ശക്തമായ പ്രതിഷേധത്തെ അവഗണിച്ച് പാസ്സാക്കിയെടുത്ത കാര്‍ഷികബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായി കഴിഞ്ഞിരിക്കുന്നു.
കോവിഡാനന്തര കാലത്ത് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് ലോകമെങ്ങും ഡിമാന്റ് കുറയുന്നു, ലാഭസാധ്യത മങ്ങുന്നു; അപ്പോള്‍ വന്‍ കമ്പനികള്‍ തങ്ങളുടെ കുതിപ്പിന്റെ വേഗം നിലനിര്‍ത്താന്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചേ തീരൂ എന്നു മനസ്സിലാക്കി. പക്ഷേ, കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി ഇടപെടാന്‍ നിയമത്തില്‍ മാറ്റം വേണം - കര്‍ഷകരുടെ ഉല്‍പ്പന്നം അവരില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വന്‍ കമ്പനികളെ വാങ്ങാന്‍ അനുവദിക്കുന്ന 'കരാര്‍ കൃഷി നിയമം' ആവശ്യമാണ്.
രണ്ടാമതായി, മാര്‍ക്കറ്റ് കമ്മറ്റികള്‍ നടത്തുന്ന മണ്ഡികളില്‍ മാത്രമേ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യുന്ന എ പി എം സി നിയമം റദ്ദ് ചെയ്യണം. മൂന്നാമത്, വന്‍ കമ്പനികള്‍ ഭക്ഷ്യധാന്യങ്ങളും മറ്റും വന്‍തോതില്‍ വാങ്ങി സംഭരിക്കുമ്പോള്‍ അവശ്യവസ്തു നിയന്ത്രണ നിയമം നിഷ്‌കര്‍ഷിക്കുന്ന സ്റ്റോക്ക് പരിധികള്‍ പ്രതിബന്ധമായിത്തീരും. അപ്പോള്‍ അവശ്യവസ്തു നിയന്ത്രണ നിയമത്തില്‍ സ്റ്റോക്ക് പരിധികള്‍ നീക്കം ചെയ്യാനുള്ള നിയമം പ്രസക്തമാകുന്നു.
ഈ മൂന്ന് ബില്ലുകളും പാസ്സാക്കി നിയമമായിക്കഴിഞ്ഞതോടെ, നെല്ലും ഗോതമ്പും പയറും പരിപ്പുവകകളും ഉള്ളിയും എണ്ണക്കുരുക്കളും താങ്ങുവില സംരക്ഷണമുള്ള മറ്റു വിളകളും കൃഷിചെയ്യുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധം ഇരമ്പുന്നു.
വിളവെടുപ്പ് കാലത്ത് മിക്ക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വിലയിടിവ് ഉണ്ടാകും. ഈ തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നെഹ്റുവിന്റെ കാലത്ത് നടപ്പിലാക്കിയ മറുമരുന്നായിരുന്നു, തറവില പ്രഖ്യാപനവും ഉല്‍പ്പന്ന സംഭരണവും. ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില സംഭരണം തുടര്‍ച്ചയായി നടന്നതുകൊണ്ടു മാത്രമാണ്, ഒരു വന്‍ ധാന്യശേഖരമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞത്. അതുപോലെ, കുറഞ്ഞപക്ഷ വില സ്ഥിരമായി നിലനിര്‍ത്താന്‍ സാധിച്ചതുകൊണ്ടാണ്, കര്‍ഷകര്‍ ആത്മവിശ്വാസത്തോടെ പണിയെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദനം 325 മില്ല്യന്‍ ടണ്‍ കടന്നതും, നാം ഒരു വലിയ ഭക്ഷ്യധാന്യ കയറ്റുമതി രാജ്യമായിത്തീര്‍ന്നതും. കര്‍ഷകരുടെ ആശങ്ക മനസ്സിലാക്കി. താങ്ങുവില സംഭരണത്തിന് നിയമ പരിരക്ഷ നല്‍കി, കാര്‍ഷിക മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകട്ടെ.
കേരളത്തിനു മുന്നില്‍ സാധ്യതകളേറെ
വടക്കേ ഇന്ത്യയിലെ സ്ഥിതിയല്ല, കേരളത്തില്‍. ഇവിടെ താങ്ങുവില സമ്പ്രദായം പതിവായി നടക്കുന്നത് നെല്ലിന്റെ കാര്യത്തില്‍ മാത്രമാണ്. ഇപ്പോള്‍ത്തന്നെ, വളരെയധികം കുറഞ്ഞുപോയിരിക്കുന്ന നെല്‍കൃഷി വിസ്തൃതി നിലനിര്‍
ത്താന്‍ താങ്ങുവില സംഭരണം അവശ്യം. കേരളത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണും സമൃദ്ധമായ മഴയും 365 ദിവസവും ലഭിക്കുന്ന 12 മണിക്കൂര്‍ സൂര്യപ്രകാശവും കൂടി വൈവിധ്യപൂര്‍ണമായ നിരവധി ഉല്‍പ്പന്നങ്ങള്‍ കൃഷിചെയ്തുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നു.
ഇന്ന് നാം കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല്, നാളികേരം, കപ്പ, കൊക്കോ, കശുവണ്ടി, കിഴങ്ങുവര്‍ഗങ്ങള്‍ കുരുമുളക്, മഞ്ഞള്‍, പൈനാപ്പിള്‍, മാവ്, പ്ലാവ്, റംബൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍, ഇവയെല്ലാം വെറും കാര്‍ഷിക ഉല്‍പ്പന്നങ്ങളായി നാം വിപണനം ചെയ്യുന്നു. കൃഷിക്കാര്‍ക്ക് പലപ്പോഴും നഷ്ടം മാത്രം. സുരക്ഷിതമായി സംഭരിച്ച് വയ്ക്കാനുള്ള ശീതീകരിച്ച വെയര്‍ഹൗസുകളില്ല; മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള സംസ്‌കരണ ഫാക്ടറികളുമില്ല. ഉല്‍പ്പന്നത്തിന്റെ ഒരു നല്ല ഭാഗം നശിച്ചുപോകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനികള്‍ സ്ഥാപിച്ച് ശീതസംഭരണികളും സംസ്‌കരണ ഫാക്ടറികളും നബാര്‍ഡിന്റെ സഹായത്തോടെ സ്ഥാപിക്കാം.
ഉദാഹരണമായി നമുക്ക് പൈനാപ്പിള്‍ കൃഷിയുടെ കാര്യമെടുക്കാം. കേരളത്തില്‍ വന്‍തോതില്‍ പൈനാപ്പിളിന്റെ ഉല്‍പ്പാദനം നടക്കുന്നു. പക്ഷേ വിളവെടുപ്പിന്റെ സമയത്ത് വിലയിടിയുന്നു, ഓരോ കൊല്ലത്തിലും. ഉല്‍പ്പന്നത്തിന്റെ 40 ശതമാനം നഷ്ടപ്പെടുന്നു. (ശീതീകരിച്ച ലോറികളുടെയും, സംഭരണികളുടെയും സംസ്‌കരണ സംവിധാനങ്ങളുടെയും അഭാവം കാരണം). മൂവാറ്റുപുഴ, നടുക്കരയില്‍ ഒരു സര്‍ക്കാര്‍ ഫാക്ടറിയുണ്ട്. മിക്കപ്പോഴും അത് നിശ്ചലം. ഒന്നുകില്‍ യന്ത്രത്തകരാറ്; അല്ലെങ്കില്‍ തൊഴില്‍ത്തകരാറ്!
പൈനാപ്പിള്‍ മേഖലയില്‍ നമുക്ക് പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി നേട്ടം കൈവരിക്കാന്‍ എന്തു ചെയ്യാം? മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ടെക്നോളജി കണ്ടെത്താന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കഴിയും. വടക്കേ ഇന്ത്യയിലും വിദേശത്തും നമ്മുടെ മൂല്യവര്‍ധിത പൈനാപ്പള്‍ പ്രോഡക്ടുകള്‍ക്ക് വിപണി കണ്ടെത്താനും അവര്‍ക്ക് കഴിയും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ അനുയോജ്യമായ തരം പൈനാപ്പിള്‍ വേണം നാം കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കേണ്ടത്. ഇതിന് അനുയോജ്യമായ വിത്തുകളും, നടീല്‍ വസ്തുക്കളും അവരുടെ സഹായത്തോടെ തിരഞ്ഞെടുക്കാം. പക്ഷേ, ഇതെല്ലാം സാധിക്കാന്‍ കര്‍ഷകര്‍ വ്യക്തിപരമായി വലിയ കമ്പനികളെ സമീപിച്ച് കരാറുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇരൂകൂട്ടര്‍ക്കും - കര്‍ഷകനും കോര്‍പ്പറേറ്റുകള്‍ക്കും - സഹായകരമാകാന്‍ പോകുന്നില്ല.
ഉല്‍പ്പാദകസംഘങ്ങള്‍ വരട്ടെ
കര്‍ഷകരുടെ കൂട്ടായ്മകള്‍ വേണം ഇത്തരം സംരംഭങ്ങളുടെ മുന്‍നിരയില്‍, ഓരോ പഞ്ചായത്തിലും ഒരു ഗ്രാമതല പൈനാപ്പിള്‍ ഉല്‍പ്പാദകസംഘം രൂപീകരിക്കട്ടെ. ആ പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ പൈനാപ്പിള്‍ കര്‍ഷകരെയും സംഘത്തില്‍ അംഗങ്ങളാക്കുക. ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ വളരെ എളുപ്പത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഒട്ടുമില്ലാതെ ഈ പഞ്ചായത്തുതല ഉല്‍പ്പാദകസംഘം രജിസ്റ്റര്‍ ചെയ്യാം. ജനാധിപത്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യാം. ഇങ്ങനെ സമീപസ്ഥമായ നാലഞ്ച് പഞ്ചായത്തുതല പൈനാപ്പിള്‍ ഉല്‍പ്പാദക സംഘങ്ങള്‍ ഒന്നിച്ച് ഒരു പൈനാപ്പിള്‍ പ്രൊഡ്യൂസേഴ്സ് കമ്പനി സ്ഥാപിക്കണം. ആദ്യഘട്ടത്തില്‍ ഓരോ പൈനാപ്പിള്‍ ഉല്‍പ്പാദക സംഘവും വിളവെടുപ്പ് സമയത്ത് ഉല്‍പ്പന്ന സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉല്‍പ്പന്നം സംഭരിക്കണം. പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ വടക്കേ ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ വിപണനം നടത്തണം. ഇതിനായി പ്രൊഡ്യൂസര്‍ കമ്പനി, കോര്‍പ്പറേറ്റ് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിക്കാം.
അതോടൊപ്പം, സംസ്‌കരണ ഫാക്ടറിയും സ്ഥാപിക്കണം. വിപണന സാധ്യതയുള്ള ഉല്‍പ്പന്നം തിരഞ്ഞെടുക്കാനും സാങ്കേതികവിദ്യ കണ്ടെത്താനും കോര്‍പ്പറേറ്റ് സഹായം ഉപയോഗിക്കുക. അംഗങ്ങളായ ഉല്‍പ്പാദകസംഘങ്ങളുടെ മൂലധനം സമാഹരിച്ച് ഏപ്പക്സ് സംഘം പോലെ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസര്‍ കമ്പനി, നബാര്‍ഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുക. ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ പൈനാപ്പിള്‍ കര്‍ഷക സംഘക്കാര്‍ കൃത്യമായി മേല്‍പ്പറഞ്ഞ രീതിയില്‍ പഞ്ചായത്ത് തലത്തില്‍ അടിസ്ഥാനമിട്ട് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ പുതിയ കര്‍ഷക നിയമ വ്യവസ്ഥകളുപയോഗിച്ച് ഫലപ്രദമായ സേവനം അംഗങ്ങളായ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മിതിയിലൂടെ മാത്രമെ കര്‍ഷകന് ആദായകരമായ വില ഉറപ്പാക്കാന്‍ കഴിയൂ.
കൊക്കോ, മറ്റൊരു പ്രധാന ഉല്‍പ്പന്നമാണ്. വെറും കൊക്കോവായി വില്‍ക്കുന്നതിനു പകരം, ചോക്ലേറ്റ് നിര്‍മിച്ച് വില്‍ക്കണം. അതിന് ഫാക്ടറികള്‍ സ്ഥാപിക്കണം. പഞ്ചായത്ത് തലത്തില്‍ കൊക്കോ ഉല്‍പ്പാദകരുടെ സംഘങ്ങള്‍. ഏപ്പക്സ് സംഘം പോലെ പ്രൊഡ്യൂസര്‍ കമ്പനികള്‍, സാങ്കേതിക അറിവിന് യൂറോപ്യന്‍ ചോക്ലേറ്റ് കമ്പനികള്‍, വില്‍പ്പനയ്ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള കോര്‍പ്പറേറ്റുകള്‍. ചൂഷണത്തിനിരയാകാതെ കരാറുകള്‍ ചര്‍ച്ച ചെയ്ത് ഉറപ്പിക്കാന്‍ പ്രൊഫഷണല്‍ സഹായം നേടാനും പ്രൊഡ്യൂസര്‍ കമ്പനി തലത്തില്‍ ഏര്‍പ്പാട് ചെയ്യാന്‍ കഴിയും.
ചക്ക, മാങ്ങ, നേന്ത്രപ്പഴം, ഞാലിപ്പൂവന്‍, കിഴങ്ങുവര്‍ഗങ്ങള്‍, മറ്റു പഴവര്‍ഗങ്ങള്‍ ഇവയെല്ലാം ഉല്‍പ്പാദിപ്പിക്കുന്നവര്‍ ഈ സമീപനം സ്വീകരിച്ച് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ സഹായകരമായിരിക്കും.
തൊഴിലും സൃഷ്ടിക്കാം അടച്ചു പൂട്ടലും ഒഴിവാക്കാം
ഇക്കാര്യങ്ങളിലെല്ലാം കേരള സര്‍ക്കാരിന്റെ മുന്‍കൈ, അത്യാവശ്യം. കേരളത്തിന്റെ തോട്ടം മേഖല തകര്‍ച്ചയിലാണ്. വലിയ തോട്ടങ്ങളും ചെറുകിടക്കാരും ഒരുപോലെ അവശതയില്‍. തോട്ടവിളകളുടെ കൂട്ടത്തില്‍ തെങ്ങ്, എണ്ണപ്പന, മാവ്, പ്ലാവ്, ആഞ്ഞിലി, മലേഷ്യന്‍ പഴവര്‍ഗങ്ങള്‍ ഇവയെ എല്ലാം ഉടനേ ഉള്‍പ്പെടുത്തണം. ഇവയെല്ലാം, റബര്‍ പോലെ തന്നെ വൃക്ഷവിളകളാണ്. ഭൂസ്ഥിതിക്ക് (ഘമിറ ൗലെ ുമേേലൃി) മാറ്റമുണ്ടാക്കുന്നവയല്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകരം. നഷ്ടം കാരണം തോട്ടങ്ങള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനും തൊഴിലാളികളുടെ ജോലി നിലനിര്‍ത്താനും ഇത് അത്യാവശ്യം. ഇന്ന് പ്രത്യാശയില്ലാതെ കഴിയുന്ന ചെറുകിട റബര്‍ കര്‍ഷകരുടെ എട്ടും പത്തും ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള റബര്‍ തോട്ടങ്ങളും മറ്റും മുഴുവനായി ലാഭകരമായ കൃഷികള്‍ക്കായി മാറ്റിയെടുക്കാനും സാഹചര്യം ഒരുങ്ങട്ടെ!
കര്‍ഷകനെ ''സ്വതന്ത്ര''നാക്കാന്‍ നിയമം കൊണ്ടുവരുന്ന കേന്ദ്രത്തിനു മുന്‍പില്‍ സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുക്കേണ്ട കാര്യമില്ല. കേരളത്തില്‍ കര്‍ഷകരക്ഷ ഒരു യാഥാര്‍ത്ഥ്യമാക്കാനുള്ള മേല്‍പ്പറഞ്ഞ പദ്ധതികള്‍ - പഞ്ചായത്തുതലത്തില്‍ പൈനാപ്പിള്‍ ഉല്‍പ്പാദക സംഘങ്ങളും കൊക്കോ ഉല്‍പ്പാദക സംഘങ്ങളും പഴവര്‍ഗ ഉല്‍പ്പാദക സംഘങ്ങളും ബ്ലോക്ക് തലത്തില്‍ ഏപ്പക്സ് സംഘങ്ങള്‍ പോലെ പൈനാപ്പിള്‍ പ്രൊഡ്യൂസര്‍ കമ്പനിയും കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയും കുരുമുളക് പ്രൊഡ്യൂസര്‍ കമ്പനിയും ഉള്‍പ്പെടുന്ന ഈ പദ്ധതികള്‍ - സംസ്ഥാന കൃഷി വകുപ്പിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായി നടപ്പാക്കട്ടെ; കോര്‍പ്പറേറ്റുകള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ തൃപ്തി നല്‍കുന്ന കരാര്‍ കൃഷി സംവിധാനം നടപ്പാക്കി കാണിക്കട്ടെ!
(ഇന്‍ഫാം പ്രസിഡന്റും റബര്‍ ബോര്‍ഡ് മുന്‍ അദ്ധ്യക്ഷനുമാണ് ലേഖകന്‍)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine