ക് മുതിരാതെ തങ്ങളുടെ വിനിയോഗിക്കാതെ കിടക്കുന്ന ശേഷി പ്രയോജനപ്പെടുത്തി വില്‍പ്പന വര്‍ധിപ്പിക്കാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്.
ഒരിക്കല്‍ ലാഭത്തിലെത്തുകയും ശേഷിയുടെ ഭൂരിഭാഗവും വിനിയോഗിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അതില്‍ നിന്നു ലഭിക്കുന്ന ഫണ്ട് കൊണ്ടു തന്നെ ബിസിനസ് വിപുലീകരിക്കാനാകും.
ഇന്നത്തെ സാഹചര്യത്തില്‍ ശരിയായ തീരുമാനം എടുക്കണമെന്ന് ഞാന്‍ സംരംഭകരോട് അഭ്യര്‍ത്ഥിക്കുന്നു.


Tags:    

Similar News