കേന്ദ്രത്തിന്റെ പുതിയ നിയമം നിങ്ങളുടെ ബിസിനസിനെ രക്ഷിക്കുമോ തകര്‍ക്കുമോ?
നികുതിവിദഗ്ദ്ധരുടെയും ബിസിനസുകാരുടെയും പ്രതികരണം ഇങ്ങനെ
കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) സഹായിക്കാന്‍ കൊണ്ടുവന്ന ഫിനാന്‍സ് ആക്റ്റ് 2023ലെ സെക്ഷന്‍ 43(ബി)എച്ച് നിയമഭേദഗതി വാണിജ്യ, വ്യാപാരരംഗത്ത് വലിയ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കിയേക്കും. എം.എസ്.എം.ഇകളെ സഹായിക്കുകയാണ് ലക്ഷ്യമെങ്കിലും ഫലത്തിലിത് എം.എസ്.എം.ഇകള്‍ക്കും അവയുടെ ഉപഭോക്തൃകമ്പനികള്‍ക്കും തന്നെ കനത്ത തിരിച്ചടിയായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, എം.എസ്.എം.ഇകള്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്ര തീരുമാനമെന്ന വാദങ്ങളുമുണ്ട്.
എം.എസ്.എം.ഇകളില്‍ നിന്ന് വാങ്ങുന്ന ഉത്പന്ന/സേവനങ്ങളുടെ പണം 45 ദിവസത്തിനകം പൂര്‍ണമായി കൊടുത്തുതീര്‍ക്കണമെന്നും അല്ലാത്തപക്ഷം ഉത്പന്ന/സേവനം വാങ്ങിയ കമ്പനിയുടെ വരുമാനമായി അത് കണക്കാക്കി അതിനുകൂടി ആദായനികുതി ഈടാക്കുമെന്നുമാണ് പുതിയചട്ടം പറയുന്നത്. 2024 ഏപ്രില്‍ ഒന്നുമുതല്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
എം.എസ്.എം.ഇകള്‍ക്ക് ഗുണമോ ദോഷമോ?
എം.എസ്.എം.ഇകള്‍ക്ക് വരുമാനലഭ്യതയും അവയുടെ സാമ്പത്തികാരോഗ്യവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നത്. എം.എസ്.എം.ഇകള്‍ക്ക് ഗുണകരമായ തീരുമാനമാണിതെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ICAI) മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ ബാബു എബ്രഹാം കള്ളിവയലില്‍ 'ധനംഓണ്‍ലൈനിനോട്' പറഞ്ഞു.
നിലവില്‍ തന്നെ സമാനമായ നിയമമുണ്ട്. നിശ്ചിത കാലാവധിക്കുള്ളില്‍ എം.എസ്.എം.ഇകള്‍ക്കുള്ള പണം കൊടുത്തില്ലെങ്കില്‍ അതിന് പലിശ കൊടുക്കണം. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) ക്ലെയിം ചെയ്യാനും പ്രയാസമാകും. കാലാവധി പാലിച്ചില്ലെങ്കില്‍ വരുമാനമായി കണക്കാക്കി നികുതി ഈടാക്കുമെന്ന നിയമഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ദോഷകരമായി മാറും
നിലവില്‍ 120-180 ദിവസം വരെ ക്രെഡിറ്റിലാണ് വലിയ വ്യാപാരികളും മറ്റും എം.എസ്.എം.ഇകളില്‍ നിന്ന് ഉത്പന്ന/സേവനങ്ങള്‍ വാങ്ങുന്നതെന്നും 45-ദിവസപരിധി പാലിക്കുക പ്രയാസമാണെന്നും കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കേരള ടെക്‌സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KTGA) സംസ്ഥാന പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന്‍ 'ധനംഓണ്‍ലൈനിനോട്' പറഞ്ഞു.
വൻകിട കമ്പനികൾ പലതും ഇതുമറികടക്കാൻ എം.എസ്.എം.ഇകളെ ഒഴിവാക്കി മറ്റ് മേഖലകളെയോ വന്‍കിടക്കാരെയോ തേടിപ്പോകും. ഇത് എം.എസ്.എം.ഇകളുടെ നിലനില്‍പ്പിനെ ബാധിക്കും. എം.എസ്.എം.ഇകളുടെ അതേനിലവാരത്തില്‍ ഉത്പന്ന/സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന കമ്പനികളുണ്ട്. തീരെ നിവൃത്തിയില്ലെങ്കിലോ എക്‌സ്‌ക്ലുസീവ് ഉത്പന്ന/സേവനങ്ങള്‍ക്കോ വേണ്ടിമാത്രമേ പിന്നീട് എം.എസ്.എം.ഇകളെ തേടി കമ്പനികള്‍ പോകൂ. ഫാഷന്‍, വസ്ത്രമേഖലയിലുള്ള കമ്പനികള്‍ക്കാണ് നിയമഭേദഗതി കൂടുതല്‍ തിരിച്ചടിയാവുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയാവില്ലെന്നും വാദം
എം.എസ്.എം.ഇകള്‍ ഏറെ കുറഞ്ഞ വിലനിലവാരത്തിലാണ് ഉത്പന്ന/സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഈ വിലയ്ക്ക് ഉത്പന്ന/സേവനങ്ങള്‍ ലഭ്യമാക്കാന്‍ വന്‍കിടക്കാര്‍ക്ക് പറ്റണമെന്നില്ലെന്നും പുതിയ നിയമഭേദഗതി എം.എസ്.എം.ഇകള്‍ക്ക് ഗുണം ചെയ്യുകയേയുള്ളൂ എന്നും കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (KSSIA) മുന്‍ ഭാരവാഹിയും ടൈ കേരള പ്രസിന്റുമായ ദാമോദര്‍ അവനൂര്‍ 'ധനംഓണ്‍ലൈനിനോട്' പറഞ്ഞു.
എം.എസ്.എം.ഇകള്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞവില വേണ്ടെന്നുവച്ചും 45-ദിവസചട്ടം പാലിക്കാനാവില്ലെന്ന പേരില്‍ അവരെ കൈവിട്ട് വന്‍കിടക്കാരെ തേടിപ്പോകാനും ഉപഭോക്തൃ കമ്പനികള്‍ തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് ബാബു എബ്രഹാം കള്ളിവയലില്‍ പറഞ്ഞു.
ഉപേക്ഷിക്കുമോ എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍?
കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതി കച്ചവടവും കരാറുകളും നഷ്ടപ്പെടാന്‍ വഴിയൊരുക്കുമെന്ന ഭീതിമൂലം ചിലര്‍ എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ വേണ്ടെന്നുവച്ചേക്കുമെന്ന വാദഗതികളുണ്ട്. എന്നാല്‍, ഇതിന് പലരും തയ്യാറായേക്കില്ലെന്നും എം.എസ്.എം.ഇ എന്ന പേരില്‍ ലഭിക്കുന്ന മറ്റ് നിരവധി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനേ അത്തരം നീക്കങ്ങള്‍ വഴിവയ്ക്കൂ എന്നും ദാമോദര്‍ അവനൂര്‍ ചൂണ്ടിക്കാട്ടി.
മാധ്യമ അഡ്വര്‍ടൈസിംഗ് മേഖലയിലും പുതിയ കേന്ദ്രനിയമം അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. നിലവില്‍ 60-90 ദിവസ ക്രെഡിറ്റിലാണ് ബിസിനസ് കരാറുകള്‍. ഇത് 45-ദിവസത്തേക്ക് ചുരുക്കുന്നത് ബിസിനസിനെ ബാധിക്കുമെന്ന് അഡ്വര്‍ടൈസിംഗ് കമ്പനികളും ചൂണ്ടിക്കാട്ടുന്നു.
സാവകാശം നല്‍കുമോ കേന്ദ്രം?
നിയമഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് നിവേദനം നല്‍കിയിട്ടുണ്ടെന്നും അത് കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അടക്കം നിരവധി സംഘടനകളും സാവകാശം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമഭേദഗതി നടപ്പാക്കുന്നത് 2025 ഏപ്രില്‍ ഒന്നുമുതലാക്കാന്‍ കേന്ദ്രം തയ്യാറായേക്കുമെന്നാണ് പ്രതീക്ഷകള്‍. അതേസമയം, പാര്‍ലമെന്റില്‍ പാസാക്കിയ നിയമഭേദഗതിയാണെന്നതിനാല്‍, നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നതിനും പാര്‍ലമെന്റിന്റെ അനുമതി വേണ്ടിവരും.