ഓണ്‍ലൈനിലൂടെ പണമുണ്ടാക്കാനുള്ള 12 വഴികള്‍ ഡോ.പിപി വിജയന്‍ എഴുതുന്നു പാര്‍ട്ട്- 1
അമേരിക്കയിലെ തെക്കേ കെന്റക്കിയിലെ സാധാരണ സ്‌കൂള്‍ ടീച്ചര്‍മാരായിരുന്നു ഷെയ്‌നും ജോസിലിന്‍ സാംസും. ഇന്നവര്‍ കോടിപതികളാണ്. എന്നാല്‍ മുമ്പ് മാസം 5000 ഡോളര്‍ മാത്രമാണ് ഇരുവര്‍ക്കും കൂടിയുണ്ടായിരുന്ന വരുമാനം. അതവര്‍ക്ക് ഒന്നിനും തികയുമായിരുന്നില്ല. മാത്രവുമല്ല രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തീരെ മനസാക്ഷിയില്ലാത്ത മേലധികാരിയുടെ കീഴിലെ ജോലി അവര്‍ക്ക് മടുത്തു. മനസിനിഷ്ടപ്പെടുന്ന എന്തെങ്കിലും ചെയ്ത് അധികവരുമാനം നേടാന്‍ അവര്‍ ആഗ്രഹിച്ചു.
ഇതിനിടയില്‍ ബ്ലോഗ് ചെയ്ത് പണമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം ഷെയിന്‍ വായിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് ചില വെബ്‌സൈറ്റുകളുണ്ടാക്കി വ്യത്യസ്തതയുള്ള കണ്ടന്റുകള്‍ പോസ്റ്റ് ചെയ്‌തെങ്കിലും വല്ലപ്പോഴും ചെറിയ തുക മാത്രമേ കിട്ടിയിരുന്നുള്ളു.
ഷെയിന്‍ ചെയ്യുന്നതെല്ലാം ജോസിലിന്‍ കണ്ടു. ഈ ബിസിനസില്‍ കുറച്ചുകൂടി പണമുണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ തലപുകച്ച് ആലോചിച്ചു. തങ്ങള്‍ക്ക് ഏറ്റവും നന്നായി അറിയാവുന്നത് കുട്ടികളെ പഠിപ്പിക്കാനാണ്. എങ്കില്‍പ്പിന്നെ ആ കഴിവ് തന്നെ ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ലെസണ്‍ പ്ലാനുകള്‍, ഇ ബുക്കുകള്‍, അധ്യാപകര്‍ക്ക് വേണ്ടിയുള്ള മറ്റ് റിസോഴ്‌സുകള്‍ എല്ലാം വെബ്‌സൈറ്റിലൂടെ നല്‍കാന്‍ തുടങ്ങി. അതോടെ അവരുടെ എലിമെന്ററി ലൈബ്രേറിയന്‍ എന്ന വെബ്‌സൈറ്റ് വളരാനും ധാരാളം പണം ലഭിക്കുവാനും തുടങ്ങി.
തുടര്‍ന്ന് സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് അവര്‍ ഓണ്‍ലൈന്‍ ബിസിനസില്‍ കൂടുതല്‍ സജീവമായി. എനി്ക്ക് വളരെ ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ ബിസിനസ് വിജയകഥകളിലൊന്നാണ് ഇവരുടേത്. കാരണം സാധാരണ അധ്യാപകരാണ് ഇവര്‍ രണ്ടുപേരും. അധ്യാപകര്‍ക്ക് ബിസിനസില്‍ വിജയിക്കാനാകുമോ എന്ന് സംശയിക്കുന്നവരാണ് നാം. എന്നാല്‍ അവര്‍ക്ക് അറിയാവുന്നതും പാഷനുള്ളതുമായ മേഖലയിലൂടെ അവര്‍ കൂടുതല്‍ വരുമാനമുണ്ടാക്കുകയും മികച്ച ജീവിതശൈലി സ്വന്തമാക്കുകയും ചെയ്തു.
കോവിഡ് ഏല്‍പ്പിച്ച സാമ്പത്തികപ്രതിസന്ധി മൂലം ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെടുമ്പോഴും ഇവരെപ്പോലെ ഓണ്‍ലൈന്‍ ബിസിനസിലൂടെ വന്‍ വരുമാനം നേടുന്നവര്‍ ഏറെയാണ്.
ഓണ്‍ലൈനിലൂടെ പണമുണ്ടാക്കാനുള്ള 12 വഴികള്‍:
1. അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്
മസാച്ചുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്ഥാപനമായ ട്രിപ്പ് അഡൈ്വസര്‍ യഥാര്‍ത്ഥത്തില്‍ ഒരു അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനമാണെന്ന് എത്രപേര്‍ക്കറിയാം? ലോകത്തിലെ ട്രാവല്‍ & ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഹോട്ടല്‍, റെസ്‌റ്റോറന്റ് തുടങ്ങിയ സ്താപനങ്ങളില്‍ നിന്നാണ് ട്രിപ്പ് അഡൈ്വസറിന് വരുമാനം ലഭിക്കുന്നത്.
നിങ്ങളുടെ ബ്ലോഗില്‍ നിന്ന് പണം നേടാനുള്ള ഏറ്റവും വിജയകരമായ വഴിയാണ് ആമസോണ്‍ വഴിയുള്ള അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്. ആമസോണിലെ ഉല്‍പ്പന്നങ്ങളുടെ ലിങ്കുകള്‍ നിങ്ങളുടെ വെബ്‌സൈറ്റില്‍ ചേര്‍ക്കുകയും ആ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ സൈറ്റ് വഴി പ്രമോട്ട് ചെയ്യുകയുമാണ് വേണ്ടത്. നിങ്ങളുടെ സൈറ്റില്‍ വരുന്ന സന്ദര്‍ശകര്‍ ആ ഉല്‍പ്പന്നത്തില്‍ ക്ലിക്ക് ചെയ്യുകയും അത് വാങ്ങുകയും ചെയ്താല്‍ നിങ്ങള്‍ക്ക് വില്‍പ്പനയുടെ നിശ്ചിതശതമാനം വിഹിതം ലഭിക്കും. ഇത് തുടങ്ങാനായി ആമസോണ്‍ അഫിലിയേറ്റ്‌സില്‍ സൈന്‍ അപ്പ് ചെയ്യുകയാണ് വേണ്ടത്. അതിനുശേഷം നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടതും നിങ്ങളുടെ വായയനക്കാര്‍ക്ക് താല്‍പ്പര്യമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്ത് പ്രമോട്ട് ചെയ്യുക. ഉന്നതനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം പ്രമോട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസ്യത നഷ്ടമാകുകയും ഫോളോവേഴ്‌സിനെ നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും.
ആമസോണ്‍ വഴിയുള്ള അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് വളരെ എളുപ്പമാണ്. എന്നിരുന്നാലും മറ്റ് ബിസിനസുകളും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ വെബ്‌സൈറ്റിന് ചേര്‍ന്ന ഉല്‍പ്പന്നമോ സേവനമോ തെരഞ്ഞെടുത്തശേഷം അവരുടെ കോണ്ടാക്റ്റ് പേജില്‍ നിന്ന് വിവരങ്ങളെടുത്ത് നിങ്ങള്‍ക്ക് നേരില്‍ ബന്ധപ്പെടാം. അവര്‍ ഏതെങ്കിലും അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് പ്രോഗ്രാമുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കുക. ഓരോ ബിസിനസിനെയും ഇങ്ങനെ ബന്ധപ്പെടുന്നത് സമയം എടുക്കുമെങ്കിലും സ്വതന്ത്രരായ വെന്‍ഡര്‍മാര്‍ ആമസോണിനെക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കും. അത് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭകരമാണ്.
2. ഓണ്‍ലൈന്‍ കരിയര്‍ കണ്‍സള്‍ട്ടന്‍സി & ഫിനിഷിംഗ് സ്‌കൂള്‍
സ്വന്തം അഭിരുചിയും സാധ്യതയും അനുസരിച്ച് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്നും കോഴ്സ് കഴിഞ്ഞവര്‍ക്ക് ഏത് കരിയര്‍ തെരഞ്ഞെടുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ഓണ്‍ലൈന്‍ കരിയര്‍ കണ്‍സള്‍ട്ടന്‍സിക്ക് ഇപ്പോള്‍ സാധ്യതകളേറെയാണ്. എന്‍ജിനീയറിംഗ്, എംബിഎ പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ജോലിക്ക് അനുയോജ്യരാക്കുന്ന (എംപ്ലോയബിള്‍) രീതിയില്‍ ഓണ്‍ലൈന്‍ ഫിനിഷിംഗ് സ്‌കൂളും ആരംഭിക്കാം. വൈദഗ്ധ്യം നേടിയശേഷം മാത്രമേ ഈ മേഖലയിലേക്ക് ഇറങ്ങാവൂ.
3. വെര്‍ച്വല്‍ അസിസ്റ്റന്റ്
ചെറിയ ബിസിനസാകട്ടെ, വലിയ സ്ഥാപനമാകട്ടെ ദൈനംദിന അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ചെയ്യാന്‍ സഹായം ആവശ്യമാണ്. പക്ഷെ മുഴുവന്‍ വേതനവും നല്‍കി ഒരാളെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലിക്ക് നിര്‍ത്താനായെന്ന് വരില്ല. ഇവിടെയാണ് വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ പ്രസക്തി. സാധാരണ അസിസ്റ്റന്റ് അല്ലെങ്കില്‍ സെക്രട്ടറി ചെയ്യുന്ന ജോലികളെല്ലാം വെര്‍ച്വല്‍ അസിസ്റ്റന്റ് ചെയ്യുമെങ്കിലും സാധാരണ സെക്രട്ടറിമാരെപ്പോലെ എപ്പോഴും കൂടെയുണ്ടാകില്ല. പേര് സൂചിപ്പിക്കുന്നതുപോലെ അവര്‍ മുഴുവന്‍ സമയവും വീട്ടിലിരുന്ന് ജോലി ചെയ്യും. ഫോണ്‍, ഇ-മെയ്ല്‍, സൂം പോലെയുള്ള ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി അവര്‍ തങ്ങളുടെ ക്ലൈന്റുമായി സ്ഥിരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒരാള്‍ക്ക് ഒന്നിലേറെ സ്ഥാപനങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്റാകാന്‍ കഴിയുമെന്നത് കൂടുതല്‍ വരുമാനം നേടാന്‍ സഹായിക്കും.
4. പെയ്ഡ് കോഴ്‌സുകള്‍ നടത്തുക
നിങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള മേഖലകളില്‍ കോഴ്‌സുകള്‍ തയാറാക്കാം. പക്ഷെ അത് നിങ്ങളുടെ ബ്ലോഗിലെ വിഷയവുമായി ചേര്‍ന്നതും വായനക്കാര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളിലുള്ളതുമായിരിക്കണം. പാചകത്തിലാണ് നിങ്ങള്‍ക്ക് വൈദഗ്ധ്യമെങ്കില്‍ ആ മേഖലയില്‍പ്പോലും പെയ്ഡ് കോഴ്‌സുകള്‍ തയാറാക്കാവുന്നതാണ്. കോഴ്‌സ് തയാറാക്കുന്ന ആദ്യത്തെ ഘട്ടം അല്‍പ്പം ബുദ്ധിമുട്ടേറിയതാണെങ്കിലും അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആ കോഴ്‌സ് ഓരോ പ്രാവശ്യം വില്‍ക്കുമ്പോഴും നിങ്ങള്‍ക്ക് പണം ലഭിക്കും. ലേണ്‍ഡാഷ് പോലുള്ള വേര്‍ഡ്പ്രസ് പ്ലഗിന്‍ പ്രൊഫഷണലായ ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ടാക്കുന്നതിന് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്കൊരു വെബ്‌സൈറ്റ് ഇല്ലെങ്കിലും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തയാറാക്കി വില്‍ക്കാം. ടീച്ചബിള്‍ പോലുള്ള സോഫ്റ്റ്‌വെയറുകളിലൂടെ അത് സാധ്യമാക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം.
5. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം
ഏതെങ്കിലും പ്രോജക്റ്റിനായോ സംരംഭത്തിനായ വലിയൊരു ഗ്രൂപ്പ് ആളുകളില്‍ നിന്ന് ഫണ്ട് കണ്ടെത്തുന്നതിനാണ് ക്രൗഡ് ഫണ്ടിംഗ് എന്നു പറയുന്നത്. സിനിമകള്‍ നിര്‍മിക്കുന്നതിന് ഈ രീതി ഉപയോഗിക്കാറുണ്ട്. ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റു സംരംഭങ്ങള്‍ എന്നിവ തുടങ്ങാനായി ഫണ്ട് കണ്ടെത്താനുള്ള ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം ഒരുക്കാം.
6. ചാറ്റ്ബോട്ട്
ചില വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ അതില്‍ ഒരു ചാറ്റ് ബോക്‌സ് പ്രത്യക്ഷപ്പെട്ട് എന്ത് സഹായമാണ് വേണ്ടതെന്ന് ആവശ്യപ്പെടാറില്ലേ? അങ്ങനെ ചോദിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ് റോബോട്ടുകളാകാം. കസ്റ്റമര്‍ റിലേഷന്‍സിന് ഏറ്റവും പ്രാധാന്യം കൈവരുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സേവനം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഈ രംഗത്ത് സംരംഭം ആരംഭിക്കാം.
(അടുത്ത ആറ് ആശയങ്ങള്‍ പാര്‍ട്ട്-2ല്‍ തുടരും)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline