ആമസോണ്‍ സെല്ലര്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

Update:2019-05-05 16:00 IST

ആമസോണിന്റെ വെബ്സൈറ്റില്‍ സെല്ലര്‍ സൈന്‍ അപ്പ് പേജില്‍ 'Register Now' എന്ന മഞ്ഞ ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ നടപടിയിലേക്കു കടക്കാം. ഇതിനായി നിങ്ങളുടെ ബിസിനസിന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടിവരും. അതെന്തൊക്കെയാണെന്നു നോക്കാം.

ബിസിനസിന്റെ പേര്

വ്യക്തിപരമായോ പ്രൊഫഷണല്‍ ആയോ രജിസ്റ്റര്‍ ചെയ്യാമെന്ന് മുന്‍ലക്കത്തില്‍ വിവരിച്ചു. നമ്മുടെ കമ്പനി രജിസ്ട്രേഷനും കമ്പനിയുടെ സ്വഭാവവും ആമസോണ്‍ സെല്ലിംഗില്‍ പ്രധാനമാണ്.

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (എല്‍.എല്‍.പി), വണ്‍ പേഴ്സണ്‍ കമ്പനി (ഒ.പി.സി), പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇവയില്‍ ഏതിലെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നതാണ് ഈ രംഗത്തുള്ളവര്‍ ശുപാര്‍ശ ചെയ്യുന്നത്. ലിമിറ്റഡ് ലയബിലിറ്റി സുരക്ഷ നല്‍കുന്നതിനാലും തുടങ്ങാന്‍ എളുപ്പമായതിനാലുമാണത്.

കൂടുതലറിയാം: ആമസോണില്‍ നിങ്ങളുടെ ഉല്‍പ്പന്നം എങ്ങനെ വില്‍ക്കാം?

ആമസോണ്‍ പോലുള്ള പോര്‍ട്ടലുകളില്‍ വില്‍പ്പന നടത്തുമ്പോള്‍ സ്വാഭാവികമായും പ്രൊമോട്ടര്‍ക്ക് ബാധ്യത കടന്നുവരാന്‍ സാധ്യതയുണ്ട്. അപ്പോഴുള്ള പ്രതിസന്ധി മറികടക്കാനും ലിമിറ്റഡ് ലയബിലിറ്റി സഹായകരമാവും. രജിസ്റ്റേര്‍ഡ് ബിസിനസിന്റെ പേരിലാണ് ആമസോണ്‍ സെല്ലറായി രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ മുഴുവന്‍ വിവരങ്ങളും നല്‍കണം. അല്ലെങ്കില്‍ പ്രൊപ്രൈറ്ററുടെ പേരുവച്ചും ചെയ്യാം.

അഡ്രസും ഫോണ്‍ നമ്പറും

ബിസിനസ് രജിസ്റ്റര്‍ ചെയ്ത അഡ്രസും സ്ഥലവും അതാത് സ്ഥലത്ത് നല്‍കണം. വോയ്‌സ് കോള്‍, എസ്.എം.എസ് സംവിധാനമുള്ള മൊബീല്‍ നമ്പറും നല്‍കണം. വെരിഫിക്കേഷന്‍ സമയത്ത് ഈ നമ്പറാണ് ഉപയോഗിക്കുക. ജി.എസ്.ടി രജിസ്ട്രേഷന്‍ ജി.എസ്.ടിക്കു കീഴില്‍ വരാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ജി.എസ്.ടി നമ്പര്‍ നല്‍കണമെന്നില്ല. എന്നാല്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഇതാവശ്യമായി വരും. ആമസോണിലും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ജി.എസ്.ടി.എന്‍ നമ്പര്‍ ആവശ്യമാണ്.

ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍

ബാങ്ക് എക്കൗണ്ട് ഉടമയുടെ പേര്, ബാങ്ക് എക്കൗണ്ട് നമ്പര്‍, ബാങ്ക് ഐ.എഫ്.എസ്.സി കോഡ്, എക്കൗണ്ട് ടൈപ്പ് എന്നീ വിവരങ്ങളാണ് ആമസോണ്‍ സെല്ലറായി രജിസ്റ്റര്‍ ചെയ്യാന്‍ ബാങ്കില്‍ നിന്ന് ആവശ്യം.

5 സ്റ്റെപ്പ് രജിസ്ട്രേഷന്‍

1. https://services.amazon.com/ ഈ ലിങ്കില്‍ കയറുക. താഴെ കൊടുത്ത ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇവിടെയെത്താം.

2. Start Selling എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് തുറന്നുവരുന്ന പാനലില്‍ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. ഒന്ന്, നമ്മളെപ്പറ്റിയുള്ള വിവരങ്ങള്‍. മൊബീല്‍ നമ്പര്‍ കൂടി നല്‍കി വെരിഫൈ ചെയ്താല്‍ അടുത്ത ഘട്ടത്തിലേക്കു കടക്കാം. മാര്‍ക്കറ്റ് പ്ലേസസ്, ബില്ലിംഗ്, സ്റ്റോര്‍, വെരിഫിക്കേഷന്‍ എന്നീ ഘട്ടങ്ങളാണ് പിന്നീട് ചെയ്യാനുള്ളത്. കൃത്യമായ വിവരങ്ങള്‍ വേണം ഇവിടെയെല്ലാം നല്‍കാന്‍. ഈ രംഗത്ത് പരിചയമുള്ളവരുടെ കണ്‍സള്‍ട്ടേഷന്‍ തേടുന്നതും നല്ലതാണ്.

Similar News