വിപണിയില്‍ പുതിയ ആശങ്കകള്‍; തിരിച്ചു കയറ്റ പ്രതീക്ഷയോടെ ബുള്ളുകൾ; ഏഷ്യൻ വിപണികളിൽ കുതിപ്പ്
ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനു ശമനം; ഡോളർ സൂചിക കുറയുന്നു; ക്രിപ്റ്റോകൾ റെക്കോർഡിനരികെ;
എച്ച്എംപിവി രോഗബാധ, മൂന്നാം പാദ കമ്പനി ഫലങ്ങൾ, ജിഡിപി വളർച്ച എന്നിവയെപ്പറ്റിയുള്ള ആശങ്കകൾ ഇന്ത്യൻ വിപണിയെ വല്ലാതെ ഉലച്ചു. വിപണിമൂല്യം 11 ലക്ഷം കോടി രൂപ കുറഞ്ഞ ഇന്നലത്തെ തകർച്ചയിൽ നിന്ന് തിരിച്ചു കയറ്റമോ ആശ്വാസ റാലിയോ പ്രതീക്ഷിച്ചാണ് വിപണി ഇന്നു വ്യാപാരം തുടങ്ങുന്നത്. അതു ഉടർന്നു പോകാൻ തക്ക ആക്കം ബുള്ളുകൾക്ക് ഉണ്ടാകുമോ എന്നാണു സംശയം.
ഡോളർ സൂചിക കുറഞ്ഞെങ്കിലും രൂപയ്ക്കു തിരിച്ചു കയറ്റം സാധിക്കാവുന്ന നില വന്നിട്ടില്ല. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയപരിപാടികളെ നോക്കിയാണു രൂപ നീങ്ങുന്നത്.
ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനു ശമനം കാണുന്നത് വിപണിക്ക് ആശ്വാസമാണ്.
ഇന്നു വെെകുന്നേരം 2024-25 ജിഡിപിയുടെ പ്രഥമ അഡ്വാൻസ് എസ്റ്റിമേറ്റ് പ്രസദ്ധീകരിക്കും. അതിൻ്റെ പ്രതികരണം നാളെയാണ് ഉണ്ടാവുക.
ഫാക്ടറി ഉൽപാദന പിഎംഐ കുറഞ്ഞെങ്കിലും സേവനമേഖലയുടെ പിഎംഐ ഉയർന്നതു വിപണിക്ക് ആശ്വാസമാണ്. ഏഷ്യൻ വിപണികളുടെ കുതിപ്പും വിപണിയെ സഹായിക്കും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,772 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,774 ലേക്കു കയറി. വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഉയർന്നു. യൂറോപ്യൻ വാഹനങ്ങൾക്കു പിഴച്ചുങ്കം ചുമത്തുന്ന കാര്യത്തിൽ ട്രംപ് ഭരണകൂടത്തിൽ പുനരാലോചന ഉണ്ടെന്ന റിപ്പോർട്ട് വാഹന കമ്പനികളെ ഉയർത്തി. കംപ്യൂട്ടർ ചിപ് നിർമാണ കമ്പനികളും കയറി.
യുഎസ് വിപണി തിങ്കളാഴ്ച ഭിന്ന ദിശകളിലായെങ്കിലും മനോഭാവം കയറ്റത്തിൻ്റേതായിരുന്നു. എസ് ആൻഡ് പി 500 തുടർച്ചയായ രണ്ടാം ദിവസവും കയറി. ചിപ് നിർമാണ കമ്പനികൾ മികച്ച വളർച്ച കാണിക്കുമെന്ന സൂചന എൻവിഡിയ, മൈക്രോൺ ടെക്നോളജി തുടങ്ങിയവയെ ഉയർത്തി. മൈക്രോൺ 10.5 ശതമാനം കുതിച്ചു. എൻവിഡിയ 3.4 ശതമാനം ഉയർന്നു. ആപ്പിളും ടെസ്‌ലയും ചെറിയ നേട്ടം ഉണ്ടാക്കി.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 25.57 പോയിൻ്റ് (0.06%) താഴ്ന്ന് 42,706.56 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 32.91 പോയിൻ്റ് (0.55%) ഉയർന്ന് 5975.38 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 243.30 പോയിൻ്റ് (1.24%) നേട്ടത്തോടെ 19,864.98 ൽ ക്ലോസ് ചെയ്തു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, നിക്ഷേപനേട്ടം 4.632 ശതമാനം കിട്ടുന്ന നിലയിൽ തുടർന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ ജോൺസ് 0.06 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്ന് കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 2.2 ശതമാനം കുതിച്ചു കയറി. ദക്ഷിണ കൊറിയയിൽ മുഖ്യ സൂചിക 1.2 ശതമാനം ഉയർന്നു.
സൂചികകൾ ഇടിഞ്ഞു
പുതിയ വർഷത്തിലെ ആദ്യ മുഴുവൻ ആഴ്ചയിലേക്കു പ്രതീക്ഷയോടെ എത്തിയവരെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് എതിരേറ്റത്. ബാങ്കുകൾ അടക്കം മിക്ക മേഖലകളിലും കമ്പനികളുടെ മൂന്നാം പാദ റിസൽട്ട് മോശമാകും എന്ന വിലയിരുത്തലാണ് ആദ്യത്തേത്. പിന്നീട് എച്ച്എംപിവി (ഹ്യൂമൻ മെറ്റാ ന്യൂമോവൈറസ്) ഇന്ത്യയിലും എന്ന വാർത്ത വന്നു. 2020 ലെ കോവിഡ്19 പോലെ വ്യാപകമാേ മാരകമോ അല്ല ഈ ശീതകാല വെെറസ് ബാധ എന്ന് അറിയാമെങ്കിലും വിപണി വലിയ ആശങ്ക പ്രകടിപ്പിച്ചു. സൂചികകൾ കുത്തനേ ഇടിഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു ഡസനിൽ താഴെ വെെറസ് ബാധയാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിഫ്റ്റി 388.70 പോയിൻ്റ് (1.62%) താഴ്ന്ന് 23,616.05 ൽ അവസാനിച്ചു. സെൻസെക്സ് 1258.12 പോയിൻ്റ് (1.59%) ഇടിഞ്ഞ് 77,964.99 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1066.80 പോയിൻ്റ് (2.09%) നഷ്ടത്തോടെ 49,922.00 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.70 ശതമാനം (1564.10 പോയിൻ്റ്) കുറഞ്ഞ് 56,366.95 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 3.20 ശതമാനം (608.45 പോയിൻ്റ്) ഇടിഞ്ഞ് 18,425.25 ൽ ക്ലോസ് ചെയ്തു.
എല്ലാ വ്യവസായ മേഖലകളും ഇന്നലെ ഇടിവിലായി. പിഎസ് യു ബാങ്ക് (4%), റിയൽറ്റി (3.61%), മെറ്റൽ (3.14%), ഓയിൽ - ഗ്യാസ് (2.89%), ഓട്ടോ (2.18%) തുടങ്ങിയ മേഖലകളാണു കൂടുതൽ ഇടിഞ്ഞത്.
വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2575.06 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 5749.65 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 611 ഓഹരികൾ ഉയർന്നപ്പോൾ 3530 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 413 എണ്ണം ഉയർന്നു, താഴ്ന്നത് 2473 എണ്ണം.
നിഫ്റ്റി 200 ദിന എക്സ്പൊണൻഷ്യൽ മൂവിംഗ് ശരാശരി (ഇഎംഎ) ആയ 23,700 നു താഴെയായി. ഈ നിലയ്ക്കു താഴെ തുടർന്നാൽ 23,450- 23,250 മേഖലയിലെ പിന്തുണ തേടിയെന്നു വരാം. 23,700 നെ മറി കടക്കാനായാൽ 23,900-24,000 മേഖലയിൽ തടസം പ്രതീക്ഷിക്കാം എന്നാണ് ചാർട്ടിസ്റ്റുകൾ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 23,545 ലും 23,420 ലും പിന്തുണ കിട്ടാം. 23,960 ഉം 24,085 ഉം തടസങ്ങൾ ആകാം
കമ്പനികൾ, വാർത്തകൾ
വൺ മോബിക്വിക്ക്, ജിഎം ബ്രൂവറീസ് തുടങ്ങി അര ഡസനിലേറെ കമ്പനികൾ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.
എസ് എച്ച് കേൽക്കർ ആൻഡ് കമ്പനിയുടെ മൂന്നാം പാദ ബിസിനസ് വളർച്ച തൃപ്തികരമാണെങ്കിലും ലാഭമാർജിൻ കുറഞ്ഞു. കമ്പനിയുടെ അറ്റ കടം 700 കോടിയായി ഉയർന്നു.
ഇൻഫോ എഡ്ജിൻ്റെ മൂന്നാം പാദ ബില്ലിംഗ് 15.8 ശതമാനം കൂടി. റിക്രൂട്ട്മെൻ്റ് വിഭാഗം 15.2ഉം റിയൽ എസ്റ്റേറ്റ് 16.06 ഉം ശതമാനം വരുമാന വർധിപ്പിച്ചു.
അശോക ബിൽഡ്കോൺ പശ്ചിമ ബംഗാളിൽ 1391 കോടി രൂപയുടെ ദേശീയപാതാ നിർമാണ കരാർ നേടി.
പവർഗ്രിഡ് കോർപറേഷന് രണ്ടു സംസ്ഥാനന്തര ട്രാൻസ്മിഷൻ സിസ്റ്റങ്ങൾ നിർമിക്കുന്നുള്ള കരാർ ലഭിച്ചു.
ആക്സോ നോബൽ ഇന്ത്യയുടെ പൗഡർ കോട്ടിംഗ് ബിസിനസ് വിദേശമാതൃ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിക്കു വിൽക്കാൻ മാതൃകമ്പനി നിർദേശിച്ചു. പെയിൻ്റുകളുടെ ബൗദ്ധിക സ്വത്തവകാശം മാതൃകമ്പനിയിൽ നിന്നു വാങ്ങാനും നിർദേശമുണ്ട്.
സ്വര്‍ണ വിലയില്‍ ഇടിവ്
സ്വർണവില വീണ്ടും അൽപം താഴ്ന്നു. ഔൺസിന് 3.30 ഡോളർ കുറഞ്ഞ് 2637.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2639 ഡോളർ വരെ കയറി.
കേരളത്തിൽ തിങ്കളാഴ്ച സ്വർണവില മാറ്റമില്ലാതെ പവന് 57,720 രൂപയിൽ തുടർന്നു.
വെള്ളിവില ഔൺസിന് 29.88 ഡോളറിലേക്ക് കയറി.
ഡോളര്‍ സൂചിക താഴോട്ട്
തിങ്കളാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക വീണ്ടും താഴ്ന്നു 108.26 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.36 ലേക്കു കയറി.
രൂപ ഇന്നലെയും ദുർബലമായി. ഡോളർ 85.83 രൂപ എന്ന റെക്കോർഡ് വിലയിൽ ക്ലോസ് ചെയ്തു. 85.86 വരെ വ്യാപാരത്തിനിടെ ഡോളർ കയറി.
ക്രൂഡ് ഓയിൽ താഴുന്നു
ക്രൂഡ് ഓയിൽ വിപണി താഴ്ന്നു. തിങ്കളാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.21 ഡോളറിലേക്കു താണു ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 76.09 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 73.30 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.61 ഉം ഡോളറിൽ നിൽക്കുന്നു. .
ക്രിപ്റ്റോകൾ റെക്കോർഡിനരികെ
ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി റെക്കോർഡിനരികെ എത്തി. ബിറ്റ്കോയിൻ 1,02,500 ഡോളർ വരെ എത്തിയിട്ട് 1,02,100 ലേക്കു താണു. ഈഥർ വില 3680 ഡോളർ വരെ കയറി.
അലൂമിനിയം ഒഴികെയുള വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഉയർന്നു. ചെമ്പ് 1.36 ശതമാനം കയറി ടണ്ണിന് 8886.93 ഡോളറിൽ എത്തി. അലൂമിനിയം 0.15 ശതമാനം താഴ്ന്ന് ടണ്ണിന് 2489.70 ഡോളർ ആയി. ടിൻ 2.15 ഉം സിങ്ക് 0.51 ഉം നിക്കൽ 2.01 ഉം ലെഡ് 0.87 ഉം ശതമാനം ഉയർന്നു.
വിപണി സൂചനകൾ
(2024 ജനുവരി 06, തിങ്കൾ)
സെൻസെക്സ് 30 77,964.99 -1.59%
നിഫ്റ്റി50 23,616.05 -1.62%
ബാങ്ക് നിഫ്റ്റി 49,922.00 -2.09%
മിഡ് ക്യാപ് 100 56,366.95 -2.70%
സ്മോൾ ക്യാപ് 100 18,425.25 -3.20%
ഡൗ ജോൺസ് 42,706.56 -0.06%
എസ് ആൻഡ് പി 5975.38 +0.55%
നാസ്ഡാക് 19,864.98 +1.24%
ഡോളർ($) ₹85.83 +₹0.06
ഡോളർ സൂചിക 108.26 -0.69
സ്വർണം (ഔൺസ്) $2637.10 -$03.30
സ്വർണം(പവൻ) ₹57,720 +₹0.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.21 -$00.30