രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റ് റഗുലേറ്ററായ സെബി ചൊവ്വാഴ്ച അഞ്ച് സുപ്രധാന ഓർഡറുകൾ പാസാക്കിയിരുന്നു. എല്ലാം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി (NSE) ബന്ധപ്പെട്ടവ. എന്തായിരുന്നു ആ ഓർഡറുകൾ?
എൻഎസ്ഇ പ്രതിസ്ഥാനത്ത് നിൽക്കുന്ന കോ- ലൊക്കേഷന്‍ കേസില്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെതിരെ നടപടിയെടുത്തുകൊണ്ടുള്ള ഓർഡറുകൾ ആയിരുന്നു അവ. എക്സ്ചേഞ്ചിന് 1000 കോടി രൂപ പിഴ വിധിച്ചതിന് പുറമെ എൻഎസ്ഇയുടെ രണ്ട് മുൻ മാനേജിങ് ഡയറക്ടർമാരെ ഓഹരിവിപണിയിൽ നിന്നും അഞ്ചു വർഷത്തേയ്ക്ക് വിലക്കിയിട്ടുമുണ്ട്.
എന്താണ് കോ-ലൊക്കേഷൻ കേസ്
എൻഎസ്ഇ തങ്ങളുടെ ട്രേഡിങ്ങ് പ്ലാറ്റ് ഫോമിലേക്ക് ചില ട്രേഡർമാർക്കും ബ്രോക്കർമാർക്കും അക്സസ്സ് നൽകിയിട്ടുണ്ടെന്ന് 2015-ൽ സെബിയ്ക്ക് പരാതി ലഭിച്ചിരുന്നു. 2011 നും 2014 നുമിടയ്ക്ക്, കോ-ലൊക്കേഷൻ സർവിസിന് കീഴിലുള്ള എൻഎസ്ഇയുടെ ട്രേഡിങ്ങ് സെർവറുകൾ ചില ട്രേഡേഴ്സിനു മാത്രം അക്സസ്സ് ചെയ്യാൻ അനുവാദം ലഭിച്ചിരുന്നു. സെർവറുമായി ആദ്യം തന്നെ കണക്ട് ചെയ്യാൻ സാധിക്കുമായിരുന്നതിനാൽ, മറ്റുള്ളവരെക്കാൾ വേഗത്തിൽ ഓഹരി വിവരങ്ങൾ ഇവർക്ക് ലഭ്യമായിരുന്നു.
സെബിയുടെ ഓർഡർ
2019 ഏപ്രിൽ 30ന് ആകെമൊത്തം 400 പേജുള്ള 5 ഓർഡറുകൾ സെബി പാസാക്കി. തുല്യമായതും ന്യായമായതുമായ അവസരം സ്റ്റോക്ക് ട്രേഡേഴ്സിന് നൽകുന്നതിൽ എൻഎസ്ഇ പരാജയപ്പെട്ടു എന്ന് സെബി വിലയിരുത്തുന്നു. തങ്ങളുടെ അൽഗോരിതമിക് പ്ലാറ്റ് ഫോമിലേക്ക് തുല്യമായ അക്സസ്സ് എല്ലാ അംഗങ്ങൾക്കും നൽകേണ്ടത് എൻഎസ്ഇയുടെ ഉത്തരവാദിത്തമായിരുന്നു.
സെബിയുടെ PFUTP (Prohibition of Fradulent and Unfair Trade Practices)
ചട്ടങ്ങൾ എൻഎസ്ഇ ലംഘിച്ചതായാണ് കണ്ടെത്തൽ. എന്നാൽ ഇതിന് മതിയായ തെളിവ് ലഭിച്ചില്ല.
1000 കോടി പിഴ
കോ-ലൊക്കേഷൻ സർവീസിൽ നിന്ന് നേടിയ 624.89 കോടി രൂപ ലാഭം 12 ശതമാനം ലാഭത്തോടെ ഇൻവെസ്റ്റർ പ്രൊട്ടക്ടർ ആൻഡ് എഡ്യൂക്കേഷൻ ഫണ്ടി (IPEF) ലേക്ക് നിക്ഷേപിക്കണം. പലിശ കൂടി ചേരുമ്പോൾ 1000 കോടി രൂപ പിഴ.
അടുത്ത ആറു മാസത്തേയ്ക്ക് പുതിയ ഏതെങ്കിലും ഡെറിവേറ്റിവ് പ്രൊഡക്ടുകൾ സ്റ്റോക്ക് മാർക്കറ്റിലോ കമ്മോഡിറ്റീസ് മാർക്കറ്റിലോ അവതരിപ്പിക്കുന്നതിൽ നിന്ന് എൻഎസ്ഇയെ വിലക്കി.
ഇതുമായി ബന്ധപ്പെട്ട 16 വ്യക്തികൾക്കെതിരെ നടപടിയുണ്ട്. ഇതിൽ എൻഎസ്ഇയുടെ രണ്ട് മുൻ മാനേജിങ് ഡയറക്ടർമാരായ രവി നരേൻ, ചിത്ര രാമകൃഷ്ണ എന്നിവരും ഉൾപ്പെടും. 2011 മുതൽ 2014 വരെയുള്ള ഇവരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം IPEF ൽ നിക്ഷേപിക്കണം. അതും 45 ദിവസത്തിനുള്ളിൽ.
ഇവർ അടുത്ത 5 വർഷത്തിനുള്ളിൽ ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുമായോ മാർക്കറ്റ് ഇന്റർമീഡിയറിയുമായോ അസോസിയേറ്റ് ചെയ്യാൻ പാടുള്ളതല്ല. മറ്റു ചിലർക്കെതിരെയും നടപടിയുണ്ട്.
അതേസമയം, സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന നിലയിലുള്ള തങ്ങളുടെ പ്രവർത്തനത്തെ സെബി നടപടികൾ ബാധിക്കില്ല എന്ന് എൻഎസ്ഇ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലും ട്രേഡിങ്ങ് സാധാരണ രീതിയിൽ നടക്കും.
എന്നാൽ സെബി ഓർഡർ കാരണം എൻഎസ്ഇയുടെ 10,000 കോടി രൂപയുടെ IPO വൈകും. വിലക്കുള്ള ആറു മാസം കഴിഞ്ഞാലേ അതിനു സാധിക്കൂ.