ഗൂഗിള്‍ ഇ-കൊമേഴ്സ് മേഖലയിലേക്ക്, തുടക്കം ഇന്ത്യയില്‍ നിന്ന്

Update: 2018-09-05 08:45 GMT

ഇ-കൊമേഴ്സ് സൈറ്റുകള്‍ക്ക് ഉല്‍സവകാലമായ ദീപാവലിക്ക് ഈ മേഖലയിലേക്ക് ഒരു

വമ്പന്‍ അതിഥിയെക്കൂടി പ്രതീക്ഷിക്കാം. ഗൂഗിള്‍ ഇ-കൊമേഴ്സ് മേഖലയിലേക്ക്

കടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. ഈ വന്‍പദ്ധതിയുടെ തുടക്കം

ദീപാവലിയോടെ ഇന്ത്യയില്‍ നിന്നാണ്. പക്ഷെ ഇക്കാര്യം ഗൂഗിള്‍

സ്ഥിരീകരിച്ചിട്ടില്ല.

ഗൂഗിളിന്‍റെ വരവ് ഇന്ത്യന്‍ ഇ-കൊമേഴ്സ് മേഖലയെ മാറ്റിമറിക്കും എന്ന്

ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ ആമസോണും വാള്‍മാര്‍ട്ടിന്‍റെ അധീനതയിലുള്ള

ഫ്ളിപ്പ്കാര്‍ട്ടുമാണ് ഈ 20 ബില്യണ്‍ ഡോളര്‍ ഇ-കൊമേഴ്സ് വിപണിയുടെ

നാലില്‍ മൂന്നും കൈവശപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിളിന്‍റെ വരവ് ഇ-കൊമേഴ്സ് വിപണി വിശാലമാകാന്‍ സഹായിക്കുമെന്നാണ്

വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം ഓണ്‍ലൈന്‍ വില്‍പ്പനയില്‍

കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്

ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ

വളര്‍ച്ചയ്ക്ക് സാധ്യതകളേറെയാണ്.

മൊത്തം നടക്കുന്ന റീറ്റെയ്ല്‍ വില്‍പ്പനയുടെ രണ്ട് ശതമാനത്തില്‍ താഴെയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ വിഹിതം. എന്നാല്‍ യു.കെ, ചൈന രാജ്യങ്ങളില്‍ അത് 16-17 ശതമാനം വരെയാണ്. ഇന്ത്യയ്ക്ക് മുന്നിലുള്ള ഈ വലിയ അവസരം തന്നെയാകാം തങ്ങളുടെ ആദ്യവിപണിയായി ഗൂഗിള്‍ ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ കാരണം.

നിലവിലുള്ള ഇ-കൊമേഴ്സ് സൈറ്റുകള്‍ക്ക് ഗൂഗിളിന്‍റെ വരവ്

സമ്മര്‍ദ്ദമുണ്ടാക്കാനുള്ള സാധ്യതയേറെയാണ്. ഉപഭോക്തൃസംതൃപ്തിക്ക്

പരമപ്രാധാന്യം നല്‍കിയും കൂടുതല്‍ ഓഫറുകള്‍ നല്‍കിയും തങ്ങളുടെ സ്ഥാനം

സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ പ്രതീക്ഷിക്കാം.

Similar News