സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗിനുള്ള തടസങ്ങൾ നീക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി ഫണ്ടിംഗിന്റെ കുറവാണെന്ന വസ്തുത മനസിലാക്കിയാണ് ഈ നീക്കം.
ഏഞ്ചൽ നിക്ഷേപകർ, നിർദിഷ്ട ലിസ്റ്റഡ് കമ്പനികൾ, സ്റ്റാർട്ടപ്പ് സംരംഭകരുടെ ബന്ധുക്കൾ, 'അക്രെഡിറ്റഡ് ഇൻവെസ്റ്റർമാർ' എന്നിവർക്ക് നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നികുതി ഇളവുകൾക്കുള്ള നിലവിലെ നിക്ഷേപ പരിധി 10 കോടിയിൽ നിന്ന് 50 കോടി രൂപയാക്കി ഉയർത്തും.
പ്രത്യക്ഷ നികുതി ബോർഡും (CBDT) ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ടറി ആൻഡ് ഇന്റെർണൽ ട്രേഡും (DPIIT) ഇതുസംബന്ധിച്ച ചർച്ചയിലാണ്.
ഐറ്റി നിയമം സെക്ഷൻ 56 പ്രകാരം നിരവധി സ്റ്റാർട്ടപ്പുകൾക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് സംരംഭകർ സർക്കാരിനെ സമീപിച്ചിരുന്നു. കമ്പനിയുടെ വിപണി മൂല്യത്തിലും അധികം തുക ഫണ്ടിംഗ് നേടിയ സ്റ്റാർട്ടപ്പുകൾക്ക് 30 ശതമാനം നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് സെക്ഷൻ 56.
നിക്ഷേപ പരിധി ഉയർത്തുന്നതു കൂടാതെ, മറ്റു ചില ഇളവുകളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. നിക്ഷേപകർക്ക് 10 വർഷക്കാലത്തേക്ക് ടാക്സ് ഡിഡക്ഷൻ അനുവദിക്കുന്നതാണ് അതിലൊന്ന്. നിലവിൽ ഏഴ് വർഷത്തേക്കാണ് ഡിഡക്ഷൻ അനുവദിക്കുന്നത്.
നിലവിൽ സ്റ്റാർട്ടപ്പുകൾക്ക് ഏഴു വർഷക്കാലയളവിനുള്ളിലെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ടാക്സ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ കമ്പനി ലാഭത്തിലാകാൻ ഈ സമയം അപര്യാപ്‌തമാണെന്നാണ് സംരംഭകരുടെ വാദം.
ഷെൽ കമ്പനികളുമായി സ്റ്റാർട്ടപ്പുകളെ വേർതിരിക്കാൻ ഒരു ഇൻവെസ്റ്റ്മെന്റ് ഡിക്ലറേഷൻ വേണമെന്ന നിർദേശം DPIIT മുന്നോട്ടു വെച്ചിട്ടുണ്ട്. അത്തരം ഒരു ഡിക്ലറേഷൻ ഉണ്ടെങ്കിൽ ആദായ നികുതി വകുപ്പിന് ഈ കമ്പനികളിലേക്കെത്തുന്ന നിക്ഷേപങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തേണ്ടി വരില്ല.
ഇത്തരം 'ഗ്രീൻ ചാനൽ' ആനുകൂല്യം ലഭിക്കണമെങ്കിൽ സ്റ്റാർട്ടപ്പുകൾ റിയൽ എസ്റ്റേറ്റ്, ആഡംബര കാർ, സ്വർണം, മറ്റ് ആഭരണങ്ങൾ, ലിസ്റ്റഡോ അല്ലാത്തതോ ആയ സെക്യൂരിറ്റികൾ, ആർട്സ്, നാണയങ്ങൾ എന്നിവ ഉണ്ടായിരിക്കുവാൻ പാടില്ല. മുൻവർഷത്തെ ഓഡിറ്റഡ് സാമ്പത്തിക കണക്കുകളും ടാക്സ് റിട്ടേണും സമർപ്പിക്കേണ്ടതായുണ്ട്.